കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിന് അഞ്ചുദിവസം ശേഷിക്കേ സഭ-സാമുദായിക നേതൃത്വങ്ങളെ പാട്ടിലാക്കാൻ മുന്നണികൾ നെട്ടോട്ടത്തിൽ. ക്രൈസ്തവ, ഹൈന്ദവ വോട്ടുകളിലാണ് ഭൂരിപക്ഷത്തിനും നോട്ടം. ശബരിമല വിഷയത്തിൽ എൻ.എസ്.എസുമായി ഇടഞ്ഞ ഇടതുമുന്നണിയും വിഷയം ചർച്ചയാക്കിയ യു.ഡി.എഫും ബി.ജെ.പിയും ഒന്നുപോലെ എൻ.എസ്.എസ് വോട്ട് ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. എൻ.എസ്.എസ് നേതൃത്വത്തെ വരുതിയിലാക്കാനുള്ള നിയോഗം സംഘടനയുമായി അടുത്ത ബന്ധം പുലർത്തുന്ന ദേശീയ-സംസ്ഥാന നേതാക്കൾക്കാണ്. നിയമസഭ തെരഞ്ഞെടുപ്പിലും എൻ.എസ്.എസ് സമദൂരത്തിലാണെന്ന് നേതൃത്വം വ്യക്തമാക്കിയെങ്കിലും ഇഞ്ചോടിഞ്ച് പൊരുതുന്ന മണ്ഡലങ്ങളിലെ മുന്നണി സ്ഥാനാർഥികളുടെ ആശങ്ക വിട്ടൊഴിയുന്നില്ല.
ശബരിമല വിവാദത്തിെൻറ അടിസ്ഥാനത്തിൽ എൻ.എസ്.എസുമായി നീക്കുപോക്കൊന്നും വേണ്ടെന്നായിരുന്നു സി.പി.എം തീരുമാനമെങ്കിലും കൈവെള്ളയിലുള്ള ഭരണം നിസ്സാര കാരണങ്ങളുടെ പേരിൽ കളഞ്ഞുകുളിക്കരുതെന്ന് അഭിപ്രായമുള്ളവരാണ് പുതിയ നീക്കത്തിന് പിന്നിൽ. എന്നാൽ, ആർക്കും ഇതുവരെ എൻ.എസ്.എസ് വാതിൽ തുറന്നുകൊടുത്തിട്ടില്ല. എസ്.എൻ.ഡി.പി യോഗം നിലപാട് പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും ഈഴവ വോട്ടുകളിൽ ഇടതുമുന്നണി വലിയ പ്രതീക്ഷയിലാണ്.
മധ്യകേരളത്തിലും മലബാറിലെ ചില മണ്ഡലങ്ങളിലും നിർണായക സ്വാധീനമുള്ള ക്രൈസ്തവ വോട്ടുകൾ ഉറപ്പിക്കാനുള്ള ശ്രമങ്ങളും മുന്നണികൾ തുടരുകയാണ്. ഓർത്തഡോക്സ്-യാക്കോബായ സഭ തർക്കം മുന്നണികൾക്കെല്ലാം തലവേദനയാണ്. ഇടതുമുന്നണിയും ബി.ജെ.പിയും നടത്തിയ അനുനയനീക്കങ്ങൾ പരാജയമായിരുന്നു. സഭ നേതൃത്വത്തെ പ്രധാനമന്ത്രിക്ക് മുന്നിലെത്തിച്ചിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. സഭകളുടെ പിന്തുണ എങ്ങനെയും ഉറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് ഇരുകൂട്ടരും. എന്നാൽ, സഭാതർക്കത്തിൽ യു.ഡി.എഫ് പക്ഷം ചേരാത്തതിനാൽ സഭകൾ സഹായിക്കുമെന്ന പ്രതീക്ഷ യു.ഡി.എഫിനുണ്ട്. ഉമ്മൻ ചാണ്ടി കളത്തിൽ സജീവമായതോടെ ഓർത്തഡോക്സ് സഭ യു.ഡി.എഫിനെ കണ്ണടച്ച് എതിർക്കുന്നില്ല. അതേസമയം യാക്കോബായ പക്ഷം തദ്ദേശതെരഞ്ഞെടുപ്പിൽ സ്വീകരിച്ച ഇടത് അനുകൂല നിലപാട് ഇപ്പോഴും തുടരുന്നുണ്ട്. പത്തനംതിട്ട ജില്ലയിൽ ശക്തമായ സ്വാധീനമുള്ള മാർത്തോമ സഭയും പരസ്യനിലപാടൊന്നും എടുത്തിട്ടില്ല.
ആഴക്കടൽ മത്സ്യബന്ധന വിവാദമാണ് ലത്തീൻ സഭയെ ഇടതുമുന്നണിക്ക് എതിരാക്കിയത്. തീരദേശ മേഖലയിലടക്കം 40 മണ്ഡലങ്ങളിൽ ഇവർ നിർണായകമാണ്. തങ്ങളെ സഹായിക്കുന്നവരെ പിന്തുണക്കുമെന്ന നിലപാടിലാണ് കേത്താലിക്ക വിഭാഗം. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഒാരോ രൂപതയും ഇതിെൻറ അടിസ്ഥാനത്തിൽ നിലപാട് രൂപപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുംമുമ്പുതന്നെ കത്തോലിക്ക സഭ കടുത്ത യു.ഡി.എഫ് വിരുദ്ധ നിലപാടെടുത്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ അവർ ഇടതുമുന്നണിയെ കൈയയച്ച് സഹായിച്ചു. തെരഞ്ഞെടുക്കപ്പെടേണ്ടവരുടെ പട്ടിക സഭ തയാറാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോട്ടയത്തെത്തിയ രാഹുൽ ഗാന്ധി കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുകേരള കോൺഗ്രസുകൾക്കും യു.ഡി.എഫിനും സഭകളുടെ സഹായം ലഭിച്ചേക്കാം. മധ്യകേരളത്തിലെ പലമണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർഥികൾ സഭയുടെ പിന്തുണ പ്രതീക്ഷിക്കുന്നു. കോട്ടയം, പാലാ, കടുത്തുരുത്തി, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, പൂഞ്ഞാർ, ഇടുക്കി, തൊടുപുഴ, പീരുമേട്, കാഞ്ഞിരപ്പള്ളി, ഇരിങ്ങാലക്കുട, ഒല്ലൂർ, തിരുവമ്പാടി, ഇരിക്കൂർ, കുട്ടനാട്, റാന്നി ഇങ്ങനെപോകുന്നു കത്തോലിക്ക സഭയുടെ പിന്തുണ അനിവാര്യമായ മണ്ഡലങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.