പ്രയാഗ് രാജ്: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബി.െക.യു) നേതാവ് രാകേഷ് ടിക്കായത്ത്. കർഷകരുടെ ചിന്തൻ ശിവിറിൽ പങ്കെടുക്കവെ രാകേഷ് ടിക്കായത്ത് മാധ്യമങ്ങളോടാണ് നിലപാട് വ്യക്തമാക്കിയത്. മൂന്ന് ദിവസത്തെ യോഗത്തിൽ കർഷകരുമായും സംഘടനയുമായും ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നും രാകേഷ് ടിക്കായത്ത് വ്യക്തമാക്കി.
രാജ്യവ്യാപകമായി നടന്ന കർഷക പ്രക്ഷോഭത്തെ തുടർന്ന് സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഇതുവരെ സമിതി രൂപീകരിച്ചിട്ടില്ല. ലഖിംപൂർ ഖേരി സംഭവത്തിൽ നിരവധി കർഷകരെ ജയിലിൽ അടച്ചു. ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര ഇപ്പോഴും പദവിയിൽ തുടരുകയാണ്. ഇത് വലിയ പ്രശ്നമാണെന്നും രാകേഷ് ടിക്കായത്ത് വ്യക്തമാക്കി.
കർഷകരുടെ ധാന്യങ്ങൾ സംഭരിക്കുന്നതിലെ പ്രശ്‌നങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണെന്നും രാകേഷ് ടിക്കായത്ത് ചൂണ്ടിക്കാട്ടി.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലോക്ദൾ-സമാജ് വാദി പാർട്ടി സഖ്യത്തിന് പിന്തുണ നൽകണമെന്ന് ബി.കെ.യു അധ്യക്ഷൻ നരേഷ് ടിക്കായത്ത് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി നേതാവ് സഞ്ജീവ് ബല്യാനുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ പ്രസ്താവന പിൻവലിച്ച നരേഷ് ടിക്കായത്ത്, താൻ ആരെയും പിന്തുണക്കുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി രാകേഷ് ടിക്കായത്ത് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.