ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ അവസാനഘട്ട വോട്ടെടുപ്പ് പ്രചാരണം ശനിയാഴ്ച സമാപിക്കാനിരിക്കെ, വാരാണസിയിൽ പ്രമുഖ നേതാക്കളുടെ മെഗാ ഷോ. പ്രധാനമന്ത്രി നരേന്ദ്രമോദി, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാണ് കളത്തിലിറങ്ങിയത്. കാശി ക്ഷേത്ര ദർശനം, റോഡ് ഷോ, പൊതുസമ്മേളനം എന്നിവയായിരുന്നു നേതാക്കളുടെ പരിപാടി. തിങ്കളാഴ്ചയാണ് വാരാണസി അടക്കം ഒമ്പതു ജില്ലകളിലെ 54 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭ മണ്ഡലമാണ് വാരാണസിയെങ്കിലും അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന മേഖലകളിൽ ബി.ജെ.പിക്ക് കുത്തക അവകാശപ്പെടാനാവില്ല. എന്നു മാത്രമല്ല അസംഗഡ്, മിർസാപുർ മേഖലകൾ കൂടി ഉൾപ്പെടുന്ന ഈ ഘട്ടത്തിൽ സമാജ്‍വാദി പാർട്ടിക്കും ബി.എസ്.പിക്കും നല്ല സ്വാധീനമുണ്ട്. ബി.ജെ.പിയുടെയും സമാജ്‍വാദി പാർട്ടിയുടെയും സഖ്യകക്ഷികളുടെ പ്രകടനവും പ്രധാനമാണ്.
2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 54ൽ 29 സീറ്റും പിടിച്ചത് ബി.ജെ.പിയാണ്. സഖ്യകക്ഷികൾ ഏഴു സീറ്റ് പിടിച്ചു. സമാജ്‍വാദി പാർട്ടിക്ക് 11ഉം ബി.എസ്.പിക്ക് ആറും സീറ്റ് കിട്ടി. 2012ൽ ഇതായിരുന്നില്ല അവസ്ഥ. ബി.എസ്.പിക്ക് ആകെ കിട്ടിയത് നാലു സീറ്റാണ്. സമാജ്‍വാദി പാർട്ടി 34ഉം ബി.എസ്.പി ഏഴും സീറ്റ് നേടിയപ്പോൾ കോൺഗ്രസ് മൂന്നും ചെറുപാർട്ടികൾ അഞ്ചും സീറ്റുകളിൽ ജയിച്ചു. 2017ൽ സഖ്യകക്ഷികൾ ബി.ജെ.പിയുടെ മുന്നേറ്റത്തിൽ വലിയ ഘടകമായിരുന്നു. അപ്നദൾ നാലും സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി മൂന്നും സീറ്റ് നേടി. എന്നാൽ യോഗി മന്ത്രിസഭയിൽ അംഗമായിരുന്ന ഓംപ്രകാശ് രാജ്ഭർ ബി.ജെ.പി പാളയം വിട്ട് സമാജ്‍വാദി പാർട്ടിക്കൊപ്പമാണ് ഇപ്പോൾ. അപ്നദൾ പിളർന്ന് ഒരു വിഭാഗം സമാജ്‍വാദി പാർട്ടി നയിക്കുന്ന സഖ്യത്തിലെത്തി. കുർമി, രാജ്ഭർ തുടങ്ങിയ പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ശക്തമായ സ്വാധീനം ഓംപ്രകാശ് രാജ്ഭറിനുണ്ട്. അദ്ദേഹത്തിന്റെ പാർട്ടി മത്സരിക്കുന്ന 17ൽ എട്ടു സീറ്റിലും തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. മുസ്‍ലിം സ്വാധീന മേഖലയായ അഅ്സംഗഢാകട്ടെ, സമാജ്‍വാദി പാർട്ടിയുടെ കോട്ടയാണ്. 2017ലെ തെരഞ്ഞെടുപ്പിൽ അഅ്സംഗഢിലെ 10ൽ അഞ്ചു സീറ്റും സമാജ്‍വാദി പാർട്ടി പിടിച്ചു. ബി.എസ്.പിക്ക് നാലു സീറ്റ് കിട്ടി. ബി.ജെ.പിക്ക് ഒറ്റ സീറ്റിൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. 2012ലാകട്ടെ, സീറ്റൊന്നും കിട്ടിയില്ല. ഒമ്പതു സീറ്റും പിടിച്ചത് സമാജ്‍വാദി പാർട്ടി. ബി.എസ്.പിക്ക് ഒരു സീറ്റ്. അസദുദ്ദീൻ ഉവൈസി നയിക്കുന്ന എ.ഐ.എം.ഐ.എമ്മിന്റെ സ്വാധീനം ചില മണ്ഡലങ്ങളിൽ പ്രതിഫലിക്കും.
യോഗി സർക്കാർ നേരിടുന്ന ഭരണവിരുദ്ധ വികാരം കൂടിയാകുമ്പോൾ, ഏഴാം ഘട്ടത്തിൽ ബി.ജെ.പിയെ കാത്തിരിക്കുന്നത് ശക്തമായ തിരിച്ചടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. യോഗിയുടെ ഭരണപാളിച്ചകളെ മോദിയുടെ ഇമേജ് കൊണ്ട് മറികടക്കാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. വാരാണസിയിൽ കാശി വിശ്വനാഥ ക്ഷേത്ര വികസന പദ്ധതി മുതൽകൂട്ടാവുമെന്ന് പ്രതീക്ഷിക്കുമ്പോൾ തന്നെ, അതുമായി ബന്ധപ്പെട്ട എതിർപ്പുകളും ബി.ജെ.പി നേരിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.