യു.പിയിൽ ഒരേ മണ്ഡലത്തിൽനിന്ന് മത്സരിപ്പിക്കണമെന്ന് ഭാര്യയും ഭർത്താവും; സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ ബി.ജെ.പി

ലഖ്നോ: തെരഞ്ഞെടുപ്പിൽ ഒരേ മണ്ഡലം ആവശ്യപ്പെട്ട് നേതാക്കൾ രംഗത്തിറങ്ങുന്നത് പതിവാണ്. എന്നാൽ, ഉത്തർപ്രദേശ് ബി.ജെ.പിയിൽ മത്സരിക്കാൻ ഒരേ മണ്ഡലം ഉന്നയിച്ചെത്തിയ രണ്ടുപേരാണ് ഇ​പ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. ഭാര്യയും ഭർത്താവുമാണ് ഒരേ മണ്ഡലത്തിൽ മത്സരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നതെന്നതാണ് പ്രത്യേകത.

സരോജിനി നഗർ സീറ്റിന് ​വേണ്ടിയാണ് ഇരുവരുടെയും തർക്കം. യു.പി മന്ത്രിയും സിറ്റിങ് എം.എൽ.എയുമായ സ്വാതി സിങ്ങും ഭർത്താവ് ദയാശങ്കർ സിങ്ങുമാണ് തർക്കവുമായി രംഗത്തെത്തിയത്. തർക്കത്തെ തുടർന്ന് മണ്ഡലത്തിൽ ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

ബി.എസ്.പി നേതാവ് മായാവതിയെ അധിക്ഷേപിച്ചതിന് പാർട്ടിയിൽനിന്ന് പുറത്താക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്ത വ്യക്തിയാണ് ദയാശങ്കർ. ബലിയയിൽനിന്നുള്ള പ്രമുഖ നേതാവായ ദയാശങ്കർ 2016 ജൂലൈയിൽ പാർട്ടിയിൽനിന്ന് പുറത്താക്കുന്നതിന് മുമ്പ് പാർട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു.

'കഴിഞ്ഞതവണ ഭാര്യക്ക് മത്സരിക്കാൻ അവസരം നൽകി. ഇത്തവണ ഞാൻ തന്നെ മത്സരിക്കും. ഞാൻ ഒരു പാർട്ടി പ്രവർത്തകനാണ്. അ​വർ എന്നോട് ആവശ്യപ്പെടുന്നത് ചെയ്യും' -ദയാശങ്കർ പറഞ്ഞു.

അതേസമയം, ഈ തെരഞ്ഞെടുപ്പിലും സരോജിനി നഗറിൽനിന്ന് താൻ മത്സരിക്കുമെന്ന് ചൂണ്ടിക്കാട്ടി സ്വാതി സിങ്ങും രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കിയ പോസ്റ്ററുകളും പരസ്യബോർഡുകളും മന്ത്രിയുടെ വസതിയിൽ നിറഞ്ഞുകഴിഞ്ഞു.

ബി.​ജെ.പിയുടെ വനിത വിഭാഗത്തിന്റെ നേതാവാണ് സ്വാതി സിങ്. മായാവതിക്കെതിരായ ഭർത്താവിന്റെ പരാമ​ർശത്തിന്റെ പേരിൽ മകൾക്കെതിരെ മുദ്രാവാക്യം വിളിച്ച ബി.എസ്.പി​ നേതാക്കൾക്കെതിരെ നടത്തിയ കാമ്പയിനാണ് സ്വാതിയെ പ്രശസ്തയാക്കിയത്. തുടർന്ന് സരോജിനി നഗറിൽ കഴിഞ്ഞതവണ ബി.ജെ.പി സ്വാതി സിങ്ങിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

ജനങ്ങൾക്ക് ആരെ മത്സരിപ്പിക്കണമെന്നാണോ ആവശ്യം അവരെ തെരഞ്ഞെടുപ്പിൽ സരോജിനി നഗർ മണ്ഡലത്തിൽനിന്ന് മത്സരിപ്പിക്കുമെന്ന് ബി.ജെ.പി വക്താവ് രാകേഷ് ത്രിപാദി പറഞ്ഞു. കുടുംബവഴക്കിനെ തുടർന്ന് സ്വാതിയും ദയാശങ്കറും രണ്ടിടങ്ങളിലായാണ് താമസം. 

Tags:    
News Summary - Husband and Wife Seek To Contest From Same Seat In UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.