എന്തിനാണ് യോഗി 'മഠത്തിൽ' ഒളിച്ചത്?

ലഖ്നോ: എക്സിറ്റ് പോൾ ഫലങ്ങൾ വിശ്വസിക്കാമെങ്കിൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്ത മന്ത്രിസഭ രൂപവത്കരണത്തിൽ മുഴുകേണ്ട നേരമാണിത്. കുറഞ്ഞത് അര ഡസൻ ഏജൻസികളാണ് യു.പിയിൽ ബി.ജെ.പിക്ക് തുടർഭരണം പ്രവചിച്ചത്.

അപ്പോഴും തുടർച്ചയായ മൂന്നാം ദിവസമാണ് യോഗി ആദിത്യനാഥ് ഗോരഖ്പുരിലെ മഠത്തിൽ ഒതുങ്ങിക്കൂടുന്നത്. ഇത് എന്തുകൊണ്ടാണെന്ന ചോദ്യം പൊതുസമൂഹത്തിലും സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകരിൽനിന്നും ഉയർന്നുകഴിഞ്ഞു. യോഗിക്ക് എക്‌സിറ്റ് പോളുകളിൽ അത്ര വിശ്വാസമില്ലെന്നാണ് ചില ഗൂഢാലോചന സിദ്ധാന്തക്കാരുടെ വാദം. ഇന്ന് വോട്ടെണ്ണി അന്തിമ ഫലം വരുംവരെ പൊതുജനങ്ങളിൽനിന്ന് അകന്നുനിൽക്കാനാണ് അദ്ദേഹം താൽപര്യപ്പെടുന്നത് എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

ഹിന്ദുത്വത്തിന്റെ നിശ്ശബ്ദമായ അടിയൊഴുക്കിനിടയിൽ കർഷകരുടെ അശാന്തി, തൊഴിലില്ലായ്മ, വിലക്കയറ്റം, അലഞ്ഞുതിരിയുന്ന കന്നുകാലികളെക്കൊണ്ടുള്ള ദുരിതം, കൊറോണ കെടുകാര്യസ്ഥത തുടങ്ങിയ പ്രധാന ഘടകങ്ങൾ വോട്ടർമാരുടെ മനസ്സിൽ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ലെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ നൽകുന്ന സൂചന. അതിനിടെ, സ്വന്തം കോട്ടയായ പൂർവാഞ്ചലിൽ തെരഞ്ഞെടുപ്പ് മൂർധന്യത്തിൽ എത്തിയപ്പോൾ പാർട്ടി നേതൃത്വം അദ്ദേഹത്തെ അടക്കിനിർത്തിയത് വിനയായതെന്ന് വിശ്വസിക്കുന്ന അണികളുമുണ്ട്.

പാർട്ടിയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ യോഗിയുടെ ചിത്രങ്ങൾക്ക് ഇടം നൽകാത്ത രീതിയിൽ അവ ഡൽഹിയിൽനിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. മോദിയുടെ മുഖം മാത്രം പ്രദർശിപ്പിച്ച കൂറ്റൻ ബോർഡുകളാണ് മറ്റൊന്ന്. യോഗി ചിത്രത്തിൽപോലും ഇല്ലാതായി. ഇത് യോഗിയെ അസന്തുഷ്ടനാക്കിയിരിക്കുമെന്നാണ് ഒരു അനുയായിയുടെ പ്രതികരണം.

പൂർവാഞ്ചലിൽ വലിയ താരപരിവേഷമുള്ള യോഗിക്ക് തെരഞ്ഞെടുപ്പ് റാലികളിൽ തേരാളിയുടെ റോൾ മാത്രമാണ് നൽകിയത്. അവിടെയെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വലിയ കെട്ടുകാഴ്ചകളോടെ അവതരിപ്പിക്കുകയായിരുന്നു. ഫലത്തിൽ, പ്രചാരണരംഗത്തെ അവഗണനക്ക് മഠത്തിൽ കഴിഞ്ഞ് മറുപടി നൽകുകയാണ് യോഗിയെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

എക്‌സിറ്റ് പോളുകൾ പ്രഖ്യാപിച്ച ദിവസം, നന്ദി പ്രകടിപ്പിക്കാൻ ടി.വി കാമറക്കു മുന്നിൽ യോഗി ഒന്ന് മിന്നിമറഞ്ഞിരുന്നു. പക്ഷേ, അപ്പോഴും അദ്ദേഹം ക്ഷീണിതനും ആത്മവിശ്വാസം നഷ്ടപ്പെട്ടവനായുമാണ് കാണപ്പെട്ടത്. ഇതും അദ്ദേഹത്തിന്റെ അനുയായികളെ അലോസരപ്പെടുത്തുന്നു.

Tags:    
News Summary - Why did the yogi hide in the 'Math'?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.