മുംബൈ: ബോളിവുഡിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിൽ ഒന്നാണ് ആമിർ ഖാൻ നായകനായെത്തിയ ‘ദംഗൽ’. നിതേഷ് തിവാരിയുടെ സംവിധാനത്തിൽ 2016ൽ ഇറങ്ങിയ ബയോഗ്രഫിക്കൽ സ്പോർട്സ് ഡ്രാമ 2000 കോടി രൂപയാണ് ആഗോള ബോക്സ് ഓഫിസിൽനിന്ന് വാരിക്കൂട്ടിയത്. ഗുസ്തി പരിശീലകനായ മഹാവീർ സിങ്ങിന്റെയും മക്കളുടെയും കഥയാണ് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയത്.
ദംഗലിനെ തന്റെ കരിയറിൽ തന്നെ ഏറ്റവും നന്നായി അഭിനയിച്ച ചിത്രമായി കണക്കാക്കുന്നുവെന്ന് ആമിർ ഖാൻ വ്യക്തമാക്കി. എന്നാൽ ഒരു ഷോട്ടിൽ മാത്രമാണ് കഥാപാത്രത്തെ തനിക്ക് നഷ്ടമായതെന്നും അത് ആദ്യം കണ്ടുപിടിച്ചത് അമിതാഭ് ബച്ചനാണെന്നും ആമിർ ഖാൻ പറയുന്നു. 1988-ൽ പുറത്തിറങ്ങിയ തന്റെ ചിത്രമായ 'ഖയാമത് സേ ഖയാമത് തക്' പ്രദർശിപ്പിച്ച റെഡ് ലോറി ഫിലിം ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു ആമിർ.
'എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന് പറയാൻ പ്രയാസമാണ്. ദംഗൽ ആണ് ഞാൻ ഏറ്റവും നന്നായി അഭിനയിച്ച സിനിമ. സിനിമയിൽ ഒരു ഷോട്ട് മാത്രം ഞാൻ തെറ്റിച്ചു. അമിതാഭ് ബച്ചൻ വളരെ ഷാർപ്പായ ആളായതിനാൽ അദ്ദേഹം അത് ശ്രദ്ധിച്ചു. ചിത്രത്തിലെ ഒരു ഗുസ്തി രംഗത്തിനിടയിലാണ് ആ തെറ്റ് പറ്റിയത്, ആ രംഗത്തിൽ ഞാൻ 'യെസ്' എന്ന് പറയുന്നുണ്ട്, എന്നാൽ മഹാവീർ ഫോഗട്ട് എന്ന കഥാപാത്രത്തിന് ഒരിക്കലും അങ്ങനെ എന്ന് പറയാൻ കഴിയില്ല. അദ്ദേഹം 'വാ' അല്ലെങ്കിൽ 'ശബാഷ്' എന്നേ പറയു...എഡിറ്റിങ്ങിലും അത് വ്യക്തമായില്ല. എല്ലാ സിനിമകളിലും ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ട്, ഒരു സിനിമയും പൂർണമല്ല' -ആമിർ പറഞ്ഞു.
സിദ്ധർഥ് റോയ് കപൂറിന്റെ യു.ടി.വി മോഷൻ പിക്ചേഴ്സും ആമിർ ഖാൻ പ്രൊഡക്ഷൻസും ചേർന്നാണ് ‘ദംഗൽ’ നിർമിച്ചത്. മഹാവീർ സിങ്ങായി ആമിർ ഖാൻ എത്തിയപ്പോൾ ഗീത ഫോഗട്ടിന്റെ വേഷത്തിൽ ഫാത്തിമ സന ഷെയ്ഖ്, സെയ്റ വസീം എന്നിവരും ബബിത ഫോഗട്ടായി സന്യ മൽഹോത്ര, സുഹാനി ഭട്നഗർ എന്നിവരുമാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.