കിരൺ റാവു സംവിധാനം ചെയ്ത ലാപത ലേഡീസിൽ ഒരു കഥാപാത്രം ചെയ്യാൻ ആഗ്രഹിച്ചിരുന്നതായി ആമിർ ഖാൻ. സ്ക്രീൻ ടെസ്റ്റിന് പങ്കെടുത്തിരുന്നുവെന്നും എന്നാൽ കിരൺ റാവു അതിന് അനുവദിച്ചില്ലെന്നും ആമിർ ഖാൻ ഏഷ്യൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ പറഞ്ഞു. ആമിറിന് ആ വേഷം നിരസിക്കാനുള്ള കാരണം കിരൺ റാവുവും വ്യക്തമാക്കിയിട്ടുണ്ട്.
'ലാപത ലേഡീസിൽ രവി കിഷൻ അവതരിപ്പിച്ച സബ് ഇൻസ്പെക്ടർ ശ്യാം മനോഹർ എന്ന കഥാപാത്രം ചെയ്യാൻ ഞാൻ വളരെ അധികം ആഗ്രഹിച്ചിരുന്നു. ഞാൻ സ്ക്രീൻ ടെസ്റ്റിന് പോലും വിധേയനായി. എന്നാൽ കിരൺ എനിക്ക് ആ വേഷം നൽകിയില്ല. ഞാൻ മികച്ച രീതിയിൽ ആ കഥാപാത്രം സ്ക്രീൻ ടെസ്റ്റിൽ അവതരിപ്പിച്ചതായി തോന്നുന്നു. എന്നാൽ രവി കിഷനായിരുന്നു അത് കിട്ടിയത്'- ആമിർ നർമത്തിൽ കലർത്തി പറഞ്ഞു.
ആമിർ ആ കഥാപാത്രം ചെയ്തിരുന്നുവെങ്കിൽ ചിത്രം മറ്റൊരു രീതിയിൽ പോകുമായിരുന്നുവെന്ന് കിരൺ മറുപടി നൽകി.' ആമിർ മികച്ച രീതിയിൽ തന്നെയാണ് ആ കഥാപാത്രത്തെ സ്ക്രീൻ ടെസ്റ്റിൽ അവതരിപ്പിച്ചത്. എന്നാൽ ചിത്രത്തിലേക്ക് ആമിർ വന്നാൽ സിനിമയുടെ ബാലൻസ് തെറ്റും. ആ കഥാപാത്രത്തിന് മങ്ങലേൽക്കുമെന്ന് തോന്നി. ഇപ്പോൾ നിങ്ങൾക്ക് എല്ലാവർക്കും അറിയാം ആ കഥാപാത്രത്തിന്റെ സ്വഭാവത്തെക്കുറിച്ച്. തുടക്കത്തിൽ ഒരു ഗ്രേഷെയ്ഡുള്ള കഥാപാത്രമാണത്. എന്നാൽ അവസാനമെത്തുമ്പോൾ അദ്ദേഹം പോസിറ്റീവ് ആയി മാറും. ഒരു സഹാനുഭൂതിയുള്ള ഒരു വശം കൂടി ആ കഥാപാത്രത്തിനുണ്ട്. ആ റോളിലേക്ക് ആമിർ വന്നാൽ ആദ്യം മുതൽ പ്രേക്ഷകരിൽ ഒരു പ്രതീക്ഷ വരും.അത് ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് ആമിറിനെ ഒഴിവാക്കിയത്'- കിരൺ റാവു പറഞ്ഞു.
രണ്ട് യുവ നവദമ്പതികളുടെ കഥയാണ് ലാപത ലേഡീസ് പറഞ്ഞത്. വിവാഹം കഴിഞ്ഞ് ഭർത്തൃവീട്ടിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ വച്ച് വധു മാറി പോവുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പ്രതിഭ രന്ത, സ്പർശ് ശ്രീവാസ്തവ, നിതാൻഷി ഗോയൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.97-ാമത് ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ലാപത ലേഡീസ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.