ശോഭിത ധൂലിപാല വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. മെയ്ഡ് ഇൻ ഹെവൻ പോലുള്ള പരമ്പരകളിലും പൊന്നിയിൻ സെൽവൻ, ദി നൈറ്റ് മാനേജർ തുടങ്ങിയ സിനിമകളിലും ശക്തമായ വേഷങ്ങൾ ചെയ്തുകൊണ്ട് അവർ അഭിനയ രംഗത്തെ തന്‍റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ഒരിക്കൽ ഒരു പരസ്യത്തിൽ തനിക്ക് പകരമായി നായയെ അഭിനയിപ്പിച്ചുണ്ടെന്ന കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് നടി.
സിനിമാ ലോകത്ത് ശോഭിതയുടെ തുടക്കം അത്ര എളുപ്പമുള്ളതായിരുന്നില്ല. തനിക്ക് വെളുത്ത നിറമോ സൗന്ദര്യമോ ഇല്ലെന്ന് ആളുകൾ പറഞ്ഞതായി അവർ പറഞ്ഞു. ഒരു പരസ്യ ഓഡിഷനിൽ, പശ്ചാത്തല മോഡലായി പോലും താൻ നിരസിക്കപ്പെടുകയും പകരം ഒരു വളർത്തുനായയെ കൊണ്ടുവരികയും ചെയ്തു എന്നാണ് ശോഭിത പറഞ്ഞത്. എന്നാൽ ഇതിനൊന്നും നടിയുടെ നിശ്ചയദാർഢ്യത്തെ തടയാനായില്ല. ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിച്ചുകൊണ്ട് അവർ വീണ്ടും ശക്തമായി നിലകൊണ്ടു.
കരിയറിന്റെ തുടക്കകാലത്ത് ഒരുപാടുവെല്ലുവിളികളും പരിഹാസങ്ങളും കേൾക്കേണ്ടി വന്നതായി നടി മുമ്പും തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നല്ല താൻ വരുന്നത്. നിരവധി ഓഡീഷനുകൾക്ക് പോയിട്ടുണ്ട്. സൗന്ദര്യമില്ലെന്ന് പറഞ്ഞ് പല അവസരങ്ങളും നഷ്ടമായി. ഒരു പരസ്യ ചിത്രത്തിന്റെ ഓഡീഷന് പോയ അനുഭവം ഇപ്പോഴും ഓർമിക്കുന്നുണ്ട്, സൗന്ദര്യമില്ലെന്ന് അവർ മുഖത്ത് നോക്കി പറഞ്ഞു. കേട്ടപ്പോൾ ആകെ വിഷമവും നിരാശയും തോന്നിയെന്ന് ശോഭിത മുമ്പ് പറഞ്ഞിരുന്നു.
2013-ൽ, ശോഭിത മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തു. വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും, മിസ് ഫോട്ടോജെനിക്, മിസ് ബ്യൂട്ടിഫുൾ ഫേസ് തുടങ്ങിയ നിരവധി കിരീടങ്ങൾ അവർക്ക് ലഭിച്ചു. ഇതാണ് അഭിനയം പരീക്ഷിക്കാൻ ആത്മവിശ്വാസം നൽകിയത്. 2016 ൽ പുറത്തിറങ്ങിയ രാമൻ രാഘവ് 2.0 എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഷെഫ്, ഗൂഡാചാരി, കുറുപ്പ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. എന്നാൽ മെയ്ഡ് ഇൻ ഹെവൻ ആണ് ഇത് ഇന്ത്യയിലുടനീളം നടിയെ പ്രശസ്തയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.