മലയാളത്തിലെ ആദ്യകാല സൂപ്പർ നായിക ഷീലക്ക് ഇന്ന് പിറന്നാൾ. 1960കളിൽ സിനിമയിലെത്തിയ നടി ഇപ്പോഴും സിനിമാ രംഗത്തുണ്ട്. തനിക്ക് 95 വയസ്സായി എന്ന് പല കോണുകളിൽനിന്നുള്ള പ്രചാരണങ്ങളോട് പിറന്നാൾ ദിനത്തിൽ ഷീല പ്രതികരിച്ചു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, തനിക്ക് എത്ര വയസ്സുണ്ടെന്ന് ജനനത്തീയതി ഉൾപ്പെടെ നടി വ്യക്തമാക്കി. 1948 മാർച്ച് 24-നാണ് തന്റെ ജനനമെന്നും ഇപ്പോൾ 77 വയസ്സാണെന്നും ഷീല പറഞ്ഞു.
‘ഒരു ചാനലിൽ നിന്ന് വിളിച്ച് 95 വയസ്സായിട്ടും ഇങ്ങനെ തന്നെ ഇരിക്കുന്നതിൽ വളരെ സന്തോഷം എന്ന് പറഞ്ഞു. 95 അല്ല, 105 വയസ്സായി, എനിക്കൊരു ചെക്കനെ നോക്കൂ’ എന്നായിരുന്നു ഞാൻ അവരോട് പറഞ്ഞത്. ഞാനും ജയലളിതയും ഒരേ വർഷമാണ് ജനിച്ചത്. 1948 ആണ്. ജയലളിത 1948 ഫെബ്രുവരി 24, ഞാൻ മാർച്ച് 24. നമ്മൾക്കിടയിൽ ഒരു മാസത്തെ വ്യത്യാസമേ ഉള്ളൂവെന്ന് ഞങ്ങൾ എപ്പോഴും പറയും' -ഷീല പറഞ്ഞു.
എപ്പോഴും ഒരുങ്ങി നടക്കണമെന്ന് ആഗ്രമുണ്ടെന്നും നടി പറഞ്ഞു. അഭിനയിക്കുന്നതിനേക്കാൾ ഇഷ്ടം പെയിന്‍റിങ് ചെയ്യാനാണെന്ന് നടി വ്യക്തമാക്കി. ചെറുപ്പം മുതലേ വരക്കുമായിരുന്നെന്നും നിറങ്ങളോട് പ്രത്യേക ഇഷ്ടമാണെന്നും നടി പറഞ്ഞു.
എം.ജി.ആർ. നായകനായ 'പാശ'ത്തിലൂടെയാണ് ഷീല സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എങ്കിലും ആദ്യം പ്രദർശനത്തിനെത്തിയത് 'ഭാഗ്യജാതകം' എന്ന മലയാള ചിത്രമാണ്. ഷീല എന്ന പേര് എം.ജി.ആർ സരസ്വതി ദേവി എന്നാക്കി മാറ്റിയിരുന്നു. പാശത്തിന്റെ സെറ്റിൽവച്ച് സരസ്വതി ദേവിയെ കണ്ട പി. ഭാസ്കരൻ തന്റെ അടുത്ത ചിത്രമായ 'ഭാഗ്യജാതക'ത്തിൽ അവരെ നായികയാക്കി. ഷീല എന്ന പേരിട്ടത് ഭാസ്കരനായിരുന്നു. 1980-ൽ 'സ്ഫോടനം' എന്ന ചിത്രത്തോടെ താൽകാലികമായി അഭിയയന രംഗത്തുനിന്ന് വിടവാങ്ങിയ ഷീല 2003-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'മനസ്സിനക്കരെ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ തിരിച്ചെത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.