ലഖ്നോ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ച സാഹചര്യത്തിൽ ആഹ്വാനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭയത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുക ലക്ഷ്യമിട്ട് വോട്ട് ചെയ്യണമെന്ന് യു.പിയിലെ ജനങ്ങളോട് രാഹുൽ അഭ്യർഥിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ ആരംഭിച്ചിരിക്കുകയാണ്.
'എല്ലാ ഭയത്തിൽ നിന്നും രാജ്യത്തെ മോചിപ്പിക്കുക- പുറത്തുവരൂ, വോട്ടുചെയ്യൂ!' - രാഹുൽ ട്വീറ്റ് ചെയ്തു.
ഉത്തർപ്രദേശിലെ ഷാംലി, മീററ്റ്, ഹാപൂർ, മുസാഫർനഗർ, ബാഗ്പത്, ഗാസിയാബാദ്, ബുലന്ദ്ഷഹർ, അലിഗഡ്, ആഗ്ര, ഗൗതം ബുദ്ധ നഗർ, മഥുര തുടങ്ങിയ 11 ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 623 സ്ഥാനാർഥികളാണ് ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്നത്. ഇവിടങ്ങളിൽ ആകെ 2.27 കോടി വോട്ടർമാരാണുള്ളത്.
എല്ലാ വോട്ടർമാരോടും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഏഴു ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് പത്തിനാണ് ഫലപ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.