ലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗോരഖ്പുരിൽ മത്സരിക്കാൻ തയാറാണെന്ന് ഡോ. കഫീൽ ഖാൻ. ഏതെങ്കിലും രാഷ്ട്രീയ പാർട്ടി പിന്തുണച്ചാൽ മത്സരിക്കുമെന്നും ചില പാർട്ടികളുമായി ചർച്ചകൾ നടന്നുവരുകയാണെന്നും കഫീൽ ഖാൻ വാർത്ത ഏജൻസിയോട് പറഞ്ഞു.
2017ൽ ബി.ആർ.ഡി മെഡിക്കൽ കോളജിൽ 60ലേറെ കുഞ്ഞുങ്ങൾ മരിച്ചത് ഓക്സിജൻ ക്ഷാമത്തെ തുടർന്നാണെന്ന് വെളിപ്പെടുത്തിയതോടെയാണ് കുട്ടികളുടെ ചികിത്സ വിദഗ്ധനായ കഫീൽ ഖാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കണ്ണിലെ കരടായത്. സംഭവം സർക്കാറിന് നാണക്കേടായതോടെ മുഖ്യമന്ത്രി നേരിട്ടിടപെട്ട് കഫീലിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. തുടർന്ന് ഇക്കഴിഞ്ഞ നവംബർ എട്ടിന് അദ്ദേഹത്തെ പിരിച്ചുവിട്ടു. എന്നാൽ, തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും പിരിച്ചുവിട്ട നടപടിക്കെതിരെ ഹൈകോടതിയിൽ ഹരജി നൽകിയിട്ടുണ്ടെന്നും കഫീൽ ഖാൻ വ്യക്തമാക്കി.
താൻ വീട്ടിൽ ഇല്ലെന്നറിഞ്ഞിട്ടും അന്വേഷണത്തിന്റെ പേരിൽ പൊലീസ് വൃദ്ധയായ മാതാവിനെ മാനസികമായി പീഡിപ്പിക്കുകയാണ്. ഫേസ്ബുക്, ട്വിറ്റർ പോലുള്ള സമൂഹ മാധ്യമങ്ങളിൽ താൻ സജീവമാണ്. ഇതുവഴി താൻ എവിടെയാണെന്ന് പൊലീസിന് കൃത്യമായി അറിയാനാകും. അടുത്തിടെ പുറത്തിറക്കിയ 'ഗോരഖ്പുർ ദുരന്തം: മെഡിക്കൽ രംഗത്തെ പ്രതിസന്ധിയിൽ ഒരു ഡോക്ടറുടെ ഓർമക്കുറിപ്പ് എന്ന പുസ്തകത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദ്, ബംഗളൂരു എന്നീ നഗരങ്ങളിലേക്ക് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.