മുസഫർനഗർ: അഞ്ചു സംസ്ഥാനങ്ങളിൽ അടുത്തെത്തിയ തെരഞ്ഞെടുപ്പിൽ ജനവിധി എവിടെ നിൽക്കുമെന്ന ആധി രാഷ്ട്രീയ പാർട്ടികളെ തുറിച്ചുനോക്കുമ്പോൾ ഇനിയും പിടികൊടുക്കാതെ ഉത്തർ പ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കീഴിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് ഇത്തവണ പ്രതീക്ഷ നൽകുന്ന കണക്കുകൂട്ടലുകൾ ഏറെയില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതുവരെ പാർട്ടിയെ വലിയ വിജയങ്ങളിലേക്ക് നയിച്ച ജാട്ട് വോട്ടുബാങ്ക് ഇത്തവണ മാറിച്ചിന്തിച്ചു തുടങ്ങിയതാണ് വലിയ വെല്ലുവിളി.
കർഷകർ നേരിടുന്ന കടുത്ത വെല്ലുവിളികളും യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയും വോട്ടുചോർച്ചക്കിടയാക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് ക്രമസമാധാനനില കുത്തഴിഞ്ഞത് ഏറെയായി സർക്കാറിന് തലവേദനയായി തുടരുന്നു. 2017ൽ പൂർണമായി ബി.ജെ.പിക്കൊപ്പം നിന്ന പടിഞ്ഞാറൻ യു.പിയിൽ അഖിലേഷ് നയിക്കുന്ന സമാജ്വാദി പാർട്ടി ജാട്ട്, മുസ്ലിം വോട്ടുകൾ ഏകീകരിക്കുന്നതിൽ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഈ രണ്ട് വിഭാഗങ്ങൾക്ക് മേൽക്കൈയുള്ള മേഖലയാണെന്നതിനാൽ ഇത് ഫലത്തെ സ്വാധീനിക്കുമെന്നുറപ്പാണ്.
കർഷകരോഷമാണ് അതിലേറെ വലിയ പ്രശ്നം. ഒരു വർഷം നീണ്ട കർഷക സമരത്തിൽ യു.പിയിൽനിന്ന് എണ്ണമറ്റ കർഷകർ പങ്കാളികളായിരുന്നു. കർഷക നിയമങ്ങൾ പിൻവലിച്ചെങ്കിലും നിയമങ്ങൾ കൊണ്ടുവരുകയും ഏറെക്കാലം അവക്കായി നിലയുറപ്പിക്കുകയും ചെയ്ത പാർട്ടിക്കെതിരെ ഇപ്പോഴും രോഷം ശക്തമായി തുടരുകയാണ്. സമാജ്വാദി പാർട്ടി- ആർ.എൽ.ഡി സഖ്യത്തിനൊപ്പം നിൽക്കുമെന്നാണ് കർഷകരുടെ പുതിയ നിലപാട്. അടുത്തിടെ ജാട്ടുകളെ പ്രീണിപ്പിക്കാൻ അമിത് ഷാ നടത്തിയ നീക്കങ്ങളെ ഇവർ തള്ളിപ്പറയുന്നു. ഉത്തർപ്രദേശിൽ ഫെബ്രുവരി 10, 14 തീയതികളിൽ നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 113 സീറ്റുകളിലാണ് ജനം വോട്ട് ചെയ്യുക. മഥുര, മുസഫർനഗർ, ഭാഗ്പത് ഉൾപ്പെടെ ജാട്ടുകൾക്ക് മേൽക്കൈയുള്ള 58 സീറ്റുകൾ ഇതിൽപെടും. 2017ൽ ഈ മേഖലയിൽ 89 സീറ്റുകളാണ് ബി.ജെ.പിക്കൊപ്പം നിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.