ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രചാരണത്തിനിടെ പരസ്പരം അഭിവാദ്യം ചെയ്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയും സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും. ബുലന്ദ്ഷഹറിലെ ഇരുപാർട്ടികളുടെയും പ്രചാരണത്തിനിടെയാണ് ഇരുനേതാക്കളും നേർക്കുനേരെത്തിയത്.
അഖിലേഷിനൊപ്പം ആർ.എൽ.ഡി നേതാവ് ജയന്ത് ചൗധരിയുമുണ്ടായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ എസ്.പി -ആൽ.എൽ.ഡി സഖ്യമാണ് മത്സരിക്കുന്നത്. തുറന്ന കാറിലായിരുന്ന പ്രിയങ്ക ഇരുവരെയും പ്രവർത്തകരെയും കൈവീശി അഭിവാദ്യം ചെയ്യുകയായിരുന്നു. ബസിന് മുകളിലായിരുന്ന അഖിലേഷും ജയന്ത് ചൗധരിയും പ്രിയങ്കയെ കൈകൂപ്പി അഭിവാദ്യം ചെയ്തു.
പ്രചാരണത്തിനിടെ പ്രിയങ്കയെ കണ്ടുമുട്ടിയ ചിത്രം അഖിലേഷ് ട്വിറ്ററിൽ പങ്കുവെച്ചു. എതിർ സഖ്യത്തിലെ നേതാക്കളെ കൈവീശി അഭിവാദ്യം ചെയ്യുന്ന വിഡിയോയാണ് പ്രിയങ്ക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചത്.
ഫെബ്രുവരി 10നാണ് യു.പിയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി.ജെ.പിക്കും വെല്ലുവിളി ഉയർത്തുന്ന പ്രധാന നേതാവാണ് അഖിലേഷ് യാദവ്. യു.പിയിൽ പാർട്ടിയുടെ നില മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് കോൺഗ്രസിന്റെ വിശ്വാസം. യു.പിയിൽ ഒറ്റക്കാണ് കോൺഗ്രസിന്റെ മത്സരം.
കഴിഞ്ഞ ഒക്ടോബറിൽ ഡൽഹിയിൽനിന്ന് ലഖ്നോവിലേക്കുള്ള യാത്രക്കിടെ അഖിലേഷും പ്രിയങ്കയും കണ്ടുമുട്ടിയിരുന്നു. ഇതിന്റെ ഫോട്ടോയും വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്നാൽ രാഷ്ട്രീയ കൂടിക്കാഴ്ചയല്ല, ആകസ്മികമാണെന്നായിരുന്നു ഇരു നേതാക്കളുടെയും പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.