ല​ഡ്കി ഹും, ​ല​ഡ് സ​ക്തി ഹും കോ​ൺ​ഗ്ര​സി​നെ ന​യി​ച്ച് പ്രി​യ​ങ്ക; പ​ക്ഷേ...

ലഖ്നോവിലെ നെഹ്റുഭവനെ ആളൊഴിഞ്ഞ പൂരപ്പറമ്പാക്കി സർവസന്നാഹവും അടുത്ത രണ്ട് വോട്ടെടുപ്പു ഘട്ടങ്ങളിലേക്ക് വിന്യസിച്ചിരിക്കുകയാണ് കോൺഗ്രസ്. ഇന്ദിരഗാന്ധിയുടെ അമ്മായി കൂടിയായ ഷീല കൗളിന്‍റെ പഴയ ബംഗ്ലാവിൽ താമസിച്ച് വേദികളിൽ നിന്ന് വേദികളിലേക്ക് പറക്കുകയാണ് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മുഖ്യമന്ത്രി സ്ഥാനാർഥിയോ സംസ്ഥാന നേതാവോ അല്ലെങ്കിലും ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ മുഖം പ്രിയങ്ക ഗാന്ധി തന്നെ. നെഹ്റു കുടുംബത്തിലെ 'ഇന്ദിരമുഖി'യെ തന്നെ മുന്നിൽ നിർത്തി കോൺഗ്രസ് ഒറ്റക്കു നടത്തുന്ന ഈ പോരാട്ടത്തിന്‍റെ നീക്കിബാക്കി എന്താവും? സീറ്റിന്‍റെ കാര്യമെടുത്താൽ നാലാം സ്ഥാനത്തിനപ്പുറമൊന്നും സംഭവിക്കാനില്ല. അതിനേക്കാൾ, അഭിമാനവും നഷ്ടപ്രതാപവും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിൽ പ്രിയങ്ക ഗാന്ധിക്ക് യു.പിയിലും ദേശീയ രാഷ്ട്രീയത്തിലും എന്തു ചെയ്യാൻ കഴിയുമെന്ന ക്രമപ്രശ്നത്തിന്‍റെ വോട്ടെടുപ്പു ഫലം കൂടിയാണ് ഈ മാസം 10ന് പുറത്തു വരുന്നത്.

നെഹ്റുഭവന്‍റെ പുൽത്തകിടിയിൽ അവിടവിടെയായി ചാരിവെച്ചിരിക്കുന്ന ബോർഡുകളിലെ മുദ്രാവാക്യം കോൺഗ്രസിനെക്കാൾ, പ്രിയങ്ക ഗാന്ധിയുടെ മുദ്രാവാക്യമാണ്: 'ലഡ്കി ഹും ലഡ് സക്തി ഹും'. 'ഞാനൊരു പെൺകുട്ടി; പോരാടു'മെന്ന ഈ മുദ്രാവാക്യം കോൺഗ്രസ് ഇക്കുറി മുന്നോട്ടു വെച്ചിരിക്കുന്നത് സ്ത്രീ ശാക്തീകരണം മുൻനിർത്തിയാണ്. അതിനു തെളിവായി 40 ശതമാനം സീറ്റുകൾ വനിതകൾക്ക് നീക്കി വെച്ചു. ഉന്നാവിൽ മാനഭംഗത്തിന് ഇരയായ പെൺകുട്ടിയുടെ മാതാവിനെ സ്ഥാനാർഥിയാക്കി. പഠിക്കുന്ന മിടുക്കികൾക്ക് സ്കൂട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇങ്ങനെ സ്ത്രീയുടെ അഭിമാനം ഉയർത്തിക്കാട്ടി സ്ത്രീ വോട്ട് സ്വാധീനിക്കുന്നതിലാണ് ഊന്നൽ. അതുകൊണ്ട് സ്ത്രീകളെല്ലാം കോൺഗ്രസിന് വോട്ടു ചെയ്യാൻ പോകുന്നുവെന്ന് അർഥമില്ല. എന്നാൽ സ്ത്രീകളെ ഇത്രമേൽ പരിഗണിച്ചുവെന്ന പാർട്ടിയുടെ നാളത്തെ അവകാശവാദത്തിന് അർഥമില്ലാതെയും വരില്ല.

പ്രമുഖ പ്രതിപക്ഷ പാർട്ടികൾ അവരവരുടെ ശക്തി ഒറ്റക്കൊറ്റക്ക് പരീക്ഷിക്കുന്ന യു.പി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 403ൽ 400 സീറ്റിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. അതിനൊത്ത ശക്തിയും സംഘടന ബലവും നേതാക്കളും കോൺഗ്രസിന് യു.പിയിൽ ഉണ്ടോയെന്ന ചോദ്യം ബാക്കി. എന്നാൽ പാർട്ടിയെ വീണ്ടെടുക്കുക എന്ന ഉത്തരവാദിത്തവുമായാണ് കോൺഗ്രസിന്‍റെയും പ്രിയങ്കയുടെയും നിൽപ്. അതുകൊണ്ടാണ് സമീപ വർഷങ്ങളിൽ യു.പി രാഷ്ട്രീയത്തിൽ പ്രിയങ്ക സജീവമായി ഇടപെട്ടു വന്നത്. ഡൽഹിയിലേക്കുള്ള വഴി ലഖ്നോവിലൂടെയാണെന്ന അടിസ്ഥാന രാഷ്ട്രീയം മുൻനിർത്തിയാണ് കോൺഗ്രസ് വീണ്ടെടുപ്പിന് ശ്രമിക്കുന്നത്. യു.പിയിലെ സ്വാധീനം വർധിപ്പിക്കാതെ കേന്ദ്രാധികാരം തിരിച്ചു പിടിക്കുക സാധ്യമല്ല. ഈ ചുമതലയാണ് പ്രിയങ്കയുടെ തോളിൽ.സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, അമ്മാവൻ ശിവ്പാൽ യാദവ് എന്നിവർ മത്സരിക്കുന്ന സീറ്റുകളിൽ എതിർ സ്ഥാനാർഥിയെ കോൺഗ്രസ് നിർത്തിയില്ല. അംറോഹ സദറിൽ സ്ഥാനാർഥിയാക്കിയ സലിംഖാൻ സമാജ് വാദി പാർട്ടിയിലേക്ക് പോവുക കൂടി ചെയ്തതോടെയാണ് മൂന്നിടത്ത് കോൺഗ്രസിന്‍റെ മത്സരം ഇല്ലാതെ പോയത്. കോൺഗ്രസ് സ്ഥാനാർഥികളുടെ കരുത്തിന്‍റെ കഥ അതിൽ തന്നെയുണ്ട്. 2012ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കിട്ടിയ 28 സീറ്റിൽ 21ഉം നഷ്ടപ്പെട്ട് ഏഴു സീറ്റിലേക്ക് ഒതുങ്ങിയ ദുരനുഭവമാണ് 2017ലെ മുന്നണി മത്സരത്തിൽ കോൺഗ്രസിനുണ്ടായത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ രാഹുൽ ഗാന്ധിയെ അമേത്തി കൈവിട്ടതടക്കം നഷ്ടം കൂടി. കോൺഗ്രസിന് ഇന്ന് യു.പിയിലുള്ള ഏക എം.പി സോണിയ ഗാന്ധിയാണ്. അവിടെ നിന്നുള്ള വീണ്ടെടുപ്പിന് ശ്രമിച്ച കോൺഗ്രസിനെ കൂടെ കൂട്ടുന്നതു നഷ്ടക്കച്ചവടമാണെന്നാണ് സമാജ് വാദി പാർട്ടി നിരീക്ഷിച്ചത്. ഇത്തരം ദുരനുഭവങ്ങൾക്കിടയിൽ, മാതാവിനെയും സഹോദരനെയും അവരവരുടെ മണ്ഡലങ്ങളിൽ സഹായിക്കുന്നതിനപ്പുറത്ത് രാഷ്ട്രീയ റോൾ ഇല്ലാതിരുന്ന പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പു കൂടിയാണ് യു.പിയിലേത്. ഇവിടത്തെ നേട്ടവും കോട്ടവും 2024ലെ തെരഞ്ഞെടുപ്പു കളത്തിൽ കോൺഗ്രസിന്‍റെ നേതൃസ്ഥാനം കൂടി നിർണയിക്കും.സ്ത്രീകൾക്ക് 40 ശതമാനം സീറ്റ് നീക്കിവെച്ച കഥ മാറ്റിനിർത്തി അകംപൊരുളിലേക്ക് ചെന്നാൽ, മുന്നാക്ക ജാതികളെ താങ്ങിയാണ് ഇന്നും കോൺഗ്രസിന്‍റെ നിൽപ്പെന്നു കാണാം. 400 സ്ഥാനാർഥികൾ 147 പേരും (37 ശതമാനം) മുന്നാക്ക വിഭാഗങ്ങളിൽപെട്ടവരാണ്. പിന്നാക്ക ജാതിയിൽപെട്ടവർ 21 ശതമാനം. പട്ടിക വിഭാഗക്കാർക്ക് 24 ശതമാനം. ഓരോ സിഖ്, ക്രൈസ്തവ സ്ഥാനാർഥികൾ അടക്കം ന്യൂനപക്ഷങ്ങൾക്ക് 76 സീറ്റ്, അഥവാ 19 ശതമാനം. മുന്നാക്ക ജാതികളിൽ തന്നെ ബ്രാഹ്മണരാണ് പകുതി.

ബാക്കിയുള്ളതിൽ 37 ശതമാനം യോഗി ആദിത്യനാഥ് അടങ്ങുന്ന താക്കൂർ വിഭാഗത്തിന്. എന്നാൽ ബി.ജെ.പിയും സമാജ് വാദി പാർട്ടിയും തമ്മിൽ തീവ്ര പോരാട്ടം നടക്കുന്ന തെരഞ്ഞെടുപ്പു ഗോദയിൽ വിവിധ ജാതി വിഭാഗങ്ങൾ കോൺഗ്രസ് നൽകിയ പരിഗണനയിൽ തൃപ്തരായി ആ പാർട്ടിയെ പിന്തുണക്കുമോയെന്നത് കണ്ടറിയേണ്ട കാര്യം.

Tags:    
News Summary - Priyanka Gandhi is leading the Congress in the UP elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.