നായിക, ക്യാരക്ടർ റോൾ എന്നിങ്ങനെ വേർതിരിവില്ല! കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത് ഇങ്ങനെ; ശ്രുതി ജയൻ

ങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ശ്രുതി ജയൻ. അഭിനയമേഖലയിൽ ഇപ്പോൾ തെലുങ്ക് ബോളിവുഡ് ഇൻഡസ്ട്രിയെല്ലാം കയ്യടക്കിവരുന്ന ശ്രുതി ജയൻ തന്റെ സിനിമ വിശേഷത്തെക്കുറിച്ച് മാധ്യമവുമായി പങ്ക് വെക്കുന്നു.

 നായികാ അരങ്ങേറ്റം കൊറോണ ധവാനിലൂടെ

ഒരു നായികയായി കഴിഞ്ഞാൽ പിന്നെ മറ്റുള്ളവർക്കിടയിൽ നമുക്കല്പം സ്വീകാര്യത കൂടുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. നായിക എന്നുള്ള പ്രിവിലേജ് ഞാൻ ആസ്വദിക്കുന്നുമുണ്ട്. എന്നാൽ അതിലുപരി, ഞാനിവിടെ നിലനിൽക്കണം കുറെക്കൂടി നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ നായികയായി മാത്രമേ അഭിനയിക്കൂ എന്നൊന്നും തീരുമാനിച്ചിട്ടില്ല. സിനിമ ഒരു ഹിസ്റ്ററിയാണ്. അതിന്റെ ഭാഗമാകണമെങ്കിൽ പ്രേക്ഷകരുടെ മനസിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്യണം. അത് നായിക കഥാപാത്രമാണെങ്കിലും അല്ലെങ്കിലും ഞാൻ ചെയ്തിരിക്കും. കൊറോണ ധവാൻ എന്ന സിനിമയിലും സബ്ജക്ട് തന്നെയാണ് ഏറ്റവും ആദ്യം ആകർഷിച്ചത്. അതുപോലെതന്നെ സംവിധായകനെ മുൻകൂട്ടി അറിയാമായിരുന്നു, ഞാൻ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു അതിലെ നായിക തുടങ്ങിയ പല കാരണങ്ങളും ആ സിനിമയിലേക്കെന്നെ കൂടുതലായി ആകർഷിച്ചു. പിന്നെ മലയാളികളെല്ലാം കടന്നു പോയിട്ടുള്ള ഒരു വിഷയത്തെ ആസ്പദമാക്കിയാണ് ആ സിനിമ ചെയ്തിരിക്കുന്നത്. ആ സിനിമ തിരഞ്ഞെടുക്കാനുള്ള മറ്റൊരു പ്രധാന കാരണവും അതായിരുന്നു.

 സംഗീതഞ്ജനായ അച്ഛന്റെ മകൾ

എന്റെ അച്ഛൻ ജയൻ സംഗീതജ്ഞനായിരുന്നു. ബേസിക്കലി ഞാനൊരു ഡാൻസറാണ്. ചെന്നൈ കലാക്ഷേത്രയിൽ നൃത്ത പഠനമാണ് നടത്തിയിട്ടുള്ളത്. ഇപ്പോൾ അഭിനയത്തോടൊപ്പം ഞാനൊരു ഡാൻസ് ടീച്ചർ കൂടിയാണ്. സംഗീതജ്ഞനായ അച്ഛൻ തന്ന പിന്തുണ കൊണ്ടാണ് ഞാൻ കലാക്ഷേത്രത്തിൽ പോകുന്നത്. അതും 15 വയസ്സ് പ്രായത്തിൽ. അവിടെയാണെങ്കിൽ വളരെ ഗുരുകുല സമ്പ്രദായമായിരുന്നു. ഏകദേശം 2014 - 15 എന്റെ പഠനമൊക്കെ അവിടെ തന്നെയായിരുന്നു. എന്റെ ആദ്യ സിനിമയിലേക്കുള്ള കടന്നുവരവിന് പോലും കാരണം നൃത്തം തന്നെയാണ്. എന്റെ ഒരു ഡാൻസ് പ്രൊഡക്ഷൻ കണ്ട ഒരു ഡ്രാമാ ഗ്രൂപ്പ് അവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് എന്നെ ആഡ് ചെയ്തു. ഖാലിപ്പേഴ്സ് സിനിമയുടെ സംവിധായകനായ മാക്സ് വെൽ ജോസ് അന്ന് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. പോരാത്തതിന് ആ ഗ്രൂപ്പിൽ മെമ്പറും. മാക്സ് വെൽ ജോസ് ആണ് എന്റെ ഫോട്ടോ എടുത്ത് അങ്കമാലി ഡയറീസ് ടീമിന് അയച്ചു കൊടുക്കുന്നത്. അങ്ങനെയാണ് അങ്കമാലി ഡയറീസ് എന്ന സിനിമയിലേക്കുള്ള എന്റെ തുടക്കം.

 അഭിനയം, നൃത്തം, സംഗീതം

അഭിനയം എനിക്കെപ്പോഴും താല്പര്യമുണ്ടായിരുന്നു. പക്ഷേ വീട്ടിൽ നിന്ന് കാര്യമായ പിന്തുണയൊന്നും ലഭിച്ചിരുന്നില്ല. മാത്രമല്ല സിനിമയിലേക്ക് ചിന്തിക്കാനുള്ള സമയവും സ്പേസും എനിക്കപ്പോഴില്ലായിരുന്നുവെന്നതും സത്യമാണ്. നൃത്ത പരിപാടികൾ യാത്രകൾ തുടങ്ങി എപ്പോഴും തിരക്കിലായിരുന്നു. ചെന്നൈയിലെ ബിസി ലൈഫെല്ലാം വിട്ട് നാട്ടിലേക്ക് വന്നതിൽ പിന്നെയാണ് സിനിമയിലേക്കുള്ള അവസരം വരുന്നതും പതിയെ ആ വഴിയിലേക്ക് കൂടി സഞ്ചരിച്ച് തുടങ്ങുന്നതും. നൃത്തമാണ് ഫോക്കസ് ചെയ്യുന്നതെങ്കിലും ബേസിക്കായിട്ടുള്ള കർണാടക സംഗീതവും ഞാൻ പഠിച്ചിട്ടുണ്ട്.പാടാറുമുണ്ട്.

 നായികാ റോൾ, ക്യാരക്ടർ റോൾ എന്നൊന്നും വേർതിരിവില്ല

സ്ക്രീൻ സ്പെയ്സ് എന്നതിനപ്പുറത്തേക്ക് ഞാനെപ്പോഴും കഥാപാത്രങ്ങൾ തന്നെയാണ് നോക്കാറുള്ളത്. ഒരു സിനിമയിൽ മുഴുനീളം വെറുതെ നിൽക്കുന്ന ക്യാരക്ടർ കിട്ടിയത്കൊണ്ട് കാര്യമില്ലല്ലോ. ഒരു സീനാണെങ്കിൽ പോലും ആ കഥാപാത്രത്തിന് എന്തെങ്കിലും ചെയ്യാൻ പ്രാധാന്യമുണ്ടായിരിക്കണമെന്നാണ് ഞാൻ കണക്കാക്കുന്നത്. എന്ന് വെച്ചാൽ, സിനിമയെ വളരെ വ്യക്തമായ ധാരണയിൽ തന്നെയാണ് ഞാൻ സമീപിക്കുന്നത് എന്ന് വേണം അർത്ഥമാക്കാൻ. അതുകൊണ്ടുതന്നെ

തിരഞ്ഞെടുത്ത സിനിമകളിലെ കഥാപാത്രങ്ങളെല്ലാം അത്തരമൊരു മാനദണ്ഡം പാലിച്ചുകൊണ്ട് തിരഞ്ഞെടുത്ത കഥാപാത്രങ്ങളാണ്. എങ്കിലും കുറുക്കൻ സിനിമയിൽ സ്ക്രീൻ സ്പേസ് കൂടുതൽ കിട്ടിയതൊക്കെ വളരെ സന്തോഷമുള്ള കാര്യമാണ്.ഞാൻ സിനിമ ഇൻഡസ്ട്രിയിൽ വന്നിട്ട് ഏഴ് വർഷമായി. ആളുകൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങുന്നത് ഇപ്പോഴാണ്. കുറുക്കൻ സിനിമയും കൊറോണ ധവാൻ സിനിമയും ഒന്നിച്ചു പുറത്തു വന്നതുകൊണ്ട് ഒരു ബ്രേക്ക് എനിക്ക് കരിയറിൽ കിട്ടിയിട്ടുണ്ട് എന്നും പറയാൻ പറ്റും. അതുകൊണ്ട് തന്നെ എന്റെ പേര് പോരും ആളുകൾ ശ്രദ്ധിച്ചു തുടങ്ങുന്നത് ഇപ്പോഴാണെന്നാണ് എനിക്ക് തോന്നുന്നത്.

 ഉപനായിക കഥാപാത്രങ്ങളെ ബ്രേക്ക് ചെയ്തിട്ടില്ല

ഇപ്പോൾ ഒരു സിനിമയിൽ നായികയായി അഭിനയിച്ചു എന്ന് കരുതി നാളെ സിനിമകളിലേക്കെന്നെ നായികയായി മാത്രമേ വിളിക്കാവൂ എന്നൊന്നും എനിക്ക് പറയാൻ പറ്റില്ല. കൊറോണ ധവാൻ എന്ന സിനിമയിൽ അവരെന്ന നായികയായി പ്ലെയ്സ് ചെയ്തെങ്കിലും സിനിമ എന്ന ഫീൽഡിന്റെ കാര്യത്തിൽ നമുക്ക് ഒരു സ്ഥിരത പറയാൻ സാധിക്കില്ല. അവിടെ എല്ലായിപ്പോഴും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് തന്നെ ഭാവിയിൽ ഞാൻ നായികയായി തന്നെ ഇവിടെ നിലനിൽക്കുമോ ക്യാരക്ടർ റോളുകളെ ബ്രേക്ക് ചെയ്തു കൊണ്ടുള്ള പെർഫോമൻസ് സാധ്യമാകുമോ എന്നൊന്നും പറയാൻ പറ്റില്ല. എങ്കിലും എന്നെ തേടി വരുന്നത് നല്ല കഥാപാത്രമാണെങ്കിൽ അത് ഉറപ്പായും ഞാൻ ചെയ്യും എന്ന് മാത്രമേ എനിക്ക് പറയാനാകൂ. അക്കാര്യത്തിൽ നായിക എന്നുമില്ല ഉപനായിക എന്നുമില്ല. കിട്ടുന്ന കഥാപാത്രത്തിന്റെ മൂല്യം മാത്രമാണ് പ്രധാനം. പിന്നെ ചെയ്യുന്ന ഓരോ സിനിമയും ഓരോ പഠനങ്ങൾ കൂടിയാണ്. ഞാൻ സിനിമ പഠിച്ചു കൊണ്ടിരിക്കുകയാണ്. ആ പഠനത്തിലെ ചെറിയ സ്റ്റെപ്പുകൾ എടുത്തു തുടങ്ങിയിട്ടുള്ളൂ. അതുകൊണ്ട് നമ്മളിലൂടെ കൂടി കഥ പറയാൻ പ്രാപ്തിയുള്ള നല്ല കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുക എന്നത് മാത്രമാണ് ചിന്തിക്കുന്നത്. നമ്മൾ ഈ ഇൻഡസ്ട്രിയൽ ഉണ്ട് എന്ന് പ്രൂവ് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളാണ് എനിക്കാവശ്യം. ഞാനാണെങ്കിൽ ഒരുപാട് സിനിമകളിൽ അഭിനയിക്കാറില്ല. വളരെ സെലക്ടീവായിട്ട് മാത്രമാണ് സിനിമയെ അപ്പ്രോച്ച് ചെയ്യുന്നത്.

 വെബ്സീരീസിലൂടെ തെലുങ്കിലേക്ക്

2019 ലാണ് ആ വർക്ക് ചെയ്യുന്നത്. ഗോഡ്‌സ് ഓഫ് ധര്‍മ്മപുരി (ജി ഓ ഡി )എന്ന വെബ് സീരിസിലൂടെയാണ് ഞാൻ തെലുങ്കിലേക്ക് എത്തുന്നത്. പക്ഷേ ഇപ്പോഴും ആളുകൾക്കിടയിൽ നല്ല അഭിപ്രായം കിട്ടിക്കൊണ്ടിരിക്കുന്ന ഒരു സീരീസാണത്. അതുപോലെതന്നെ ഒരു പുതിയ സീരീസ് ഇപ്പോൾ ഇറങ്ങാൻ നിൽക്കുന്നുണ്ട്. അതും തെലുങ്ക് ഭാഷയിൽ തന്നെയാണ്. ദൂദ എന്നാണ് ആ വർക്കിന്റെ പേര്. ഏകദേശം സെപ്റ്റംബർ ഒക്ടോബർ മാസത്തിൽ അത് റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്. അതുപോലെതന്നെ ഹിന്ദിയിൽ ഒരു വെബ് സീരീസ് ചെയ്തു കഴിഞ്ഞു. അതായത് മലയാളത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ സമാന്തരമായി അന്യഭാഷ ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്. എല്ലാവരും പറയുന്ന പോലെതന്നെ,മറ്റു ഭാഷയിലേക്ക് ചെല്ലുമ്പോൾ നമുക്ക് കിട്ടുന്ന പ്രിവിലേജ് വലുതാണ്. ഒന്നാമത്തെ അത് വളരെ വലിയ ഇൻഡസ്ട്രിയാണത്. അതും വലിയ പ്രൊഡക്ഷനിൽ നടത്തുന്ന ഇൻഡസ്ട്രി. സാമ്പത്തിക പ്രശ്നം കാരണമുള്ള യാതൊരുവിധ പരിധികളും അവിടെയില്ല. തീർച്ചയായും പണം കൂടുന്നതിനനുസരിച്ച് സൗകര്യങ്ങളും കൂടും എന്നല്ലേ. പിന്നെ കേരളത്തിൽ ക്യാരക്ടർ റോൾ ചെയ്യുന്നവർക്ക് കൊടുക്കുന്ന പരിഗണനയേക്കാൾ കൂടുതൽ പരിഗണന അന്യഭാഷകളിൽ ലഭിക്കുന്നുണ്ട്. അവർ എല്ലാതരം ആർട്ടിസ്റ്റുകളെയും അംഗീകരിക്കുന്നവരാണ്.

 മറ്റു പരിപാടികൾ

മറ്റു പരിപാടികളൊക്കെയായി ഞാൻ തിരക്കിൽ തന്നെയാണ്. നൃത്തവുമായി ബന്ധപ്പെട്ട ഓൺലൈൻ ക്ലാസുകളുണ്ട്. ജി മാർത്താണ്ഡൻ സർ സംവിധാനം ചെയ്ത മഹാറാണി എന്ന സിനിമയാണ് ഏറ്റവും പുതിയതായി റിലീസ് ചെയ്യാനുള്ളത്. അതുപോലെ ബോബൻ സാമുവൽ സർ ചെയ്ത ഒരു പടത്തിൽ അഭിനയിക്കുന്നുണ്ട്. അങ്ങനെയൊക്കെയാണ് കരിയർ മുൻപോട്ടു പോകുന്നത്.

Tags:    
News Summary - Corona Dhavan Movie Actress Sruthy Jayan Opens Up About Her cinema journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT