കോട്ടയം: പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ വോട്ടർമാരുടെ മനസ്സിൽ ഇടംനേടാൻ സ്ഥാനാർഥികളും പ്രവർത്തകരും ആവനാഴിയിലെ സകല തന്ത്രങ്ങളും പുറത്തെടുത്ത് പ്രയോഗിക്കുകയാണ്. ജില്ലയിലെ ഒമ്പത് നിയമസഭ മണ്ഡലത്തിൽ പാലായിലും പൂഞ്ഞാറിലുമാണ് ശക്തമായ മത്സരം. ബലാബലം മത്സരം നടക്കുന്ന രണ്ടുമണ്ഡലവും കോട്ടയത്തുണ്ട്. ചങ്ങനാശ്ശേരിയും കടുത്തുരുത്തിയും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരുമുന്നണിയുടെ ഭാഗമായി നിന്നവർ ഈതെരഞ്ഞെടുപ്പിൽ രണ്ടുമുന്നണിയുടെ ഭാഗമായി മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഈ മണ്ഡലങ്ങൾക്കുണ്ട്. കാഞ്ഞിരപ്പള്ളിയിലും പുതുപ്പള്ളിയിലും ബി.ജെ.പി ശക്തമായ സാന്നിധ്യം അറിയിക്കുന്നു. കാഞ്ഞിരപ്പള്ളിയിൽ മുൻ എം.എൽ.എ അൽഫോൻസ് കണ്ണന്താനവും പുതുപ്പള്ളിയിൽ എൻ. ഹരിയുമാണ് മത്സരിക്കുന്നത്. ഫൈനല്‍ റൗണ്ടില്‍ വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിലാണ് ബഹുഭൂരിപക്ഷം സ്ഥാനാർഥികളും.
പ്രചാരണം തുടങ്ങിയപ്പോള്‍ സാധ്യമായിരുന്ന ഫലപ്രവചനം ഇപ്പോൾ അസാധ്യമായി. പല മണ്ഡലങ്ങളുടെയും സ്വഭാവം തന്നെ മാറി. ഒമ്പതിൽ ആറിടത്തും തീപാറും പോരാട്ടം. ഒന്നിലേറെ മണ്ഡലങ്ങളില്‍ പോരാട്ടം ഫോട്ടോ ഫിനിഷിലേക്കും നീങ്ങുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്ന് രൂപപ്പെട്ട പ്രശ്നങ്ങളൊക്കെ കെട്ടടങ്ങിയെങ്കിലും ചിലർ മുന്നണി സ്ഥാനാർഥികൾക്ക് ഭീഷണിയാണ്. സീറ്റ് നിഷേധിച്ചതിെൻറ പേരിൽ മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് പാർട്ടിവിട്ട് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കുന്നു. പാലാ സീറ്റ് നിഷേധിച്ചതിെൻറ പേരിൽ മാണി സി. കാപ്പൻ ഇടതു മുന്നണിവിട്ട് പുതിയ പാർട്ടി രൂപവത്കരിച്ച് പാലായിൽ മത്സരിക്കുന്നത് ഇടതു സ്ഥാനാർഥിക്കും വെല്ലുവിളിയുയർത്തുന്നു. വിജയം ഉറപ്പിച്ച ചിലർ വിയര്‍ക്കുകയും അപ്രതീക്ഷിതമായി ചിലര്‍ക്ക് വിജയപ്രതീക്ഷ കൈവന്നിരിക്കുകയും ചെയ്യുന്ന സാഹചര്യവുമുണ്ട്.
സര്‍ക്കാറിനെതിരായ അഴിമതിയും ഇരട്ട വോട്ടര്‍പട്ടികയും ഉള്‍പ്പെടെയുള്ള വിഷയങ്ങളും യു.ഡി.എഫ് പ്രധാന പ്രചാരണ വിഷയമാക്കുന്നു. സര്‍ക്കാറിെൻറ വികസന നേട്ടങ്ങളും ക്ഷേമപ്രഖ്യാപനങ്ങളും മുഖ്യവിഷയമാക്കിയ എല്‍.ഡി.എഫ് ഇപ്പോള്‍ അരി വിതരണവും ഇതേതുടര്‍ന്നുണ്ടായ വിഷയങ്ങളും ചര്‍ച്ചയാക്കുന്നു. ഇടതുവലത് മുന്നണികൾക്കും സംസ്ഥാന സര്‍ക്കാറിനും എതിരെയാണ് എന്‍.ഡി.എയുടെ പ്രചാരണം. ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഇനിയുള്ള മണിക്കൂറുകളില്‍ എന്തും സംഭവിക്കാമെന്നു പ്രവര്‍ത്തകര്‍ പറയുന്നു.
ജില്ലയിൽ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായി മാറി പാലാ. കെ.എം. മാണി അരനൂറ്റാണ്ട് കാത്തുസൂക്ഷിച്ച പാലാ മാണി സി. കാപ്പനിൽനിന്ന് പിടിച്ചെടുക്കാൻ ജോസ് കെ. മാണി പതിെനട്ടടവും പയറ്റിയുള്ള പോരാട്ടമാണ് നടത്തുന്നത്. ഇരുവർക്കും ഇത് നിലനിൽപിനായുള്ള അഭിമാനപോരാട്ടവും. മതസാമുദായിക ഘടകങ്ങൾ നിർണായകമാകുന്ന ഇവിടെ ഇരുവരും കടുത്ത മത്സരമാണ് കാഴ്ചവെക്കുന്നത്. കെ.എം. മാണിയുടെ രാഷ്ട്രീയ പാരമ്പര്യവും ഇടതു മുന്നണിയുടെ പിന്തുണയുമാണ് ജോസിെൻറ കരുത്ത്. ചുരുങ്ങിയ കാലത്തെ വികസനങ്ങൾ ഉയർത്തിയാണ് കാപ്പെൻറ പോരാട്ടം.
പി.സി. ജോർജ് സ്വതന്ത്രനായി മത്സരിക്കാനെത്തിയതോടെ പൂഞ്ഞാറിൽ ചതുഷ്കോണ മത്സരം. ഇടതുമുന്നണിയിൽ കേരള കോൺഗ്രസ് എമ്മിെൻറ സെബാസ്റ്റ്യൻ കുളത്തുങ്കലും യു.ഡി.എഫിൽ കോൺഗ്രസിലെ ടോമി കല്ലാനിയുമാണ് മുന്നണി സ്ഥാനാർഥികൾ. മുൻ കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൂടിയാണ് സെബാസ്റ്റ്യൻ. ടോമി കല്ലാനി കെ.പി.സി.സി സെക്രട്ടറിയും. തീപാറും േപാരാട്ടമാണ് മണ്ഡലത്തിൽ. സ്വതന്ത്രനായി മത്സരിച്ച പി.സി. ജോർജ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 28,000 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇക്കുറി സാഹചര്യങ്ങൾ ആകെ മാറിയിട്ടുണ്ട്.മൂന്നുപേരും പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് പൂഞ്ഞാർ.
ഉമ്മൻ ചാണ്ടി അരനൂറ്റാണ്ടിലേറെയായി കൈവശം വെച്ചിരിക്കുന്ന പുതുപ്പള്ളിയിൽ ഇക്കുറി 2016െൻറ തനിയാവർത്തനം.ഉമ്മൻ ചാണ്ടിയെ നേരിടാൻ ഇടതുമുന്നണി വീണ്ടും കളത്തിലിറക്കിയത് യുവനേതാവ് ജെയ്ക് സി. തോമസിനെത്തന്നെ. ഉമ്മൻ ചാണ്ടിയുടെ പന്ത്രണ്ടാം അങ്കമാണിത്. ബി.ജെ.പി സംസ്ഥാന സമിതി അംഗം എൻ. ഹരിയാണ് എൻ.ഡി.എ സ്ഥാനാർഥി. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പുതുപ്പള്ളി അടക്കം എട്ടിൽ ആറ് പഞ്ചായത്തിലും ഇടതുമുന്നണി ഭരണം പിടിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. എന്നാൽ, അട്ടിമറി സാധ്യതകളൊന്നും മണ്ഡലത്തിലില്ല.
മുൻ എം.എൽ.എമാരായ ജോസഫ് വാഴക്കനും അൽഫോൻസ് കണ്ണന്താനവും സിറ്റിങ് എം.എൽ.എ ഡോ. എൻ. ജയരാജുമാണ് അങ്കത്തട്ടിൽ. യു.ഡി.എഫ് സ്ഥാനാർഥിയായ വാഴയ്ക്കനും എൻ.ഡി.എയുടെ അൽഫോൻസും ഇടതു മുന്നണിയുടെ ജയരാജും തമ്മിലെ പോരാട്ടം മണ്ഡലത്തെ ഇളക്കിമറിക്കുകയാണ്. മൂവരും പ്രചാരണത്തിൽ ബഹുദൂരം മുന്നിലും. വ്യക്തി-പ്രദേശിക ബന്ധങ്ങളും സാമുദായിക ഘടകങ്ങളും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാം. വർഷങ്ങൾക്ക് ശേഷം കൈ അടയാളത്തിൽ വോട്ട് ചെയ്യാൻ കഴിയുന്നതിലെ സന്തോഷത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. സിറ്റിങ് എം.എൽ.എ ജയരാജിന് ഇരുവരും ശക്തമായ വെല്ലുവിളി ഉയർത്തുന്നു. കണ്ണന്താനം മണ്ഡലത്തിൽ സജീവസാന്നിധ്യമാണ്. ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലമാണ് ഇത്. കഴിഞ്ഞ തവണ 30,000ത്തിലധികം വോട്ട് ബി.ജെ.പി പിടിച്ചിരുന്നു.
ഇരുകേരള കോൺഗ്രസുകളും നേരിട്ട് ഏറ്റുമുട്ടുന്ന ജില്ലയിലെ രണ്ടുമണ്ഡലങ്ങളിൽ ഒന്ന്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ സ്റ്റീഫൻ ജോർജും ജോസഫ് പക്ഷത്തെ മോൻസ് േജാസഫുമാണ് സ്ഥാനാർഥികൾ. മോൻസ് സിറ്റിങ് എം.എൽ.എയും സ്റ്റീഫൻ മുൻ എം.എൽ.എയും. പരസ്പരം മത്സരിച്ച് രണ്ടുപേരും ഇവിടെ വിജയിച്ചിട്ടുമുണ്ട്. ഇരുവർക്കും ഇത്തവണത്തേത് അഭിമാന പോരാട്ടം. കേരള കോൺഗ്രസ് ജോസ് വിഭാഗം യു.ഡി.എഫ് വിട്ടശേഷം നടക്കുന്ന തെരഞ്ഞെടുപ്പായതിനാൽ പാർട്ടിക്കും ഇത് അഭിമാന മത്സരം. ഒന്നരപതിറ്റാണ്ടിലെ നേട്ടങ്ങളുമായാണ് മോൻസ് ജനവിധി തേടുന്നത്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിെല ഒമ്പത് പഞ്ചായത്തിലും രണ്ട് ബ്ലോക്ക് പഞ്ചായത്തിലും നാല് ജില്ല പഞ്ചായത്ത് ഡിവിഷനിലും വിജയം ഇടതുമുന്നണിക്കായിരുന്നു. മണ്ഡലം മാറിയെന്ന് ഇടതു മുന്നണി ചൂണ്ടിക്കാട്ടുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് കടുത്തുരുത്തിയിൽ.
യു.ഡി.എഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രിൻസ് ലൂക്കോസും ഇടതു മുന്നണിയിൽ മുൻ എം.എൽ.എ കൂടിയായ വി.എൻ. വാസവനും തമ്മിലാണ് പ്രധാന മത്സരം. സീറ്റ് നിഷേധത്തിെൻറ പേരിൽ മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ലതിക സുഭാഷ് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചശേഷം ഇവിടെ സ്വതന്ത്രയായി മത്സരിക്കുന്നു. ലതിക പിടിക്കുന്ന വോട്ടിനെ ആശ്രയിച്ചാകും യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയം. സിറ്റിങ് എം.എൽ.എയായിരുന്നു കെ. സുരേഷ്കുറുപ്പിനെ മാറ്റിയാണ് വി.എൻ. വാസവനെ സ്ഥാനാർഥിയാക്കിയത്. മുൻ നഗരസഭ അംഗം ടി.എൻ. ഹരികുമാറാണ് എൻ.ഡി.എ സ്ഥാനാർഥി. യു.ഡി.എഫിനും എൽ.ഡി.എഫിനും മേൽക്കൈയുള്ള പ്രദേശങ്ങൾ മണ്ഡലത്തിൽ നിരവധിയുണ്ട്.
കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാർഥി സീനിയർ കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ സിറ്റിങ് എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണനെ അഭിഭാഷകനും മുൻ ഡി.വൈ.എഫ്.ഐ നേതാവുമായ കെ.അനിൽകുമാർ നേരിടുന്നു. തിരുവഞ്ചൂരിെൻറ മൂന്നാം ഊഴമാണ് ഇത്. എൻ.ഡി.എ സ്ഥാനാർഥി മിനർവ മോഹനാണ്. മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ എൽ.ഡി.എഫ്-യു.ഡി.എഫ് പോരാട്ടത്തിന് വീറും വാശിയും ഏറെ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 33,632 വോട്ടായിരുന്നു തിരുവഞ്ചൂരിെൻറ ഭൂരിപക്ഷം. എൻ.ഡി.എ 12,582 വോട്ടും നേടി. ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മണ്ഡലത്തിൽ വ്യക്തമായ ലീഡ് നേടിയിരുന്നു.
മൂന്നുവനിതകൾ മത്സരിക്കുന്ന മണ്ഡലമാണ് വൈക്കം. ഇടതുമുന്നണിയിൽ സിറ്റിങ് എം.എൽ.എ സി.പി.ഐയുടെ സി.കെ. ആശയും മുൻ കോട്ടയം നഗരസഭ അധ്യക്ഷ ഡോ.പി.ആർ. സോന യു.ഡി.എഫ് സ്ഥാനാർഥിയായും മത്സരിക്കുന്നു. എൻ.ഡി.എയുടെ സ്ഥാനാർഥി അജിത ബാബുവാണ്. കേരള കോൺഗ്രസിെൻറ ജില്ല പഞ്ചായത്ത് പ്രസിഡൻറായിരുന്നു. അടുത്തിടെയാണ് ബി.ഡി.ജെ.എസിൽ ചേർന്നത്. സംവരണമണ്ഡലമായ വൈക്കം എന്നും ഇടതിനൊപ്പമാണ്. കയർ-കക്ക-കായൽ തൊഴിലാളികൾ ഏറെയുള്ള വൈക്കത്ത് മൂന്നുവനിതകളുടെ പോരാട്ടം ശക്തമാണ്.
ഇരുകേരള കോൺഗ്രസുകളും പരസ്പരം പോരടിക്കുന്ന ജില്ലയിലെ രണ്ടാമത്തെ മണ്ഡലമാണ് ഇത്. കേരള കോൺഗ്രസ്-ജോസ് വിഭാഗം സ്ഥാനാർഥിയായി ജോബ് മൈക്കിളും ജോസഫ് പക്ഷം സ്ഥാനാർഥിയായി വി.ജെ. ലാലിയും മത്സരിക്കുന്നു. എൻ.ഡി.എയിൽ മുൻ കോൺഗ്രസ് നേതാവ് ജി. രാമൻ നായരും രംഗത്തുണ്ട്. അന്തരിച്ച കേരള കോൺഗ്രസ് നേതാവ് സി.എഫ്. തോമസ് 40 വർഷം ഇവിടെ എം.എൽ.എയായിരുന്നു. ഇരുവരും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.