മുംബൈ: ബോളിവുഡ് കണ്ട ഏറ്റവും വലിയ പണംവാരി ചിത്രമാണ് ആമിർ ഖാൻ നായകനായെത്തിയ ‘ദംഗൽ’. നിതേഷ് തിവാരിയുടെ സംവിധാനത്തിൽ 2016ൽ ഇറങ്ങിയ ബയോഗ്രഫിക്കൽ സ്പോർട്സ് ഡ്രാമ ചിത്രം 2000 കോടി രൂപയാണ് ആഗോള ബോക്സ്ഓഫിസിൽനിന്ന് വാരിക്കൂട്ടിയത്. ഗുസ്തി പരിശീലകനായ മഹാവീർ സിങ്ങിന്റെയും മക്കളുടെയും കഥയാണ് വെള്ളിത്തിരയിൽ വൻഹിറ്റായത്. ചിത്രത്തിൽനിന്ന് തങ്ങളുടെ കുടുംബത്തിന് ഒരു കോടി രൂപ മാത്രമാണ് ലഭിച്ചതെന്നാണ് മഹാവീറിന്റെ മകളും ദേശീയ ഗുസ്തി താരവും ബി.ജെ.പി നേതാവുമായ ബബിത ഫോഗട്ട് വെളിപ്പെടുത്തുന്നത്. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
ദംഗൽ നിർമാതാക്കളിൽനിന്ന് നിങ്ങൾക്ക് ലഭിച്ചത് എത്ര രൂപയാണെന്ന് ചോദിച്ചപ്പോൾ ബോക്സ് ഓഫിസ് കലക്ഷന്റെ ഒരു ശതമാനത്തിൽ താഴെയാണെന്നായിരുന്നു മറുപടി. അപ്പോൾ 20 കോടി ലഭിച്ചോയെന്ന ചോദ്യത്തിന് ഇല്ലെന്നും ഏകദേശം ഒരു കോടിയാണ് ലഭിച്ചതെന്നുമാണ് ബബിത പറഞ്ഞത്.
‘എന്റെ പിതാവ് മഹാവീർ സിങ്ങിന് ഒറ്റ കാര്യമേ ആവശ്യമുണ്ടായിരുന്നുള്ളൂ -ജനങ്ങളുടെ ആദരവും സ്നേഹവും. മറ്റുള്ളവയെല്ലാം വിട്ടേക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. ആമിർ നിർമാണ ടീമിൽ വന്നപ്പോൾ കഥാപാത്രങ്ങളുടെ പേരുകളും മാറ്റാൻ അദ്ദേഹത്തിന്റെ സംഘം നിർദേശിച്ചു. എന്നാൽ, അച്ഛൻ വഴങ്ങിയില്ല. ദംഗൽ വൻ വിജയമായതോടെ ഹരിയാനയിൽ ഒരു ഗുസ്തി അക്കാദമി തുറക്കാൻ പിതാവ് ആമിറിന്റെ സംഘത്തോട് നിർദേശിച്ചു. എന്നാൽ, അവർ സമ്മതമോ വിസമ്മതമോ അറിയിച്ചില്ല. അക്കാദമി ഒരിക്കലും യാഥാർഥ്യമായതുമില്ല’ -ബബിത പറഞ്ഞു.
സിദ്ധർഥ് റോയ് കപൂറിന്റെ യു.ടി.വി മോഷൻ പിക്ചേഴ്സും ആമിർ ഖാൻ പ്രൊഡക്ഷൻസും ചേർന്നാണ് ‘ദംഗൽ’ നിർമിച്ചത്. മഹാവീർ സിങ്ങായി ആമിർ ഖാൻ എത്തിയപ്പോൾ ഗീത ഫോഗട്ടിന്റെ വേഷത്തിൽ ഫാത്തിമ സന ഷെയ്ഖ്, സെയ്റ വസീം എന്നിവരും ബബിത ഫോഗട്ടായി സന്യ മൽഹോത്ര, സുഹാനി ഭട്നഗർ എന്നിവരുമാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.