എല്ലാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ശ്രദ്ധേയമാകുന്ന പത്തനാപുരം മണ്ഡലത്തിൽ ഇത്തവണ കട്ടക്കു കട്ടയെന്നനിലയിലാണ് പ്രചാരണരംഗം തിളയ്ക്കുന്നത്. 2016 ൽ താരപോരാട്ടംകൊണ്ട് ശ്രദ്ധേയമായ മണ്ഡലത്തിൽ ഇത്തവണ വെല്ലുവിളി പോരാട്ടമാണ്. തുടർച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ടിറങ്ങുന്ന കേരള കോൺഗ്രസ് - ബിയിലെ കെ.ബി. ഗണേഷ്കുമാർതന്നെയാണ് ശ്രദ്ധാകേന്ദ്രം. കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല യു.ഡി.എഫ് സ്ഥാനാർഥിയായെത്തിയതോടെ പ്രചരണരംഗം ചൂടുപിടിച്ചു. യുവനേതാവ് ജിതിൻദേവിനെ രംഗത്തിറക്കി എൻ.ഡി.എയുമുണ്ട്.
ഒൗദ്യോഗിക പ്രഖ്യാപനം വന്നതുമുതൽ പ്രചരണരംഗത്ത് മുന്നേറാൻ ജ്യോതികുമാർ ചാമക്കാലക്ക് കഴിഞ്ഞു. ആദ്യഘട്ട പ്രചാരണത്തിനു ശേഷം സ്വീകരണ പരിപാടിയിലേക്ക് അദ്ദേഹം കടന്ന ശേഷമാണ് ഗണേഷ്കുമാറിെൻറ വരവ്. കോവിഡ് ബാധിച്ചതിനെ തുടർന്ന് ക്വാറൻറീനിലായ ദിവസങ്ങളുടെ പോരായ്മ രണ്ടു ദിവസംകൊണ്ട് മറികടക്കാൻ ഗണേഷിനായി.
വികസന പ്രവർത്തനങ്ങളിൽ പരസ്യ സംവാദത്തിനു തയാറുണ്ടോയെന്ന വെല്ലുവിളിക്കുകയും ജ്യോതികുമാർ ചാമക്കാല ഉയർത്തുന്നുണ്ട്. വികസന പ്രവർത്തനങ്ങളെല്ലാം ജനങ്ങൾക്കു മുന്നിൽ ദൃശ്യമാണെന്നും അവർക്കറിയാവുന്ന തന്നെ മറ്റാർക്കും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നുമെന്ന രീതിയിലാണ് ഗണേഷിെൻറ മുന്നേറ്റം. ജിതിൻ ദേവിെൻറ പ്രചാരണവും സജീവമാണ്. ഗണേഷിെൻറ സ്വന്തം പത്തനാപുരം ഇത്തവണ കുലുങ്ങുമോെയന്നറിയാൻ വോട്ടെണ്ണുന്നതു വരെ കാത്തിരിക്കണം.
2016 ൽ 24562 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ഗണേഷ് വിജയിച്ചു. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ 14,372 വോട്ടിെൻറ ലീഡ് യു.ഡി.എഫ് നേടി. 2020 തദ്ദേശീയത്തിൽ എൽ.ഡി.എഫ് ലീഡ് തിരികെ പിടിച്ചെങ്കിലും 6528 ആയി കുറഞ്ഞു. മുമ്പെങ്ങും കാണാത്ത വിധമുള്ള പ്രചാരണമാണ് യു.ഡി.എഫ് നടത്തുന്നത്. വോട്ടെടുപ്പ് ദിവസത്തിലേക്ക് അടുക്കുംതോറും സാധാരണ പോലെ ജനങ്ങളുടെ വോട്ട് അനുകൂലമായിതന്നെ വീഴുമെന്നാണ് എൽ.ഡി.എഫ് ക്യാമ്പിെൻറ ഉറപ്പ്.
മുന്നണി സ്ഥാനാർഥികളെ കൂടാതെ എസ്.ഡി.പി.ഐക്ക് വേണ്ടി അഡ്വ. ഫൈസി എം. പാഷയും എ.ഡി.എച്ച്.ആർ.എമ്മിനായി ബൈജു പത്തനാപുരവും രംഗത്തുണ്ട്. പി. കൃഷ്ണമ്മാൾ (മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ- യുനൈറ്റഡ്) അജി കടശ്ശേരി (എ.ഡി.എച്ച്.ആർ.എം) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.