ലഖ്നോ: ഏഴ് ഭാഗ്യനമ്പറാണെന്നും ഐശ്വര്യം കൊണ്ടുവരുമെന്നും കരുതുന്നവർ ഉത്തർപ്രദേശ് രാഷ്ട്രീയത്തിലേറെ. നിയമസഭ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമാക്കിയതാണ് ഈ ഭാഗ്യവിശ്വാസികൾക്ക് ആശ്വാസത്തിന് വക നൽകുന്നത്.
സപ്തർഷികൾ ഏഴുപേരെന്നും ശാസ്ത്രീയ സംഗീതത്തിന്റെ അടിസ്ഥാനം സപ്തസ്വരങ്ങളിലെന്നും മഴവില്ലിന് നിറം ഏഴെന്നും തുടങ്ങി ഏഴിനെ വിശ്വസിക്കുന്നവർക്ക് പലതുണ്ട് കാര്യം. ബി.ജെ.പി രാജ്യസഭ എം.പിയായ സഞ്ജയ് സേത്ത് ട്വീറ്റിൽ പറയുന്നത് ഏഴ് ഐശ്വര്യമെന്നാണ്. 2017ലെ നിയമസഭയിലും തുടർന്നുവന്ന ലോക്സഭയിലും യു.പിയിൽ വിജയിക്കാനായ ബി.ജെ.പിക്ക് ഏഴിന്റെ ഭാഗ്യം ഹാട്രിക് സമ്മാനിക്കുമെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. അന്നൊക്കെ ഏഴ് ഘട്ടങ്ങളിലായിരുന്നു വോട്ടെടുപ്പ്. സമാന പക്ഷക്കാരനാണ് യു.പിയിലെ ബി.ജെ.പി വക്താവ് മനീഷ് ശുക്ലയും.
യു.പിക്കാരുടെ മനസ്സിൽ സപ്തനിറ സ്വപ്നങ്ങൾ വിതച്ച ബി.ജെ.പി അതെല്ലാം തച്ചുടച്ചെന്നും ഇവരെ ഏഴാംകടലിൽ എറിയാൻ ജനം കാത്തിരിക്കുകയാണെന്നുമാണ് കോൺഗ്രസ് വക്താവ് അശോക്സിങ്ങിന്റെ പക്ഷം. കോൺഗ്രസ് ഏഴാംകടൽ നീന്തിക്കയറുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ആഴ്ചയിൽ ഏഴുദിവസവും നുണ പറയുന്നവരാണ് ബി.ജെ.പി നേതാക്കൾ. ഏഴ് കുതിരകളെ പൂട്ടിയ സൂര്യഭഗവാന്റെ തേരിൽനിന്ന് അവർക്കൊരു ഗുണപരമായൊരു ഊർജവും ഇതുവരെ പ്രസരിപ്പിക്കാനായില്ല. സപ്തർഷിമാർ ഇക്കുറി കോൺഗ്രസിനെ അനുഗ്രഹിക്കുമെന്നും വക്താവ് പറഞ്ഞു. കഴിഞ്ഞ തവണ 403 അംഗ നിയമസഭയിൽ ഏഴുപേരെ സഭയിലെത്തിക്കാനായത് ഭാഗ്യംകൊണ്ടുകൂടിയാകുമോ. അന്നത്തെ ഏഴിലെ നാലുപേരും പാർട്ടിയിൽനിന്ന് സസ്പെൻഷനിലാണെന്നതും കൗതുകം. ഏഴിന്റെ ഭാഗ്യം സമാജ്വാദി പാർട്ടിക്കൊപ്പമെന്നാണ് പാർട്ടി വൈസ് പ്രസിഡന്റ് സുരേന്ദ്ര ശ്രീവാസ്തവയുടെ പക്ഷം. എസ്.പിയുടെ നേതൃത്വത്തിലുള്ള ഏഴ് പാർട്ടികൾ ചേർന്ന മുന്നണി ഏഴാംഘട്ട വോട്ടെടുപ്പ് ദിനമായ മാർച്ച് ഏഴിനുതന്നെ വിജയപീഠത്തിലേറുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.