ലഖ്നോ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കേ വിദ്വേഷ പ്രസംഗവുമായി ബി.ജെ.പി എം.എൽ.എ. തന്നെ തെരഞ്ഞെടുത്താൽ മുസ്‍ലിംകളെ തിലകമണിയിക്കുമെന്ന ബി.ജെ.പി എം.എൽ.എ രാഘവേന്ദ്ര സിങ്ങിന്റെ പ്രസംഗമാണ് വിവാദമായത്. താന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ മുസ്ലീംകൾ തൊപ്പിയില്‍ നിന്ന് 'തിലക' ക്കുറിയിലേക്ക് മാറുമെന്ന് പറയുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
വ്യാപക വിമർശനം ഉയർന്നതോടെ 'ഇസ്ലാമിക ഭീകരത'യെ പ്രതിരോധിക്കാനുള്ള പ്രസംഗമായിരുന്നു താൻ നടത്തിയതെന്നാണ് കിഴക്കൻ യു.പിയിലെ ഡൊമരിയഗഞ്ച് എം.എൽ.എ വിശദീകരിക്കുന്നത്.
'ഇവിടെ ഇസ്ലാമിക ഭീകരര്‍ ഉണ്ടായിരുന്നപ്പോള്‍, ഹിന്ദുക്കള്‍ തൊപ്പി ധരിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഹിന്ദുവിന്റെ അഭിമാനത്തിനായി എന്തും ത്യജിക്കാന്‍ ഞാൻ തയാറാണ്. മുസ്‍ലിംകൾ എന്നെ തോൽപ്പിക്കാൻ കഴിയുന്നതെല്ലാം ചെയ്യുന്നു. ഞാൻ മിണ്ടാതിരിക്കില്ല'-രാഘവേന്ദ്ര സിങ് പറഞ്ഞു. വിദ്വേഷ പ്രസംഗ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതോടെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരംഭിച്ച ഹിന്ദു യുവവാഹിനിയുടെ യു.പിയിലെ ചുമതലക്കാരനാണ് സിങ്. 2017ല്‍ ഡൊമാരിയഗഞ്ച് സീറ്റില്‍ നിന്ന് 200 വോട്ടിനാണ് സിങ് വിജയിച്ചത്. ആറാം ഘട്ടത്തിലാണ് ഡൊമരിയഗഞ്ചില്‍ വോട്ടെടുപ്പ്. ഏഴുഘട്ടങ്ങളിലായാണ് യു.പിയിൽ തെരഞ്ഞെടുപ്പ്. മാർച്ച് 10ന് വോട്ടെണ്ണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.