സി.പി.ഐ കാലുവാരുമെന്ന് ബി. ഗണേഷ്കുമാർ; പത്തനാപുരം എൽ.ഡി.എഫ് യോഗത്തിൽ വാക്കേറ്റം

പത്തനാപുരം: എൽ.ഡി.എഫ് പത്തനാപുരം തെരഞ്ഞെടുപ്പ് മണ്ഡലത്തില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എൽ.എയും സി.പി.ഐ നേതാക്കളും തമ്മില്‍ വാക്കേറ്റം. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന യോഗത്തിലാണ് സംഭവം. സി.പി.ഐ നേതാക്കള്‍ കാലുവാരല്‍ നടത്തുന്നതായി പൊതുവെ ആക്ഷേപം ഉണ്ടെന്നും ഇതിനെ മറികടക്കാന്‍ പത്രസമ്മേളനം വിളിച്ച് നേതാക്കള്‍ വ്യക്തത വരുത്തണമെന്നും കെബി ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്.

എന്നാൽ ആക്ഷേപങ്ങൾ തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം എസ്. വേണുഗോപാല്‍, മണ്ഡലം സെക്രട്ടറി എം. ജിയാസുദീന്‍ എന്നിവര്‍ രംഗത്തെത്തി. തങ്ങൾ പിറപ്പുദേഷം ഉളളവരല്ലെന്നും സി.പി.ഐയെക്കുറിച്ച് മനസ്സിലാക്കാന്‍ ഗണേഷ് കുമാറിന്റെ പിതാവ് ആര്‍ ബാലകൃഷ്ണപിള്ളയോട് ചോദിക്കണമെന്ന് നേതാക്കൾ പറഞ്ഞു.

ഗണേഷ് കുമാര്‍ എല്‍.ഡി.എഫില്‍ എത്തിയ ശേഷം അഞ്ച് വര്‍ഷത്തിനിടെ ഒരാവശ്യത്തിനും എം.എൽ.എയുടെ ഓഫീസില്‍ പോയിട്ടില്ല. ഗണേഷ്കുമാറിന് ആക്ഷേപമുണ്ടായിരുന്നെങ്കില്‍ നേതൃതല സ്റ്റിയറിംഗ് കമ്മിറ്റിയില്‍ പറയണമായിരുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ബി) യുടെ നേതൃത്വത്തിലാണ് സി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമതരെ മത്സരിപ്പിക്കുകയും വിമത പ്രവര്‍ത്തനം നടത്തിയതെന്നും സി.പി.ഐ നേതാക്കൾ ആരോപിച്ചു. അതേസമയം, ഈ വാക്പോരിൽ സി.പി.എം നേതാക്കൾ ഇടപെട്ടില്ല. 

Tags:    
News Summary - chaos in Pathanapuram LDF meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.