ലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഒമ്പതു ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 624 സ്ഥാനാർഥികളാണ് നാലാം ഘട്ടത്തിൽ ജനവിധി തേടുന്നത്. 2017ലെ തെരഞ്ഞെടുപ്പിൽ 51ലും ജയിച്ചത് ബി.ജെ.പിയാണ്.
ഭരണസിരാകേന്ദ്രമായ ലഖ്നോ, കർഷക രോഷത്തിന്റെ അടയാളമായി മാറിയ ലഖിംപുർ ഖേരി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന റായ്ബറേലി, ബി.ജെ.പിയോട് ഇടഞ്ഞു നിൽക്കുന്ന മേനക ഗാന്ധിയുടെയും മകൻ വരുൺ ഗാന്ധിയുടെയും തട്ടകമായ പിലിഭിത്, സമാജ്വാദി പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ഉന്നാവ്, സിതാപൂർ, ഹർദോയ്, ബന്ദ, ഫത്തേഹ് പൂർ അടക്കമുള്ള ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
രാമക്ഷേത്ര നിർമാണം നടക്കുന്ന അയോധ്യ, യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗോരഖ്പുർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭ മണ്ഡലമായ വാരാണസി ഉൾപ്പെടുന്ന മേഖലകളിലാണിത്. ബി.ജെ.പിക്ക് സീറ്റെണ്ണം കുറയുകയാണോ, അതല്ല തോൽവി ഏറ്റുവാങ്ങാനാണോ പോകുന്നത് എന്ന കാര്യത്തിൽ നാലാംഘട്ട വോട്ടെടുപ്പ് നിർണായകമാണ്.
നിയമസഭ തെരഞ്ഞെടുപ്പിന്റെ അഞ്ച്, ആറ്, ഏഴ് ഘട്ടങ്ങൾ ഫെബ്രുവരി 27, മാർച്ച് 3, മാർച്ച് 7 തീയതികളിൽ നടക്കും. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.