തൊടുപുഴ: കരിങ്കുന്നം സെൻറ് അഗസ്റ്റിൻ ഹയർസെക്കൻഡറി സ്കൂളിലെ സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന 158ാം നമ്പർ പോളിങ് ബൂത്ത് രാവിലെ മുതൽ ഒരു പ്രത്യേക വോട്ടർക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.
ആ വോട്ടർക്ക് നൽകാനായി പൂവും മധുരവും ഉദ്യോഗസ്ഥർ കരുതി. ജില്ലയിലെ ആകെയുള്ള രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരില്‍ ഒരാളായ കരിങ്കുന്നം സ്വദേശി ജ്യോത്സന രതീഷായിരുന്നു വോട്ടര്‍.
കഴിഞ്ഞ തദ്ദേശ െതരഞ്ഞെടുപ്പില്‍ പുരുഷനായി വോട്ടു രേഖപ്പെടുത്തിയ ജ്യോത്സനയ്ക്ക് ഇത് സ്വന്തം അസ്തിത്വത്തിലുള്ള ആദ്യ വോട്ടായിരുന്നു. രാവിലെ 11.30ന് പങ്കാളിക്കൊപ്പമാണ് കാറില്‍ ബൂത്തിലെത്തിയത്. ബൂത്ത് ലെവല്‍ ഓഫിസര്‍ ശോഭന മാത്യു പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
ട്രാൻസ്ജെന്‍ഡറായി വോട്ടു ചെയ്യാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്ന് ജ്യോത്സന വോട്ട് ചെയ്ത ശേഷം പ്രതികരിച്ചു. 'ഞാൻ ഞാനായി ചെയ്ത വോട്ടാണിത്'. എങ്കിലും മൂന്നു മുന്നണികളും ട്രാന്‍സ്‌ജെന്‍ഡറുകളെ പ്രകടന പത്രികയില്‍ ഉള്പ്പെടുത്താത്തതിെൻറ പരിഭവം ജ്യോത്സന പങ്കുവെച്ചു. ഇതിനെതിരായ പ്രതിഷേധം എന്ന നിലയിലാണ് കറുപ്പ് നിറമുള്ള സാരി ധരിച്ചെത്തി വോട്ട് ചെയ്തെതന്നും ജ്യോത്സന പറഞ്ഞു. സര്‍ക്കാർ സഹായത്തോടെ ലിംഗമാറ്റം നടത്തുന്നതിന് നടപടികൾ പുരോഗമിക്കുകയാണ്.
ചുരുങ്ങിയ സമയം കൊണ്ട് ഈ െതരഞ്ഞെടുപ്പില്‍ ട്രാന്‍സ്‌ജെന്‍ഡറായി വോട്ടു ചെയ്യാന്‍ എല്ലാ സഹായവും ചെയ്ത സ്‌പെഷല്‍ വില്ലേജ് ഓഫിസറും ബൂത്ത് ഓഫിസറുമായ അജേഷിനെ കണ്ടു നന്ദി പറഞ്ഞു മടങ്ങുമ്പോള്‍ സെല്‍ഫിയെടുക്കാനും ചിലരെത്തി. ഒമ്പതാം ക്ലാസ് വരെ താൻ പഠിച്ച സ്കൂളിൽ തന്നെ വോട്ട് ചെയ്യാൻ കഴിഞ്ഞതിെൻറ സന്തോഷവും ജ്യോത്സന പങ്കിട്ടു.
ഇവിടെ പഠിച്ചുകൊണ്ടിരിക്കെയാണ് തെൻറ പ്രത്യേകത മനസ്സിലാക്കിയത്. അന്നത്തെ പോലെയല്ല ഇപ്പോൾ. തങ്ങളെപ്പോലെയുള്ളവരെ സമൂഹം അംഗീകരിക്കുന്നതിെൻറ സന്തോഷവും അവർ പങ്കുവെച്ചു. പുറത്ത്കാത്തുനിന്ന ഉദ്യോഗസ്ഥർ മധുരം നൽകിയാണ് യാത്രയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.