മഹേന്ദ്ര സിങ് ധോണിയുടെ പ്രിയ കളിക്കളമാണ് ചെപ്പോക്ക്. ധോണിക്ക് മികച്ച ആവറേജുള്ള സ്റ്റേഡിയം. ചെെന്നെ മഹാനഗരത്തിന്‍റെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ചെപ്പോക്ക് സ്റ്റേഡിയത്തിന്റെ അതിർത്തികൾ തേടി ധോണിയുടെ ബാറ്റിൽനിന്ന് പറക്കുന്ന ബാളുകൾ പോലെ തമിഴക രാഷ്ട്രീയത്തിൽ സിക്സറുകൾ പറത്താൻ അരങ്ങേറ്റം കുറിക്കുകയാണ് ഉദയനിധി സ്റ്റാലിൻ. ഇന്ത്യക്കാരുടെ മനസ്സിൽ ചെപ്പോക്ക് രാജ്യത്തെ പഴക്കംചെന്ന രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണെങ്കിൽ, തമിഴ്നാടിന് അത് ഡി.എം.കെയുടെ പൊന്നാപുരം കോട്ടയായ നിയമസഭ മണ്ഡലം കൂടിയാണ്. കഴിഞ്ഞ പത്ത് തെരഞ്ഞെടുപ്പുകളിൽ ഒമ്പതിലും ഡി.എം.കെ സ്ഥാനാർഥിയെ വിജയിപ്പിച്ച മണ്ഡലത്തിൽ ഇത്തവണ കാത്തിരിക്കുന്നത് ഉദയ സൂര്യൻ ചിഹ്നത്തിൽ ഉയയനിധി സ്റ്റാലിന്‍റെ സൂര്യോദയത്തിനാണ്. മൂന്നു തവണ കരുണാനിധി അങ്കം ജയിച്ച പടക്കളം കൂടിയാണിത്.
'മഹേഷിന്‍റെ പ്രതികാരം' എന്ന സൂപ്പർ ഹിറ്റ് ഫഹദ് ഫാസിൽ ചിത്രം തമിഴിലേക്ക് 'നിമിർ' എന്ന പേരിൽ റീമേക്ക് ചെയ്തപ്പോൾ നായകൻ ഉയയനിധി സ്റ്റാലിനായിരുന്നു. കരുണാനിധിയുടെ മകൻ സ്റ്റാലിന്‍റെ ഒരേയൊരു മകൻ. സിനിമയായിരുന്നു ലോകം. സിനിമ നിർമാണത്തിലൂടെ രംഗത്തുവന്ന് വിതരണം, അഭിനയം തുടങ്ങിയ മേഖലകളിലും സജീവമായി. 2008ൽ റെഡ് ജൈന്‍റ് മൂവീസ് എന്ന പ്രൊഡക്ഷൻ കമ്പനി സ്ഥാപിച്ച് വിജയ് നായകനായ 'കുരുവി' എന്ന സിനിമ നിർമിച്ചായിരുന്ന സിനിമയിലേക്കുള്ള പ്രവേശനം.
തമിഴക രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഞായറാഴ്ച പുറത്തുവരാനിരിക്കുന്നത്. നീണ്ട 30 കൊല്ലത്തെ കരുണാനിധി-ജയലളിത ഏറ്റുമുട്ടൽ അവസാനിച്ച ആദ്യ തെരഞ്ഞെടുപ്പ്. കപ്പിത്താനില്ലാതെ മുന്നോട്ടുപോവുന്ന കപ്പലാണ് നിലവിൽ തമിഴകം. ഈ തെരഞ്ഞെടുപ്പിൽ ജയിക്കുന്ന മുന്നണിയെ നയിക്കുന്നവർക്ക് കപ്പിത്താനാകാം.
രാഷ്ട്രീയം ശ്രദ്ധിക്കാതെ സിനിമയുമായി നടന്നിരുന്ന ഉദയനിധി ഡി.എം.കെയുടെ യൂത്ത് വിങ്ങിൽ കുറച്ചുകാലമായി സജീവമായിരുന്നു. യൂത്ത് വിങ്ങിന്‍റെ ജനറൽ സെക്രട്ടറിയാണ് നിലവിൽ. ആദ്യ അങ്കത്തിൽതന്നെ ദേശീയ ശ്രദ്ധയിലേക്ക് ഉയരാൻ കഴിഞ്ഞുവെന്നതാണ് ഉദയനിധിയുടെ വിജയം. പ്രചാരണത്തിലുടനീളം കടുത്ത ആക്രമണങ്ങൾ ബി.ജെ.പിക്കും എ.ഐ.എ.ഡി.എം.കെക്കും എതിരെ അഴിച്ചുവിട്ട് മാധ്യമ ശ്രദ്ധയിലും ഒപ്പം വിവാദങ്ങളിലും ഇടംപിടിച്ചു. ചെറുപ്പത്തിന്‍റെ ഊർജം പ്രസരിപ്പിക്കുന്ന വാഗ്ധോരണികളുമായി ചെപ്പോക്കിന്‍റെ മൂക്കുമൂലകൾ ത്രസിപ്പിക്കുക മാത്രമല്ല, പ്രധാനമന്ത്രി മോദിയുമായി നേരിട്ട് ഏറ്റുമുട്ടാൻ പോലും തനിക്ക് മടിയില്ലെന്ന് ഒരുവേള തെളിയിക്കുകയും ചെയ്തു.
ഡി.എം.കെ നയിക്കുന്ന മതനിരപേക്ഷ പുരോഗമന സഖ്യത്തിനുവേണ്ടി വോട്ടുതേടി തമിഴകം മുഴുവൻ സഞ്ചരിച്ചിട്ടുണ്ട് ഉദയനിധി. അരുൺ ജയ്റ്റ്ലിയും സുഷമ സ്വരാജും മരിച്ചത് പ്രധാനമന്ത്രി മോദിയുടെ പീഡനം മൂലമാണെന്ന പ്രസ്താവന വിവാദങ്ങൾക്ക് വഴിവെച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഉയനിധിക്ക് നോട്ടീസ് നൽകിയിരുന്നു.
തെരഞ്ഞെുടുപ്പ് കാലത്ത് സഹോദരി ചെന്താമരയുടെ വീട്ടിൽ ആദായനികുതി റെയ്ഡ് നടന്നതിനെ തുടർന്ന് തെന്റ വീടും റെയ്ഡ് ചെയ്യാൻ വെല്ലുവിളിക്കാനും ഉദയനിധി തയാറായി. 2019ൽ പ്രധാനമന്ത്രി മോദി തറക്കല്ലിട്ട മധുര എയിംസിന്‍റെ ഇഷ്ടിക ഉയർത്തിക്കാട്ടി ഇനിയും നിർമാണം ആരംഭിക്കാത്തതിനെതിരെ കടുത്ത വിമർശനമാണ് കാമ്പയിൻ കാലത്ത് ഉയർത്തിയത്. സമ്മർദത്തിലായ ബി.ജെ.പി ഇഷ്ടിക മോഷണത്തിന് കേസ് നൽകിയാണ് പ്രതികാരം തീർത്തത്.
ആരോപണങ്ങളും പ്രത്യാരോപണങ്ങളും അടികളും തിരിച്ചടികളുമായി നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് തമിഴകത്ത് നിറഞ്ഞുനിന്ന താരമാണ് ഉദയനിധി സ്റ്റാലിൻ. ചെപ്പോക്ക് സ്റ്റേഡിയത്തിന്റെ 'കിങ്' ധോണിയാണെങ്കിൽ മണ്ഡലത്തിൽ ഉദയനിധി തന്നെയാകുമെന്ന് ഉറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.