ജന്നത് സിനിമയുടെ സെറ്റില്‍ വെച്ച് ഇമ്രാന്‍ ഹാഷ്മി പരുഷമായാണ് തന്നോട് പെരുമാറിയതെന്ന പാക് നടന്‍ ജാവേദ് ഷെയ്ഖിന്റെ ആരോപണത്തിന് മറുപടിയുമായി ഹാഷ്മി. ആരോപണങ്ങൾ നിഷേധിച്ച താരം സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ്.
'ഇത് വിചിത്രമായി തോന്നുന്നു! അന്ന് എനിക്ക് 20 വയസായിരുന്നു. അദ്ദേഹം എന്റെ പ്രായമല്ലാത്തതിനാല്‍ ഞങ്ങള്‍ സുഹൃത്തുകളായിരുന്നില്ല. ഞങ്ങള്‍ ഒരുമിച്ച് കറങ്ങാനും പോയിട്ടില്ല. അദ്ദേഹം നടന്നുവെന്ന പറയുന്ന സംഭവങ്ങളൊന്നും ഞാന്‍ ഓര്‍ക്കുന്നില്ല. സെറ്റിൽ ഞങ്ങൾ വളരെ സൗഹാർദപരമായിരുന്നു.' -ഹാഷ്മി പറഞ്ഞു.
ജന്നത് സിനിമയുടെ സെറ്റില്‍ വെച്ച് തന്നെ അവഗണിക്കുന്ന രീതിയിലാണ് ഹാഷ്മി കൈ തന്നതെന്നും സിനിമ പൂര്‍ത്തിയാക്കിയപ്പോഴും നടനോട് ഒന്നും സംസാരിച്ചില്ലെന്നും ജാവേദ് ആരോപിച്ചിരുന്നു.
'ചിത്രത്തിന്റെ നിര്‍മാണം മഹേഷ് ഭട്ടും സംവിധാനം കുനാല്‍ ദേശ്മുഖുമാണ് നിര്‍വഹിച്ചത്. ഞാന്‍ സിനിമയുടെ ഭാഗമായി കരാര്‍ ഒപ്പിട്ടതിന് പിന്നാലെ അദ്ദേഹം എന്നോട് സിനിമയുടെ മുഴുവന്‍ കഥയും വിശദീകരിച്ചുതന്നു. അപ്പോഴൊന്നും ഇമ്രാന്‍ ഹാഷ്മിയെ കാണാനുള്ള അവസരം എനിക്ക് ലഭിച്ചില്ല. പിന്നീട് അദ്ദേഹത്തെ കണ്ടപ്പോള്‍ കൈകൊടുക്കാനായി ശ്രമിച്ചെങ്കിലും തണുപ്പന്‍മട്ടിലുള്ള പ്രതികരണമാണ് നടന്റെ ഭാഗത്തുനിന്നുണ്ടായത്. എന്നെ അവഗണിക്കുന്ന രീതിയിലാണ് കൈതന്നത്. പെട്ടന്ന് തന്നെ മുഖം തിരിക്കുകയും ചെയ്തു. ഇത് എന്നെ അലോസരപ്പെടുത്തി.'-ജാവേദ് ഷെയ്ഖ് അന്ന് പറഞ്ഞു.
ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ വലിയതാരങ്ങള്‍ എന്നെ ബഹുമാനിക്കുന്നുണ്ട്. ജാവേദ് ജി എന്നാണ് അഭിസംബോധന ചെയ്യാറുള്ളത്. അപ്പോഴാണ് ഈ ചെറുപ്പക്കാരന് ഇങ്ങനെയൊരു മനോഭാവം. സ്വയം എന്താണ് അയാള്‍ കരുതുന്നതെന്നും നടന്‍ ചോദിച്ചു. കുനാല്‍ ദേശ്മുഖ് സംവിധാനം ചെയ്ത ചിത്രമായ ജന്നത്തിൽ സോനാല്‍ ചൗഹാന്‍, സമീര്‍ കൊച്ചാര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായതിന് പിന്നാലെ ജന്നത്-2, ജന്നത്-3 എന്നിങ്ങനെ രണ്ട് ഭാഗങ്ങളും പുറത്തിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.