ചെന്നൈ: കേരളത്തിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായ സ്റ്റാലിന്‍റെയും മകന്‍റെയുമുൾപെടെ ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ). പാർട്ടി അധ്യക്ഷനായ എം.കെ സ്റ്റാലിൻ കൊളത്തൂരിൽ മത്സരിക്കുേമ്പാൾ ആദ്യമായി ജനവിധി തേടുന്ന മകൻ ഉദയനിധി ചെപ്പോക്ക് മണ്ഡലത്തിൽനിന്നാണ് അങ്കത്തിനിറങ്ങുക. എ.ഐ.ഡി.എം.കെ വിട്ട് ആദ്യം എ.എം.എം.കെയിലും പിന്നീട് ഡി.എം.കെയിലും ചേക്കേറിയ തങ്ക തമിൾസെൽവത്തിനും ടിക്കറ്റ് നൽകിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഒ. പന്നീർശെൽവത്തിനെതിരെ ബോഡിനായ്ക്കനൂരിലാകും മത്സരിക്കുക. ദുരൈ മുരുഗൻ, കെ.എൻ നെഹ്റു, കെ. െപാൻമുടി, എം.ആർ.കെ പന്നീർശെൽവം തുടങ്ങി നിലവിെല എം.എൽ.എമാരിൽ ഒട്ടുമിക്കയാളുകളെയും നിലനിർത്തിയിട്ടുണ്ട്. പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാളയത്തിൽ വാർത്ത സമ്മേളനത്തിലാണ് സ്റ്റാലിൻ പട്ടിക പുറത്തുവിട്ടത്. മാർച്ച് 15ന് നാമനിർദേശ പത്രിക നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ്, ഇടത് കക്ഷികളെ കൂട്ടുപിടിച്ചാണ് തമിഴ്നാട്ടിൽ ഡി.എം.കെ ജനവിധി തേടുന്നത്. എം.ഡി.എം.കെ, വി.സി.കെ തുടങ്ങിയ കക്ഷികളും പാർട്ടിക്കൊപ്പമാണ്. 234 സീറ്റുകളിൽ 173ലും പാർട്ടി തന്നെ മത്സരിക്കും. എം.ഡി.എം.കെ ഉൾപെടെ കക്ഷികൾ ഡി.എം.കെയുടെ ഉദയസൂര്യൻ ചിഹ്നത്തിൽ തന്നെയാകും ജനവിധി തേടുക.
ഏപ്രിൽ ആറിനാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ്. ഫല പ്രഖ്യാപനം മേയ് രണ്ടിന്. ബി.ജെ.പി- എ.ഐ.ഡി.എം.കെ സഖ്യമാണ് മുഖ്യ എതിരാളികൾ.
മുൻ മുഖ്യമന്ത്രിമാരായ ജയലളിതയും കരുണാനിധിയും വിടവാങ്ങിയ ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. മാർച്ച് 15ന് തുടങ്ങുന്ന നാമനിർദേശ പത്രിക സമർപണം 19ന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.