'ദക്ഷിണേന്ത്യൻ സിനിമകൾ കാണാൻ വലിയ ബുദ്ധി വേണ്ട; കാറുകൾ പൊട്ടിത്തെറിക്കുന്നു, ആളുകൾ പറക്കുന്നു'-അർഷാദ് വാർസി

കൽക്കി 2898 എ.ഡി ചിത്രത്തിലെ പ്രഭാസിന്റെ പ്രകടനം കോമാളിയെ പോലെയുണ്ടെന്നുള്ള നടൻ അർഷാദ് വാർസിയിയുടെ പരാമർശം വലിയ വിവാദമാവുകയാണ്.കൽക്കി 2898 എ.ഡിയിലെ പ്രഭാസിനെക്കുറിച്ചോർക്കുമ്പോൾ സങ്കടം തോന്നുന്നെന്നും ചിത്രത്തിൽ കോമളിയെ പോലെയുണ്ടെന്നുമായിരുന്നു അർഷാദ് വാർസി ഒരു അഭിമുഖത്തിൽ പറഞ്ഞത്. അതേസമയം പ്രഭാസിനെ വിമർശിക്കുന്നതിനൊപ്പം അമിതാഭ് ബച്ചനെ പ്രശംസിക്കുകയും ചെയ്തിരുന്നു.കൽക്കി 2898 എ.ഡി ചിത്രം തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും എന്നാൽ അമിതാഭ് ബച്ചൻ ഞെട്ടിച്ചെന്നുമാണ് പറഞ്ഞത്.വാർസിയുടെ കോമാളി പരാമർശം പ്രഭാസ് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.  രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയരുന്നത്.

അർഷാദ് വാർസിയിക്കെതിരെ വിമർശം കനക്കുമ്പോൾ സൗത്തിന്ത്യൻ സിനിമകളെ പരിഹസിക്കുന്ന നടന്റെ ഒരു വിഡിയോ റെഡ്ഡിറ്റിൽ വൈറലാവുകയാണ്. ടൈം പാസ് എന്നാണ് ഡബ്ബ് ചെയ്ത് ഹിന്ദിയിലെത്തുന്ന സൗത്തിന്ത്യൻ സിനിമകളെ നടൻ വിശേഷിപ്പിച്ചിരിക്കുന്നത്.സൗത്തിന്ത്യൻ ചിത്രങ്ങൾക്ക് ഹിന്ദിയിൽ ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ചുള്ള ചോദ്യത്തനായിരുന്നു മറുപടി.

'എന്റെ വീട്ടിലെ ജോലിക്കാരെല്ലാം ഡബ്ബ് ചെയ്ത ദക്ഷിണേന്ത്യൻ സിനിമകൾ കാണാറുണ്ട്. ഇത് വളരെ രസകരമാണ്. രജനികാന്ത് വലിയ താരമാണ്, അതിന് ഒരു കാരണം ഉണ്ടായിരിക്കണം. എന്നാൽ സിനിമയെക്കുറിച്ച് അധികം ചിന്തിക്കേണ്ടതില്ല. ഈ ചിത്രങ്ങൾ കാണാൻ അധികം ബുദ്ധിയും വേണ്ട.കാറുകൾ പൊട്ടിത്തെറിക്കുന്നു, ആളുകൾ പറക്കുന്നു, സ്റ്റൈലിൽ സിഗരറ്റ് വലിക്കുന്നു. എല്ലാം ടൈം പാസ് ആണ്. പോപ്‌കോൺ കഴിക്കൂ, സിനിമ കാണൂ, വീട്ടിലേക്ക് പോകൂ'- എന്നാണ് അർഷാദ് വാർസി വിഡിയോയിൽ പറയുന്നത്

ദക്ഷിണേന്ത്യൻ സിനിമകളെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് തെറ്റാണെന്നാണ് വിഡിയോയിലുള്ള റെഡ്ഡിറ്റ് ഉപഭോക്താക്കളുടെ പ്രതികരണം. ജയ് ഭീം, ജേഴ്സി, മഹാരാജ, സൂപ്പർ ഡീലക്‌സ് തുടങ്ങിയ ചിത്രങ്ങൾ കാണാനും നിർദ്ദേശിക്കുന്നുണ്ട്.

അതേസമയം നടന്റെ കോമാളി പരാമർശത്തിൽ കൽക്കി 2898 എ.ഡി സിനിമയുടെ സംവിധായൻ നാഗ് അശ്വൻ പ്രതികരിച്ചിട്ടുണ്ട്. അര്‍ഷാദ് വാര്‍സി കുറച്ചുകൂടി മികച്ച വാക്കുകള്‍ ഉപയോഗിക്കണമായിരുന്നുവെന്ന് നാഗ് അശ്വിന്‍ കുറച്ചു. നമുക്കിനിയും പുറകിലേക്ക് പോകേണ്ടതില്ല. തെന്നിന്ത്യ, ബോളിവുഡ് സംവാദങ്ങളുടെ ആവശ്യമിനിയില്ലെന്നും നാഗ് അശ്വിന്‍ കൂട്ടിച്ചേർത്തു.

നടന്‍ നാനിയും സംഭവത്തില്‍ പ്രതികരിച്ചിരുന്നു. അര്‍ഷാദ് വാര്‍സിയുടെ പരാമര്‍ശത്തെ അനാവശ്യമായി വലുതാക്കി കാണിക്കേണ്ടതില്ലെന്നാണ് നാനി പറഞ്ഞത്. പ്രഭാസിനെ കോമാളിയെന്ന് പറഞ്ഞതുകൊണ്ട് അര്‍ഷാദ് വാര്‍സിക്ക് ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ പബ്ലിസിറ്റിയാണെന്ന് നാനി കൂട്ടിച്ചേര്‍ത്തു. പ്രഭാസ് കാരണം ആ നടന്റെ പേര് ഹൈലൈറ്റ് ആയെന്ന് നിര്‍മാതാവായ ദില്‍രാജു പ്രതികരിച്ചു. മുന്നാഭായ് എംബിബിഎസ്, ഗോല്‍മാല്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് നടനാണ് അര്‍ഷാദ് വാര്‍സി

ആഗോളതലത്തില്‍ ഏകദേശം 1200 കോടി രൂപയിലധികം നേടിയ ചിത്രമാണ് കല്‍ക്കി 2898 എഡി. ജൂണ്‍ 27 ന് റിലീസായ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, പ്രഭാസ്, ദീപിക, ശോഭന തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയ താരനിരയാണ് അണിനിരന്നത്.ദിഷ പഠാനി, ശാശ്വത ചാറ്റര്‍ജി, ബ്രഹ്‌മാനന്ദം, രാജേന്ദ്ര പ്രസാദ്, പശുപതി, അന്ന ബെന്‍, സംവിധായകന്‍ രാജമൗലി ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരകൊണ്ട എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവരിപ്പിച്ചിരുന്നു.വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവരാണ് ചിത്രം നിര്‍മിച്ചത്. 

Tags:    
News Summary - Amid Arshad Warsi’s ‘joker’ comment on Prabhas, his old interview calling dubbed South Indian films ‘mindless’ resurfaces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-25 07:14 GMT