പുറത്തൊക്കെ പോയി മലയാള സിനിമയിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയാൽ വൗ, ദേ മേക്ക് ഗുഡ് ഫിലിംസ് എന്നായിരിക്കും പ്രതികരണം
‘കസ്തൂരിമാനി’ലെ ചിൽ വൈബുള്ള പ്രിയംവദ, ‘സ്വപ്നക്കൂടി’ലെ പനിനീർമലരായ കമല, ‘മിന്നാമിന്നിക്കൂട്ട’ത്തിലെ ചാരു, ‘ഗ്രാമഫോണി’ലെ പരിശ്രമശാലിയായ ജെന്നി, ദേശീയ അവാർഡിന്റെ നെറുകയിൽ വരെയെത്തിയ ‘പാഠം ഒന്ന് ഒരു വിലാപ’ത്തിലെ ഷാഹിന, ‘അച്ചുവിന്റെ അമ്മ’യുടെ സ്വന്തം മകൾ അച്ചു, ‘ഒരേകടലി’ലെ ഒരു കടലാഴം മുഴുവൻ ഉള്ളിലൊളിപ്പിച്ച ദീപ്തി.. ഇങ്ങനെ സിനിമ പ്രേക്ഷകർ എല്ലാകാലത്തും ഓർത്തിരിക്കുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച്, ഇടയ്ക്ക് സിനിമാലോകത്തു നിന്ന് ഇടവേളയെടുത്ത മലയാളികളുടെ സ്വന്തം മീരാ ജാസ്മിൻ. ബ്രേക്കിനു ശേഷം മടങ്ങിയെത്തി വീണ്ടും സിനിമാലോകത്ത് സജീവമാകുന്ന മീരയുടെ ഏറ്റവും പുതിയ ചിത്രമായ ‘പാലും പഴവും’ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. പുതിയ സിനിമയുടെ വിശേഷങ്ങളെ കുറിച്ചും സിനിമാ കാഴ്ചപ്പാടുകളെ കുറിച്ചും മീരാ ജാസ്മിൻ സംസാരിക്കുന്നു.
മുമ്പ് ചെയ്ത നന്നായി എനർജറ്റിക് ആയ കഥാപാത്രങ്ങളുടെ മറ്റൊരു വേർഷനാണ് ‘പാലും പഴവും’ സിനിമയിലെ സുമി എന്ന കഥാപാത്രം. ഞാൻ മുമ്പ് ചെയ്ത ‘രസതന്ത്രം’പോലുള്ള സിനിമകളുടെ അതേ വൈബുള്ള കഥാപാത്രമാണിതും. തികച്ചും അൺകൺവെൻഷനലായിട്ടുള്ള ഒരു പ്രമേയമാണ് ചിത്രത്തിന്റേത്. ഇതിന്റെ കഥ പൂർത്തിയായപ്പോൾ വി.കെ.പി (സംവിധായകൻ വി.കെ. പ്രകാശ്) വിളിച്ചു പറഞ്ഞു; ഇങ്ങനെയൊരു സ്റ്റോറി ഉണ്ട്, പ്രായം കുറവുള്ള യുവാവും അവനേക്കാൾ പ്രായമുള്ള യുവതിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ്. തിരക്കഥ ആയിട്ടില്ല, മീരക്ക് താൽപര്യമുണ്ടോ എന്നായിരുന്നു ചോദ്യം. ഇന്ററസ്റ്റിങ് എന്നായിരുന്നു എന്റെ പ്രതികരണം. സ്ക്രിപ്റ്റ് വായിച്ചപ്പോഴും ഇഷ്ടപ്പെട്ടു. ഇതുവരെ ചെയ്യാത്തൊരു കഥാപാത്രവും ത്രെഡുമായതിലാണ് ഒരു എക്സൈറ്റ്മന്റ് തോന്നിയത്. ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രായവ്യത്യാസത്തിന്റെ കഥ സിനിമയിൽ മുമ്പും വന്നിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു ഫുൾ ഓൺ കോമഡി ട്രാക്കിൽ വന്നിട്ടില്ലെന്ന് തോന്നുന്നു.
ഇടക്ക് സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. ‘ക്വീൻ എലിസബത്ത്’ ഉൾപ്പെടെ ഇറങ്ങി. മറ്റു ഭാഷകളിലും സിനിമകൾ ഇറങ്ങുന്നുണ്ടായിരുന്നു. എന്തായാലും മുമ്പ് ചെയ്ത ശക്തമായ കഥാപാത്രങ്ങളുടെ സ്വാധീനം ഇന്നുമുണ്ടെന്നാണ് ഞാനും കരുതുന്നത്.
തിരിച്ചുവരവിൽ കുറെ കൂടി സെലക്ടീവ് ആയി സിനിമകൾ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. നല്ല സബ്ജക്ട്, നല്ല ആശയം, നല്ല ടീം ഇതൊക്കെ തന്നെയാണ് മുൻഗണനാവിഷയങ്ങൾ. എന്നാൽ, കഥാപാത്രം ഇന്നതാകണം എന്നൊരിക്കലും ചിന്തിക്കാറില്ല.
സിനിമാലോകം ഒരുപാട് മാറിയിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽതന്നെ എല്ലാവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒരു ഇൻഡസ്ട്രി ആണ് മലയാള സിനിമയിപ്പോൾ. ബോളിവുഡിലൊക്കെ മലയാള സിനിമയെന്നു പറഞ്ഞാൽ അവർക്ക് വലിയ കാര്യമാണ്. മികച്ച മുന്നേറ്റമാണ് ഈ മേഖലയിലുള്ളതെന്നും മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ അഭിമാനകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോവുന്നതെന്നുമുള്ളത് നല്ല കാര്യമാണ്. നമ്മൾ പുറത്തൊക്കെ പോയി മലയാള സിനിമയിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയാൽ വൗ, ദേ മേക്ക് ഗുഡ് ഫിലിംസ് എന്നായിരിക്കും പ്രതികരണം.
വൈവിധ്യമാർന്ന കഥാപാത്രങ്ങൾ
അഭിനയത്തിന് ദേശീയ അവാർഡും സംസ്ഥാന അവാർഡും ഒരുമിച്ച് സ്വന്തമാക്കിയ ചിത്രമായിരുന്നു ‘പാഠം ഒന്ന് ഒരു വിലാപം’, അതിലെ ഷാഹിന തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ്. ഇത്തരം വൈവിധ്യമാർന്ന കഥാപാത്രങ്ങളെ ഇനിയും തീർച്ചയായും കാണാൻ സാധിക്കും. വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും കഥാപാത്ര തെരഞ്ഞെടുപ്പ്. ചിലപ്പോൾ അതത്ര വാണിജ്യപരമായിരിക്കില്ല, എന്നാൽ ചിലത് വളരെ എന്റർടെയ്നിങ് ആയിരിക്കും. ഒരിക്കലും കമേഴ്സ്യൽ സിനിമ മാത്രമേ ചെയ്യൂ എന്നോ അല്ലെങ്കിൽ അവാർഡ് പടം മാത്രമേ ചെയ്യൂ എന്നോ ഒന്നുമില്ല. സത്യത്തിൽ അവാർഡ് പടം എന്നൊന്നില്ല. അവാർഡ് എന്നത് നമ്മൾ മികച്ച രീതിയിൽ ചെയ്തുവരുമ്പോൾ അവസാനം കിട്ടുന്ന ഒരു അംഗീകാരമാണ്. അല്ലാതെ ഞാനീ സിനിമക്ക് അവാർഡ് വാങ്ങും എന്നു പറഞ്ഞ് ഒരിക്കലും അഭിനയിക്കാൻ എന്നെക്കൊണ്ട് പറ്റില്ല.’
എന്നെ സംബന്ധിച്ചിടത്തോളം എല്ലാത്തരം സിനിമകളും മികച്ചതാണ്. ‘പാലും പഴവും’ ഒരു സ്ത്രീകേന്ദ്രീകൃത സിനിമയല്ല. മറിച്ച്, ഒരു ടോട്ടൽ എന്റർടെയ്നർ പാക്കേജാണ്. കുടുംബത്തിനും ചെറുപ്പക്കാർക്കും എല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന അത്തരമൊരു അവതരണമാണ് ചിത്രത്തിന്റേത്. ചിലപ്പോൾ ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകേന്ദ്രീകൃതമായേക്കാം. അതിന്റെ കഥ കേൾക്കുമ്പോൾ എനിക്കിഷ്ടം തോന്നുകയാണെങ്കിൽ ചെയ്തേക്കാം എന്നു തീരുമാനിക്കും. ചിലപ്പോൾ അതിന്റെ ബജറ്റ് കുറവായിരിക്കാം, വാണിജ്യപരമായ ഘടകം കുറവായിരിക്കാം, എന്റർടെയ്ൻമെന്റ് ഘടകം കുറവായിരിക്കാം. പക്ഷേ, ഒരു കലാകാരിയെന്നനിലക്ക് പെർഫോം ചെയ്യാനുള്ള സാധ്യത കൂടുതലായിരിക്കും. മാത്രമല്ല, ഒരു നല്ല ആശയം ഇതിലൂടെ പങ്കുവെക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലോ ഒരു നല്ല കഥാപാത്രം ആണെങ്കിലോ ഒക്കെ ആ സിനിമ എന്നെ ആകർഷിക്കാറുണ്ട്.
‘പാലും പഴവും’ പൂർണമായും വിനോദത്തിനായി ഒരുക്കിയ ചിത്രമാണ്. എന്നാൽ, പ്രായം കുറഞ്ഞ പുരുഷനും പ്രായം കൂടിയ സ്ത്രീയും കല്യാണം കഴിക്കുകയെന്ന ഇതിന്റെ ത്രെഡ് തന്നെ ഒരു സാമൂഹ്യപരമായ സമ്പ്രദായങ്ങളെ തച്ചുടക്കുന്നതാണ്, നർമരീതിയിലാണ് പറയുന്നതെങ്കിൽപോലും.
കാലം മാറുന്നതിനനുസരിച്ച് നമ്മളും മാറണം, കൂടുതൽ തുറന്ന മനസ്സോടെയിരിക്കണം. പ്രത്യേകിച്ച് നമ്മുടെ നാട്ടിലുള്ളവരെല്ലാം ഇപ്പോൾ പുറത്തുപോയി ജീവിക്കുകയാണ്. പത്തു വർഷം മുമ്പുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. കാലമിങ്ങനെ മാറിക്കൊണ്ടിരിക്കുന്നു, കാലത്തിനനുസരിച്ച് നമ്മളും മാറണം. പണ്ടും പ്രായം കൂടിയ പെൺകുട്ടിയും പ്രായം കുറഞ്ഞവനും തമ്മിലുള്ള പ്രണയബന്ധവും വിവാഹവും ഒക്കെ ഇവിടെ നടന്നിരുന്നു. എന്നാൽ, മറ്റുള്ളവർ എന്തു വിചാരിക്കുമെന്ന പേടിയിൽ ആരും പുറത്തു പറയാറില്ല. പക്ഷേ, ഇപ്പോൾ കൂടുതൽ ഈ ഒരു കാര്യത്തിന് സ്വീകാര്യത കിട്ടാനും സാധാരണ സംഭവമാകാനും തുടങ്ങി. സ്ത്രീയും പുരുഷനും ഹാപ്പിയായിട്ട് ജീവിക്കണമെന്നത് അവരാണ് തീരുമാനിക്കേണ്ടത്.
അടുത്തിടെയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. അത്ര ആക്ടീവ് അല്ല ഞാൻ. അത്യാവശ്യം മാത്രമേ ഉപയോഗിക്കാറുള്ളൂ. ഞാൻ ഇൻസ്റ്റയിൽ അക്കൗണ്ട് തുടങ്ങിയത് വാർത്തയായിരുന്നു. പക്ഷേ, ഞാനൊരു സ്വകാര്യ വ്യക്തിയാണ്. തികച്ചും സ്വകാര്യത കാത്തു സൂക്ഷിച്ചാണ് ഞാൻ ജീവിക്കുന്നത്. എന്റെ സ്വകാര്യജീവിതം പുറത്ത് കാണിക്കാൻ എനിക്ക് താൽപര്യമില്ല. അങ്ങനെ ചെയ്യാനും എനിക്ക് പറ്റില്ല. സിനിമയിൽ വരും, അഭിനയിക്കും, തിരിച്ചുപോവും, പിന്നെ ഉള്ളത് എന്റേതായ സ്പേസ് ആണ്. പക്ഷേ എനിക്ക് പങ്കുവെക്കാൻ തോന്നുന്ന ചില നിമിഷങ്ങൾ ഞാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുമുണ്ട്. അല്ലാതെ ഫുൾടൈം സോഷ്യൽ മീഡിയയിൽ കണ്ണു നട്ടിരിക്കാറില്ല.
നിത്യ മേനോന് ദേശീയ അവാർഡ് കിട്ടിയതിൽ ഏറെ സന്തോഷം. സർപ്രൈസ്ഡ് അല്ല അത്, ഉർവശി ചേച്ചിക്ക് പുരസ്കാരം കിട്ടിയതും സർപ്രൈസിങ് അല്ല. അഭിനയത്തിന്റെ ഒരു വലിയ പ്രസ്ഥാനമാണവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.