കോട്ടയം: പോളിങ് ശതമാനത്തിലെ നേരിയ കുറവ് വിജയത്തെ ബാധിക്കില്ലെന്ന് മുന്നണികൾ. അതേസമയം, വിജയസാധ്യത വിലയിരുത്തിയുള്ള കൂട്ടലും കിഴിക്കലും ജില്ല നേതാക്കൾ ആരംഭിച്ചു കഴിഞ്ഞു.
മുൻ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തിെൻറ അടിസ്ഥാനത്തിലെ വിലയിരുത്തലിലാണ് മുന്നണി നേതൃത്വം. മാറിയ രാഷ്ട്രീയ സാഹചര്യവും തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയവും കണക്കാക്കിയാണ് കേരള കോൺഗ്രസുകൾ വിജയം അവകാശപ്പെടുന്നത്.
പാലായിലും കേരള കോൺഗ്രസ് മത്സരിക്കുന്ന എല്ലാമണ്ഡലത്തിലും മികച്ച വിജയം ഉണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു. കേരള കോൺഗ്രസുകൾ നേരിട്ട് ഏറ്റുമുട്ടുന്ന രണ്ടുമണ്ഡലത്തിലും വിജയം തങ്ങൾക്കൊപ്പമെന്ന് നേതാക്കൾ വ്യക്തമാക്കി.
കേരള കോൺഗ്രസ് മികച്ച വിജയം നേടുമെന്ന് ജോസ് കെ. മാണി പ്രതികരിച്ചു. ഇടതുമുന്നണി അഭിമാനാർഹമായ വിജയം നേടുമെന്ന് സി.പി.എം നേതൃത്വവും അറിയിച്ചു.
വൈക്കത്തും മറ്റ് മണ്ഡലങ്ങളിലും ഇടതുമുന്നണി തിളക്കമാർന്ന വിജയം നേടുമെന്ന് സി.പി.ഐയും അവകാശപ്പെട്ടു. യു.ഡി.എഫ് ഒമ്പതിടത്തും നല്ല ആത്മവിശ്വാസത്തിലാണെന്ന് ഡി.സി.സി അധ്യക്ഷൻ ജോഷി ഫിലിപ്പ് അറിയിച്ചു.
ഭരണവിരുദ്ധ വികാരം അനുകൂലമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ആത്മവിശ്വാസം ഒട്ടും കുറക്കുന്നില്ല. വിജയം ഉറപ്പെന്ന് മോൻസ് ജോസഫ് പറഞ്ഞു. ഏറ്റുമാനൂരിൽ ലതിക ഭീഷണിയെല്ലന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.
കോൺഗ്രസ് സംസ്ഥാന നേതാക്കളും ഫലത്തെക്കുറിച്ചുള്ള ആശയവിനിമയത്തിലാണ്. കോട്ടയത്തുള്ള ഉമ്മൻ ചാണ്ടി മറ്റ് നേതാക്കളുമായി ചർച്ച നടത്തി.
പോളിങ് ശതമാനം പൂർണമായും ലഭിച്ചശേഷം ബുധനാഴ്ച കാര്യങ്ങൾ വ്യക്തമാക്കാനാണ് തീരുമാനം. കേരള കോൺഗ്രസ് മുന്നണി വിട്ടശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി നേതൃത്വം കാണാതെ പോകുന്നില്ല. എന്നാൽ, ജോസ് പക്ഷം കാര്യമായ ഭീഷണിയല്ലെന്നും കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു. പൂഞ്ഞാറിൽ പോളിങ് ശതമാനത്തിൽ നേരിയ കുറവുണ്ട്. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലുണ്ടായ ആവേശം ഇത്തവണ ഉണ്ടായില്ലെന്നും മുന്നണികൾ വിലയിരുത്തുന്നു. കേരള കോൺഗ്രസുകൾ നേരിട്ട് ഏറ്റുമുട്ടിയ ചങ്ങനാശ്ശേരിയിലും കടുത്തുരുത്തിയിലും ഇത്തവണ പോളിങ് കുറഞ്ഞു. എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവനയും സഭകളുടെ നിലപാടും ഇടതുമുന്നണി ഗൗരവമായി കാണുന്നു. കാഞ്ഞിരപ്പള്ളിയിലും കോട്ടയത്തും വൈക്കത്തും നിലകൂടുതൽ മെച്ചെപ്പടുത്തുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.