1975ൽ കമൽഹാസനും ശ്രീവിദ്യയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച അപൂർവ രാഗങ്ങൾ എന്ന സിനിമയിൽ അതിഥി വേഷത്തിൽ അഭിനയിച്ചാണ് രജനീകാന്ത് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. കെ. ബാലചന്ദർ സംവിധാനം ചെയ്ത ആ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിലെ മഹത്തായ അധ്യായങ്ങളിലൊന്നിന് തുടക്കം കുറിക്കുകയായിരുന്നു. സിനിമയിലെ രണ്ട് അതികായരുടെ സൗഹൃദത്തിന്‍റെയും ആരോഗ്യകരമായ മത്സരത്തിന്‍റെയും തുടക്കം കൂടിയായിരുന്നു അത്.
അഞ്ച് ഭാഷകളിലായി 21 സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചതിന് ശേഷം, രജനീകാന്തും കമൽഹാസനും ‘ഇനി തങ്ങൾ ഒരുമിച്ച് പ്രവർത്തിക്കില്ല’ എന്ന തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് എൻ.ഡി ടി.വിക്ക് നൽകിയ അഭിമുഖത്തിലും കമൽ ഹാസൻ തീരുമാനത്തെക്കുറിച്ച് സംസാരിച്ചിരുന്നു. 'അത് വളരെ പ്രായോഗികമായ ഒരു തെരഞ്ഞെടുപ്പായിരുന്നു. ചലച്ചിത്ര പ്രവർത്തകർ ഞങ്ങളുടെ പ്രതിഫലം വിഭജിക്കുകയായിരുന്നു. ഞങ്ങൾ അർഹിക്കുന്ന യഥാർഥ പ്രതിഫലം ചോദിക്കാൻ കഴിയാത്ത അവസ്ഥയാണ് അതുണ്ടാക്കിയത്. ഞങ്ങൾ രണ്ടു വേർപിരിഞ്ഞപ്പോൾ, വിജയവും ക്രെഡിറ്റും അർഹരായ ഓരോ വ്യക്തിക്കും ലഭിച്ചു. ഞങ്ങളുടെ പ്രതിഫലം ഇരട്ടിയായി. തികഞ്ഞ ബിസിനസുകാരെപ്പോലെയാണ് അന്ന് ഞങ്ങൾ ചിന്തിച്ചത്' - കമൽ പറഞ്ഞു.
ഇത്രയും വർഷങ്ങൾക്ക് ശേഷവും തങ്ങൾക്കിടയിൽ വലിയ തോതിലുള്ള മത്സരം നിലനിൽക്കുന്നുണ്ട്. ആ നിലപാട് ഒരിക്കലും ഉപേക്ഷിക്കില്ല. ഞങ്ങൾ ഇരുവരും ഗുരുതുല്യനായി കാണുന്ന കെ. ബാലചന്ദർ ഞങ്ങളുടെ ഈഗോയെ തുടക്കത്തിലേ തകർത്തുകളഞ്ഞു. തുടർന്ന്, വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാൻ അദ്ദേഹം ഇരുവരോടും ആവശ്യപ്പെട്ടു. ഒരേ ആളുടെ മാർഗനിർദേശത്തിലും, തന്റെയും രജനീകാന്തിന്റെയും പാതകൾ തികച്ചും വ്യത്യസ്തമായിരുന്നുവെന്നും കമൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, 50 വർഷത്തെ യാത്രയിൽ അവർ ഒരുപാട് കാര്യങ്ങൾ ഒറ്റക്കും കൂട്ടായും ചെയ്തു. പക്ഷേ, പരസ്പര ബഹുമാനവും സൗഹൃദവും ഒരിക്കലും കുറഞ്ഞില്ല. പൊതുവേദികളിൽ ഇരുവരും പരസ്പരം സംസാരിക്കുന്ന രീതിയിൽ നിന്ന് ഇത് വ്യക്തമാണ്. ഇന്ത്യൻ 2ലാണ് അവസാനമായി കമൽഹാസൻ അഭിനയിച്ചത്. ലോകേഷ് കനകരാജിന്റെ കൂലിയുടെ ഷൂട്ടിങ് അടുത്തിടെ പൂർത്തിയാക്കിയ രജനീകാന്ത് അടുത്തതായി നെൽസന്റെ ജയിലർ 2ൽ ആയിരിക്കും പ്രേക്ഷകർക്ക് മുന്നിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.