കണ്ണൂർ: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ കളംനിറഞ്ഞ് ആവേശം വാനോളമുയർത്താൻ ദേശീയ നേതാക്കൾ കണ്ണൂരിലെത്തുന്നു. സി.പി.എം നേതാവ് പ്രകാശ് കാരാട്ട് വെള്ളിയാഴ്ചയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശനിയാഴ്ചയും ജില്ലയിലെത്തും.
മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല പര്യടനത്തിനുശേഷം ബുധനാഴ്ച ജില്ലയിൽ തിരിച്ചെത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ചുക്കാൻ ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ കണ്ണൂരിലെത്തുന്ന പ്രകാശ് കാരാട്ട് രാവിലെ 10ന് തലശ്ശേരി വടക്കുമ്പാട് ഇ.എം.എസ് നഗറിലും ഉച്ചക്കുശേഷം മൂന്നിന് തൂവക്കുന്ന് ചിറക്കരയിലും വൈകീട്ട് 4.30ന് ചക്കരക്കല്ലിലും സംസാരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വൈകീട്ട് 4.30ന് ചിറ്റാരിപ്പറമ്പിലും 5.30ന് തലശ്ശേരിയിലും പരിപാടിയിൽ പങ്കെടുക്കും. സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണൻ, എസ്. രാമചന്ദ്രൻ പിള്ള എന്നിവരും വിവിധ പരിപാടികളിൽ സംബന്ധിക്കാൻ എത്തുന്നുണ്ട്.
ശനിയാഴ്ചയാണ് രാഹുൽ ഗാന്ധി ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി എത്തുന്നത്. കോഴിക്കോട് പുറമേരിയിൽനിന്ന് ഹെലികോപ്ടർ മാർഗം 2.45ന് അദ്ദേഹം പേരാവൂരിൽ എത്തും.
മൂന്നുമണിക്ക് പൊതു പരിപാടിയിൽ സംബന്ധിക്കും. അതിനുശേഷം അവിടെനിന്ന് ഹെലികോപ്ടറിൽ തന്നെ ഇരിക്കൂർ മണ്ഡലത്തിലെ ആലക്കോട്ടെത്തും. അവിടെ യു.ഡി.എഫ് യോഗത്തിൽ പങ്കെടുത്ത ശേഷം ഹെലികോപ്ടറിൽ തന്നെ കണ്ണൂരിലെത്തും. അഞ്ചുമണിക്ക് കണ്ണൂരിലെത്തുന്ന രാഹുൽ ഗാന്ധി 5.30ന് കണ്ണൂർ ആയിക്കരയിൽ നടക്കുന്ന റോഡ് ഷോയിലും പൊതുസമ്മേളനത്തിലും സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.