മോഹൻലാലിനോടുള്ള ആരാധനയാൽ സിനിമയിലേക്ക് ആകർഷിക്കപ്പെട്ടു, ആദ്യമായി ക്യാമറയ്ക്ക് മുൻപിൽ മമ്മൂക്കയോടൊപ്പം -കാർത്തിക് രാമകൃഷ്ണൻ

ഷിബു, ബന്നേർഘട്ട എന്നീ സിനിമകളിൽ നായക വേഷത്തിലെത്തിയ കാർത്തിക് രാമകൃഷ്ണൻ പ്രധാന വേഷത്തിലെത്തുന്ന ‘താരം തീർത്ത കൂടാരം’ എന്ന ചിത്രം ആമസോണിൽ പ്രദർശനത്തിനെത്തിയിരിക്കുന്ന. ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ചും സിനിമാ അനുഭവങ്ങളെക്കുറിച്ചും മാധ്യമം ഓൺലൈനിനോട് സംസാരിക്കുകയാണ് കാർത്തിക് രാമകൃഷ്ണൻ.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ‘താരം തീർത്ത കൂടാരം’

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സഹോദരൻ ഗോകുൽ കൃഷ്ണയാണ്. സിനിമയുടെ ചർച്ച തുടങ്ങുന്ന കാലം മുതൽക്കേ ഞാനും പങ്കാളിയായിരുന്നു. എന്നാൽ അതേ സമയത്തുതന്നെ സിഗ്നേച്ചർ പോലുള്ള സിനിമകളിലും അഭിനയിക്കുന്നുണ്ട്. ആ സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്താണ് താരം തീർത്ത കൂടാരത്തിന്റെ സ്ക്രിപ്റ്റ് പൂർത്തിയാക്കുന്നത്. റിയൽ ലൈഫിൽ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് സ്ക്രിപ്റ്റ്. ഐ.എഫ്.എഫ്.കെയിലൊക്കെ പ്രദർശിപ്പിച്ച 'ബനേർഘട്ട'യുടെ സ്ക്രിപ്റ്റെഴുതാൻ വേണ്ടി അവർ ലോഡ്ജെടുത്തപ്പോൾ അവരുടെ റൂമിന് തൊട്ടടുത്ത മുറിയിൽ കണ്ട വ്യക്തികൾ, ആ വ്യക്തികൾക്കിടയിൽ ഫോൺ മാറിപ്പോകുന്ന ചില സംഭവങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നിന്നാണ് അവരീ കഥ തുടങ്ങിവെയ്ക്കുന്നത്. അതുപോലെ ആനി ശിവ എന്ന വനിത പൊലീസിന്റെ ജീവിതകഥ ഇടക്കാലത്ത് ചർച്ചയായിരുന്നു. സ്വന്തം കുഞ്ഞിനെയും കൊണ്ട് ഒരുപാട് കഷ്ടപ്പെട്ട്, പല ജോലികളിലൂടെയും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിച്ചു ഒടുവിൽ പൊലീസായ അവരുടെ ഫീച്ചർ കൂടി വായിച്ചപ്പോൾ അതെല്ലാം അവരെ വളരെയധികം ഇൻഫ്ലുവൻസ് ചെയ്തു. അങ്ങനെ ഇതെല്ലാം കൂട്ടിച്ചേർത്ത് തയാറാക്കിയ തിരക്കഥയാണ് ചിത്രത്തിന്‍റേത്.

ആശങ്കയുണർത്തിയ ബൈപോളാർ ഡിസോഡർ

നായകന് ബൈപോളാർ ഡിസോഡർ എന്ന രോഗാവസ്ഥയുള്ളതൊക്കെ സ്ക്രിപ്റ്റിൽ വളരെ വൈകി ചേർത്ത ഒന്നാണ്. ബൈപോളാർ പോലൊരു രോഗാവസ്ഥയെ അഭിനയത്തിലൂടെ പ്രകടിപ്പിച്ചു കാണിക്കാൻ മാത്രം ഞാൻ പാകപ്പെട്ടിട്ടുണ്ടോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു. അതുകൊണ്ട് ആദ്യം ഞാനൊരു ഡോക്ടറെ പോയി കണ്ടു. അദ്ദേഹം രോഗത്തെക്കുറിച്ച് ഏറ്റവും ബേസിക് ആയ കാര്യങ്ങൾ പറഞ്ഞു തന്നു. ഈ രോഗം ഓരോ വ്യക്തികളിലും ഓരോ രീതിയിലായിരിക്കും പ്രകടമാവുകയത്രെ. ചില ലക്ഷണങ്ങൾ കൂടി പറഞ്ഞ ശേഷം അവസാനമായി ഡോക്ടർ പറഞ്ഞു, ഇനി നിന്റെ ബുദ്ധിയിൽ ഈ കഥാപാത്രത്തെ നിനക്ക് ചെയ്യാൻ പറ്റുന്നതുപോലെയൊക്കെ ചെയ്യുകയെന്ന്. പിന്നെ ഗോകുലും അർജുനുമൊക്കെ റഫറൻസിനായി ചില സിനിമകൾ പറഞ്ഞുതന്നെങ്കിലും അതൊന്നും കാണേണ്ടെന്ന് തീരുമാനിച്ചു. കാരണം ആ കഥാപാത്രങ്ങൾ ചെയ്ത നടന്മാരുടെ രീതിയിലൊന്നും നമുക്കൊരിക്കലും പെർഫോം ചെയ്യാൻ പറ്റില്ല. പിന്നെ കഷ്ടപ്പെട്ട് അവരെ പോലെയാവൻ ശ്രമിച്ചു അവസാനമത് ചെയ്യാൻ കഴിയാതെ വരികയും അതോടൊപ്പം നമ്മുടെ ബെസ്റ്റ് ലെവലിൽ അഭിനയിക്കാൻ പറ്റാതെ വരികയും ചെയ്യുന്ന അവസ്ഥ ഉണ്ടാകുന്നതിനേക്കാൾ നല്ലത് അത് കാണാതിരിക്കുന്നതാണെന്ന് തോന്നി.

ഷൂട്ട് തുടങ്ങി ആദ്യത്തെ ഒന്ന് - രണ്ട് ദിവസം കഥാപാത്രത്തിനകത്തേക്ക് കയറാൻ നന്നായി പാടുപെട്ടു. അതിന്റെ പേരിൽ ഞാനും ഗോകുലും തമ്മിൽ ആരോഗ്യപരമായ വാക്ക് തർക്കങ്ങൾ വരെ ഉണ്ടായി. എന്തായാലും തുടക്കത്തിൽ തന്നെ ചെറിയ ചെറിയ സീനുകൾ അഭിനയിക്കാൻ തന്നത് കാരണം പതിയെ ഞാനാ ട്രാക്കിലേക്ക് കയറി. പിന്നെ ഗോകുലും വളരെയധികം സഹായിച്ചു. എന്തായാലും സിനിമ ഇറങ്ങിയശേഷം ബൈപോളാർ ഡിസോഡർ ബാധിച്ച മകനുള്ള അമ്മ അവർക്ക് സിനിമ കണ്ട ശേഷം ഉറങ്ങാൻ പറ്റുന്നില്ലെന്നും, എന്നെ സ്വന്തം മകനെപ്പോലെ ഫീൽ ചെയ്തെന്നും പറഞ്ഞ് എനിക്ക് ഫേസ്ബുക്കിൽ മെസ്സേജ് അയച്ചു. ഒരു നടൻ എന്ന നിലയിൽ അത് അംഗീകാരമാകുമ്പോൾ തന്നെ വിഷമവും അനുഭവപ്പെട്ടു. ഏതെങ്കിലും തരത്തിൽ വിഷമം തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നെന്ന് പറഞ്ഞപ്പോൾ, അതിന്റെ ആവശ്യമില്ലെന്നും ഈ രോഗാവസ്ഥയുള്ളയാളെ മറ്റൊരാൾ കെയർ ചെയ്യുന്നത് സിനിമയിൽ കണ്ടപ്പോൾ സന്തോഷം തോന്നിയെന്നും അവർ പറഞ്ഞു.


സംവിധായകനായ ജ്യേഷ്ഠൻ

ഗോകുൽ അനിയനാണ്. ചെറുപ്പം മുതലേ ഞങ്ങളുടെ ചർച്ചകളിലെല്ലാം സിനിമ തന്നെയാണുള്ളത്. അച്ഛന്റെ അമ്മാവന് തിയേറ്ററിലാണ് ജോലി. അക്കാലത്തൊക്കെ എല്ലാ ആഴ്ചകളിലും ആ തിയേറ്ററിൽ സിനിമ കാണാൻ പോകും. ആ താല്പര്യത്തിൽനിന്ന് തുടങ്ങിയ ഞങ്ങളുടെ സിനിമ ചർച്ചകളിലേക്ക് അർജുൻ, വിഷ്ണു പോലുള്ള സുഹൃത്തുക്കൾ കൂടി എത്തി. ഇതോടെ സിനിമ ഗൗരവകരമായി മനസ്സിൽ സ്ഥാനം പിടിച്ചു. അങ്ങനെ സിനിമയ്ക്ക് വേണ്ടിയാണ് പാലക്കാട് വിട്ട് എറണാകുളത്തേക്ക് മാറുന്നത്. എൻജിനീയറിങ് കഴിഞ്ഞതോടെ അനിയനും സിനിമയിലേക്ക് കയറി. അവനാണെങ്കിൽ സിനിമയുടെ അണിയറയിലുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനാണ് കൂടുതൽ ഇഷ്ടം. ഞാനാണെങ്കിൽ മോഹൻലാൽ എന്ന നടനോടുള്ള ആരാധന കൊണ്ട് സിനിമയിലേക്ക് തീവ്രമായി ആകർഷിക്കപ്പെട്ട ഒരാളും. അതുകൊണ്ട് നടനാകണമെന്ന് ഞാനാഗ്രഹിച്ചു. പക്ഷേ സ്കൂൾ കാലഘട്ടങ്ങളിലൊന്നും അഭിനയത്തിലും പരിപാടികളിലുമൊന്നും ആക്റ്റീവല്ലായിരുന്നു. കഴിവുകൾ പ്രകടിപ്പിച്ചിട്ടില്ല എവിടെയും. പിന്നീട് സ്ക്രീൻ ആക്ടിങ്ങുമായി ബന്ധപ്പെട്ട് നിയോ ഫിലിം സ്കൂളിന്റെ പരസ്യം കണ്ടാണ് എറണാകുളത്ത് പോയി ആക്ടിങ്ങിന് ജോയിൻ ചെയ്യുന്നത്. പക്ഷേ ആഴ്ചയിൽ ഒരു ദിവസം മാത്രമായിരുന്നു അവിടെ ക്ലാസ്സുണ്ടായിരുന്നത്. പക്ഷേ അക്കാര്യം ഞാൻ വീട്ടിൽ പറഞ്ഞില്ല. എല്ലാ ദിവസവും അവിടെ ക്ലാസുണ്ടെന്ന് പറഞ്ഞാണ് ഞാൻ എറണാകുളത്തേക്ക് പോകുന്നത്. അവിടെ ഒരു ഫാൻസി ഷോപ്പിൽ വർക്കിന് കയറി ആഴ്ചയിൽ ഒരു ദിവസം ക്ലാസിന് പോകാൻ തുടങ്ങി. ‘ബെസ്റ്റ് ആക്ടറി’ൽ ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു തുടക്കം. മമ്മൂക്ക തിയറ്ററിൽ നിന്നും സിനിമ കണ്ടിറങ്ങി വരുമ്പോൾ വലതുവശത്ത് നിൽക്കുന്ന ഒരാളായിട്ടായിരുന്നു അതിൽ. ആദ്യമായി ക്യാമറയ്ക്ക് മുൻപിൽ മമ്മൂക്കയോടൊപ്പം നിൽക്കാൻ ഭാഗ്യമുണ്ടായി എന്നാണ് ഞാനതിനെ കാണുന്നത്.

32-ാം അധ്യായം 23-ാം വാക്യം, ഷിബു

32-ാം അധ്യായം 23-ാം വാക്യം എന്ന സിനിമയിലാണ് ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ലഭിക്കുന്നത്. ഗോവിന്ദ് പത്മസൂര്യ, മിയ തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളിൽ. അതിനകത്തൊരു നെഗറ്റീവ് കഥാപാത്രമാണ് ചെയ്തത്. അത് സംവിധാനം ചെയ്തത് അർജ്ജുനും ഗോകുലുമായിരുന്നു. പിന്തുണയ്ക്കാൻ അവരെപ്പോലെയുള്ള ആളുകൾ എല്ലായ്പ്പോഴും ഉണ്ട് എന്നതും വലിയ സന്തോഷമുള്ള കാര്യമാണ്. അതിനുശേഷമാണ് ഷിബു എന്ന സിനിമ ചെയ്യുന്നത്. അത് സംവിധാനം ചെയ്തതും അർജുനും ഗോകുലും തന്നെയാണ്. വാസ്തവത്തിൽ ഷിബു എന്നത് ഞങ്ങളുടെ സങ്കല്പങ്ങളിലെ സിനിമയല്ലായിരുന്നു. അങ്ങനെയൊരു സിനിമാപദ്ധതി ഞങ്ങളുടെ മനസ്സിലില്ലായിരുന്നു. അത് യാദൃശ്ചികമായി സംഭവിച്ചു പോയതാണ്. പലപല കാരണങ്ങൾ കൊണ്ട് ഷൂട്ടിൽ പ്രതിസന്ധികൾ നേരിട്ടെങ്കിലും അതിനെയെല്ലാം എങ്ങനെയോ തരണം ചെയ്തു ഒരുപാട് കോംപ്രമൈസ് ചെയ്ത് എടുത്ത സിനിമയാണ് ഷിബു. ഒരു സിനിമാ പ്രേമിയായ കഥാപാത്രമാണ് ഷിബുവിൽ ഞാൻ ചെയ്തത്. വാസ്തവത്തിൽ അതും നേർജീവിതത്തിൽ കണ്ടിട്ടുള്ള ഒരു കഥാപാത്രം തന്നെയാണ്. അങ്ങനെയൊരു വ്യക്തിയെ അടിസ്ഥാനപ്പെടുത്തി തന്നെയാണ് ആ കഥാപാത്രവും ചെയ്തിരിക്കുന്നത്.

‘ബനേർഘട്ട’യിലുടനീളം ഒരേയൊരു കഥാപാത്രം

കൊറോണക്കാലത്ത് വെറുതെയിരിക്കുമ്പോൾ ചെയ്ത സിനിമയാണ് ബനേർഘട്ട. മധു നീലകണ്ഠൻ സാറിന്റെ അസോസിയേറ്റൊക്കെയായ ബിനു ചേട്ടനെ ഞങ്ങൾക്ക് മുൻപേ അറിയാം. ബിനു ചേട്ടൻ അദ്ദേഹത്തിന്റെ കൈയിലുള്ള സോണി ക്യാമറയെടുത്തിട്ടാണ് ഈ സിനിമ ചെയ്യാൻ വരുന്നത്. പെട്ടെന്ന് പ്ലാൻ ചെയ്ത സിനിമ പോലെതന്നെ വളരെ പെട്ടെന്ന് ഏതാണ്ട് രണ്ട് ദിവസത്തിനുള്ളിലായി സ്ക്രിപ്റ്റ് കൂടി തീർത്തപ്പോൾ വേഗം ഷൂട്ടിലേക്ക് കടക്കാനായി അടുത്ത പ്ലാൻ. ഞാൻ ചെയ്യുന്ന കഥാപാത്രം മാത്രമേ ഉടനീളമൊള്ളൂ എന്നതായിരുന്നു നേരിട്ടിരുന്ന വലിയ വെല്ലുവിളി. സ്ക്രീനിൽ ഒരിടത്ത് പോലും മറ്റൊരു കഥാപാത്രം വരുന്നില്ല. ഷൂട്ട് നടക്കുമ്പോൾ ഫോണിന്റെ മറുവശത്തുള്ള ആൾ എന്തു പറയുന്നു എന്ന് ഞാൻ ചിന്തിച്ചതിനുശേഷം സ്വന്തം കൈയിൽനിന്ന് റിയാക്ഷൻ കൊടുക്കേണ്ട അവസ്ഥയാണ്. പക്ഷെ അല്പം വെല്ലുവിളിയെടുത്താലും മൂന്ന് ദിവസം കൊണ്ട് ഷൂട്ട് തീർത്തു. പിന്നീടാണ് ആമസോണിന് ആ സിനിമ കൊടുക്കുന്നത്. അവർക്ക് സിനിമ ഇഷ്ടമായി. അങ്ങനെ പടം ആമസോണിൽ വന്നു. പിന്നെ ഐ.എഫ്.എഫ്.കെയിൽ സിനിമ പ്രദർശിപ്പിച്ചു. കൂടുതൽ ഫെസ്റ്റിവൽസിനു പടം അയക്കാൻ സാധിച്ചില്ല. പക്ഷേ ഐ.എഫ്.എഫ്.കെയിൽ നല്ല അഭിപ്രായം നേടി.

അട്ടപ്പാടിയും നഞ്ചിയമ്മയും

മനോജ്‌ പാലോട് എന്ന സംവിധായകന്റെ സിനിമയാണ് സിഗ്നേച്ചർ. അട്ടപ്പാടിയിലെ ജനജീവിതം പറയുന്ന ചിത്രമാണത്. ഞാനും ടിനിടോമും ആൽഫിയും ഒഴികെ ചിത്രത്തിലെ ബാക്കിയെല്ലാ അഭിനേതാക്കളും അവിടെയുള്ളവർ തന്നെയാണ്. ആ കഥാപാത്രവും എനിക്ക് വെല്ലുവിളി തന്നെയായിരുന്നു. കാരണം ഞാനൊഴികെ ബാക്കിയെല്ലാവരും അവിടെത്തുകാർ തന്നെയാണ്. പ്രേക്ഷകർക്ക് ഒരിക്കലും എന്നെയതിൽനിന്നും വേറിട്ടൊരാളായി തോന്നാൻ പാടില്ല. അവരുടെ മുതുക ഭാഷയൊക്കെ എനിക്ക് വെല്ലുവിളിയായിരുന്നു. പിന്നെ അതിനെയെല്ലാം തരണം ചെയ്താണ് അഭിനയിച്ചത്. കഥാപാത്രത്തിന് പരമാവധി റിയാലിറ്റി കിട്ടുവാൻ അവിടുത്തെ ആളുകൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ തന്നെയാണ് സിനിമയിൽ ഉപയോഗിച്ചത്. അതൊക്കെ അവരോട് പോയി നേരിട്ട് വാങ്ങുകയായിരുന്നു. പ്രൊഡക്ഷൻ സൈഡിൽ നിന്നും തന്ന വസ്ത്രങ്ങൾ വേണ്ടെന്നുവച്ചാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്. നഞ്ചിയമ്മ സിഗ്നേച്ചറിൽ ഒരു കഥാപാത്രം ചെയ്തിട്ടുണ്ട്. ഈ സിനിമയുടെ ലൊക്കേഷനിൽ വെച്ചിട്ടാണ് ഞാൻ അമ്മയെ ആദ്യമായി കാണുന്നത്. അവരൊരു പ്രൊഫഷണൽ ആർട്ടിസ്റ്റ് ഒന്നുമല്ല. സംഭാഷണങ്ങൾ മനപ്പാഠമാക്കി പഠിച്ചൊന്നും അവർ പറയില്ല. അത് അഡ്ജസ്റ്റ് ചെയ്ത് തന്നെയാണ് നമ്മളവരോടൊപ്പമഭിനയിക്കുന്നത്. പിന്നെ ആദ്യത്തെ ദിവസം പെട്ടെന്ന് തന്നെ അമ്മ നമ്മളോട് വളരെയധികം അടുത്തു. മുൻപേതോ സീരിയലിൽ അഭിനയിക്കാൻ പോയിട്ട് അഭിനയിക്കാൻ പറ്റാതെ ആ സീരിയൽ തന്നെ നിർത്തി ഓടിവന്ന അനുഭവമൊക്കെ നഞ്ചിയമ്മ ഞങ്ങളോട് വിശദീകരിച്ചു. അതുകൊണ്ടുതന്നെ ആ അമ്മയ്ക്ക് ഈ സിനിമ പൂർത്തീകരിക്കാൻ പറ്റി എന്നുള്ളത് ഞങ്ങൾക്കൊക്കെ വളരെ സന്തോഷമുള്ള കാര്യമാണ്. സത്യത്തിൽ വളരെയധികം വാത്സല്യമുള്ള സ്ത്രീയാണവർ. ഇപ്പോഴും ഇടക്കൊക്കെ ഞങ്ങൾ വിളിക്കാറും സംസാരിക്കാറുമുണ്ട്.

പുതിയ റിലീസിനായി കാത്തിരിപ്പ്

വരാനുള്ള സിനിമ ത്രയമാണ്. ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ ചെയ്തിരിക്കുന്നത്. അതിനകത്ത് ഒരു ക്യാരക്ടർ റോൾ ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണത്. പിന്നെ ലീഡ് റോൾ ചെയ്യുന്ന മേരി ക്രിസ്മസ് വരാനുണ്ട്. ജയരാജ് സർ, മാലാ പാർവതി തുടങ്ങിയവരൊക്കെയാണ് അതിലഭിനയിച്ചിരിക്കുന്നത്. സിനിമകൾ പുറത്തു വരാനുള്ള കാത്തിരിപ്പിലാണ് ഇനി....

Tags:    
News Summary - actor Karthik Ramakrishnan interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT