പത്തനാപുരം: ചുവരെഴുത്തും ഉച്ചഭാഷിണി പ്രചാരണവുമെല്ലാം പഴഞ്ചന്തന്ത്രങ്ങള് ആയതോടെ സെല്‍ഫി പ്രചാരണം തെരഞ്ഞെടുപ്പ് രംഗത്ത് ചൂടുപിടിക്കുന്നു. പ്രചാരണം സജീവമാകുന്നതിനിടെ വോട്ടർമാർക്കൊപ്പം സെൽഫിയെടുക്കുന്നതില്‍ സ്ഥാനാർഥികൾക്കെല്ലാം ഒരേ മനസ്സാണ്.
പ്രവര്‍ത്തകര്‍ക്കും താൽപര്യം നേതാക്കളെ മുഖം കാണിക്കാനും സൗഹൃദം പുതുക്കാനും സെല്‍ഫി എടുക്കാനുമൊക്കെയാണ്. സോഷ്യൽ മീഡിയ പ്രചാരണരംഗത്ത് നിർണായകശക്തിയായതും പുതുതലമുറയെ ആകര്‍ഷിക്കാന്‍ പറ്റിയ തന്ത്രമായതിനാലും എത്ര തിരക്കിട്ട പ്രചാരണം ആണെങ്കിലും സ്ഥാനാർഥികൾ സെല്‍ഫി ഫ്രെയിമില്‍ ഒന്ന് തല കാണിക്കും. കോളജ് വിദ്യാർഥികള്‍, യുവജനകൂട്ടായ്മകള്‍ എന്നിവരുടെ വോട്ട് നേടണമെങ്കിൽ ചുവരെഴുത്തും കവലപ്രസംഗങ്ങളും മാത്രം പോരായെന്ന് ചുക്കാന്‍ പിടിക്കുന്നവര്‍ക്കും അറിയാം. സെല്‍ഫിക്ക് പ്രായഭേദമൊന്നുമില്ല എന്നതാണ് മറ്റൊരു കാര്യം.
കുട്ടികള്‍ മുതൽ തൊണ്ണൂറുവയസ്സുള്ളവർക്കുവരെ ഒപ്പം നിന്നുള്ള സെൽഫികളാണ് ഫേസ് ബുക്കിലും വാട്സ്ആപ്പിലും ട്വിറ്ററിലുമൊക്കെ നിറയുന്നത്. ഇതിനുപുറമെ തെരഞ്ഞെടുപ്പാകുമ്പോള്‍ നിരവധി നേതാക്കള്‍ പ്രചാരണരംഗത്ത് എത്തും. അവര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് പ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍മീഡിയയില്‍ ഇടുന്നതാണ് ഇരുമുന്നണികളുടെയും നടക്കുന്ന പ്രധാന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം. മണിക്കൂറുകളിടവിട്ട് പുതിയ ഫോട്ടോകൾ പോസ്റ്റ് ചെയ്യണം, സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യണം, സാമൂഹികവിഷയങ്ങളിൽ ജനഹിതമറിഞ്ഞ് പ്രതികരിക്കണം. വിയർത്തൊലിച്ച് ക്ഷീണിച്ച് അവശനാണെങ്കിലും നിറചിരിയോടെ വോട്ടർമാർക്കൊപ്പം നിന്നുള്ള ആ സെൽഫി കാണുമ്പോൾ വോട്ട് പെട്ടിയിലൂടെ താന്‍ ജയിക്കുമെന്നും സ്ഥാനാർഥികളെല്ലാം കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.