സ്ത്രീവിരുദ്ധ കമന്‍റ്: ഹണി റോസിന്റെ പരാതിയിൽ 27 പേർക്കെതിരെ കേസ്

കൊച്ചി: ഫേസ്​ബുക്ക്​​ പോസ്​റ്റിന്​ താഴെ സ്ത്രീവിരുദ്ധ കമന്‍റിട്ടവർക്കെതിരെ നടി ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് 27 പേർക്കെതിരെ കേസെടുത്തു​. പോസ്റ്റിന് താഴെ അശ്ലീല കമന്‍റിട്ടവരെയാണ് പ്രതി ചേർത്തത്. എറണാകുളം സെൻട്രൽ പൊലീസിന്റേതാണ് നടപടി. തന്നെ ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നുകാണിച്ച് കഴിഞ്ഞ ദിവസം ഹണി ഫേസ്ബുക്കിലിട്ട പോസ്റ്റിനു താഴെയാണ് അധിക്ഷേപ കമന്റുകൾ വന്നത്.

സ്ത്രീവിരുദ്ധവും അപകീർത്തികരവുമായ കമന്‍റിട്ടവർക്കെതിരെ​ ഞായറാഴ്ച വൈകീട്ടാണ് എറണാകുളം സെൻട്രൽ പൊലീസിൽ നടി പരാതി നൽകിയത്​. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്നാണ് വിവരം. ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ പെടുന്ന, ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

“ഒരു വ്യക്തി ദ്വയാർഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവർ ചോദിക്കുന്നു. പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ ഞാൻ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു.

പണത്തിന്റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക്‌ അപമാനിക്കാൻ കഴിയുമോ, അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നൽകുന്നില്ലേ എന്ന് ചോദിച്ചാൽ ഇയാളുടെ പ്രവർത്തികളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗികദ്യോതകമായ ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണ് എന്നാണ് അറിയാൻ സാധിച്ചത്.

ഞാൻ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നർത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല...” -എന്നിങ്ങനെയായിരുന്നു ഹണി റോസിന്‍റെ കുറിപ്പ്. താൻ പേരുപറഞ്ഞില്ലെങ്കിലും എല്ലാവർക്കും അതാരാണെന്ന് അറിയുന്ന കാര്യമാണെന്നും ഇനിയും ഇത്തരം സംഭവമുണ്ടായാൽ നിയമനടപടി സ്വീകരിക്കുമെന്നും നടി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

Tags:    
News Summary - Police took case against 27 individuals for posting abusive comments on Malayalam Actress Honey Rose's Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.