ലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കവേ മുൻ പ്രഗതിശീൽ സമാജ്‍വാദി പാർട്ടി (ലോഹ്യ) നേതാവ് ശിവകുമാർ ബെരിയ ബി.ജെ.പിയിൽ. സമാജ്‍വാദി പാർട്ടി മുൻ നേതാവായ ശിവകുമാർ മുലായം സിങ് യാദവിന്റെ അടുത്ത അനുയായിയാണ്. എസ്.പി സർക്കാറിന് കീഴിൽ മന്ത്രിയായിരുന്നു അദ്ദേഹം.
എസ്.പി നേതാവ് രമേശ് മിശ്ര ബി.ജെ.പിയിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് ശിവകുമാറും ബി.ജെ.പിയിലെത്തിയത്. എസ്.പി ലെജിസ്ലേറ്റീവ് കൗൺസൽ അംഗമായിരുന്നു രമേശ് മിശ്ര. ഖനന അഴിമതിയിൽ രമേശ് മിശ്രക്കെതിരായ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബി.ജെ.പിയിലെത്തിയത്. മുൻ എസ്.പി സർക്കാറിന്റെ കാലത്തെ അഴിമതി കേസിൽ മുൻ മന്ത്രി ഗായത്രി പ്രസാദ് പ്രജാപതി ജയിലിലാണ്.
ജനുവരി 13ന് ധൗരഹ്ര മണ്ഡലത്തിലെ എം.എൽ.എയായ ബാല പ്രസാദ് അവാസ്തി ബി.ജെ.പി വിട്ട് എസ്.പിയിലെത്തിയിരുന്നു. എന്നാൽ ദിവസങ്ങൾക്കകം ഇവർ എസ്.പി വിട്ട് തിരികെ ബി.ജെ.പിയിലെത്തുകയും ചെയ്തിരുന്നു.
മുലായം സിങ് യാദവിന്റെ മരുമകൾ അപർണ യാദവ് ബി.ജെ.പിയിൽ ചേർന്നത് യു.പിയിൽ വലിയ ചർച്ചാവിഷയമായതിന് പിന്നാലെയാണ് എസ്.പി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എസ്.പി ടിക്കറ്റിൽ മത്സരിച്ചയാളാണ് അപർണ യാദവ്. എന്നാൽ ബി.ജെ.പിയുടെ റീത്ത ബഹുഗുണ ജോഷിയോട് ഇവർ പരാജയപ്പെടുകയായിരുന്നു. ഇതിനുപിന്നാലെ മുൻ എം.എൽ.എയും മുലായത്തിന്റെ അടുത്ത ബന്ധുവുമായ പ്രമോദ് ഗുപ്ത ബി.ജെ.പിയിലെത്തിയിരുന്നു.
ഫെബ്രുവരി 10 മുതൽ മാർച്ച് ഏഴുവരെ ഏഴുഘട്ടമായാണ് യു.പി തെരഞ്ഞെടുപ്പ്. മാർച്ച് 10ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.