ലഖ്നോ: ഉത്തർപ്രദേശ് ലഖ്നോവിലെ കോൺഗ്രസ് ഓഫിസിൽവെച്ച് ജെ.എൻ.യു മുൻ വിദ്യാർഥി നേതാവും കോൺഗ്രസ് നേതാവുമായ കനയ്യകുമാറിന് നേരെ മഷി എറിഞ്ഞതായി പരാതി. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് കനയ്യകുമാർ ലഖ്നോവിലെത്തിയത്.
അതേസമയം കനയ്യ കുമാറിന് നേരെ എറിഞ്ഞത് മഷി അല്ലെന്നും ആസിഡാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. 'കനയ്യ കുമാറിന് നേരെ ആസിഡ് എറിയാൻ അക്രമി ശ്രമിച്ചു, എന്നാൽ പരാജയപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ സമീപത്തുനിന്ന മൂന്നാലുപേരുടെ ദേഹത്ത് അവ വീണു' -പാർട്ടി നേതാവ് പറഞ്ഞു.
സംഭവത്തിന് ശേഷം പാർട്ടി പ്രവർത്തകർ തന്നെ ഇയാളെ പിടികൂടി. എന്നാൽ മഷി എറിഞ്ഞയാളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ലഖ്നോവിനെ കോൺഗ്രസ് സ്ഥാനാർഥിക്കായി വോട്ടർഭ്യർഥിക്കാൻ എത്തിയതായിരുന്നു കനയ്യ. വീടുവീടാന്തരം കയറിയാണ് പ്രചാരണം.
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയുടെ നേതൃത്വത്തിൽ നേരിടുന്ന യു.പി തെരഞ്ഞെടുപ്പിൽ പാർട്ടി വലിയ വിജയം നേടുമെന്ന് കനയ്യ പറഞ്ഞു. 'ഹാഥറസ്, ലഖിംപൂർ ഖേരി സംഭവങ്ങളിൽ കോൺഗ്രസ് പാർട്ടി നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയിരുന്നു. രാജ്യം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിന് പകരം ചിലർ രാജ്യത്തെ വിറ്റുകൊണ്ടിരിക്കുന്നു. അത്തരക്കാരിൽനിന്ന് ജനങ്ങളെ രക്ഷിക്കുകയാണ് രാജ്യം കെട്ടിപ്പടുത്ത കോൺഗ്രസ്' -കനയ്യ പറഞ്ഞു.
2018ൽ ഗ്വാളിയോറിൽവെച്ച് ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനിയുടെയും കനയ്യയുടെയും ദേഹത്ത് മഷി എറിഞ്ഞിരുന്നു. ഗ്വാളിയാറിൽ ഒരു സെമിനാറിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.