അയോധ്യ: ഗായത്രി പാണ്ഡെക്ക് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യണമെങ്കിൽ ഇനിയും 11 വർഷമെങ്കിലും കാത്തിരിക്കണം. വോട്ടു ചെയ്യാൻ പറ്റില്ലെങ്കിലെന്താ, പ്രചാരണത്തിനിറങ്ങാൻ തടസ്സമില്ലല്ലോ...?
അയോധ്യ മണ്ഡലത്തിലെ സമാജ്വാദി പാർട്ടി സ്ഥാനാർഥി പവൻ പാണ്ഡെക്കുവേണ്ടി വീടുവീടാന്തരം കയറിയിറങ്ങി വോട്ടുചോദിക്കുന്ന ഏഴു വയസ്സുകാരി ഗായത്രി പാണ്ഡെ ഇതിനകം മണ്ഡലത്തിന്റെ മനംകവർന്നുകഴിഞ്ഞു. വോട്ടുചോദിക്കുന്നത് വേറെയാർക്കും വേണ്ടിയല്ല, സ്വന്തം പിതാവിനു വേണ്ടിത്തന്നെയാണ്. അതിരാവിലെ അച്ഛനൊപ്പം വീട്ടിൽനിന്ന് പ്രചാരണത്തിനിറങ്ങുന്ന ഗായത്രി വീടുവീടാന്തരം കയറിയിറങ്ങി ചോദിക്കുന്നു 'അങ്കിൾ, എന്റെ അച്ഛന് ഒരു വോട്ട് ചെയ്യൂ... അഖിലേഷ് യാദവ് മുഖ്യമന്ത്രിയായാൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും തീരും...' അയോധ്യയിലെ വീട്ടുകാർ ഗായത്രിയെയും അച്ഛനെയും സ്നേഹത്തോടെ സ്വീകരിക്കുന്നു.
രാവിലെ 6.30ന് അച്ഛനൊപ്പം ഇറങ്ങുന്ന ഗായത്രി 9.30ന് പ്രചാരണം നിർത്തും. പിന്നെ കക്ഷി പൊങ്ങുക പതിവുള്ള ഓൺലൈൻ ക്ലാസിലാണ്. അത് കഴിഞ്ഞാലുടൻ വീണ്ടും പാഞ്ഞെത്തും 'എന്റെ അച്ഛന് ഒരു വോട്ടു ചെയ്യണേ...' എന്ന അഭ്യർഥനയുമായി. 'ഈ കോവിഡ് കാലത്ത് പ്രചാരണത്തിന് വീടുവീടാന്തരം കയറിയിറങ്ങുന്നത് ദുഷ്കരമാണെന്നറിയാം. പക്ഷേ, അവളാകെ ത്രില്ലിലാണ്.. പരമാവധി മുൻകരുതലുകൾ സ്വീകരിച്ചാണ് അവൾ പ്രചാരണത്തിനിറങ്ങുന്നത്...' പവൻ പാണ്ഡെയുടെ പത്നി പറയുന്നു.
വിദ്യാർഥി നേതാവായി രാഷ്ട്രീയത്തിലിറങ്ങിയതാണ് പവൻ പാണ്ഡെ. 2012ൽ അയോധ്യയിൽനിന്ന് ജയിച്ച പവൻ പാണ്ഡെ അഖിലേഷ് മന്ത്രിസഭയിൽ അംഗവുമായിരുന്നു. പക്ഷേ, 2017 അയോധ്യയിൽ പരാജയപ്പെട്ടു. എതിർ സ്ഥാനാർഥി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥായിരിക്കുമെന്ന് പ്രചാരണമുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇനിയുമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.