സ്വപ്നതുല്യമായ ഒരു തുടക്കത്തിന്‍റെ സന്തോഷത്തിലാണ് നവാഗത സംവിധായകനായ സജിമോൻ. ആദ്യചിത്രത്തിൽ നായകൻ ഫഹദ് ഫാസിൽ. നിർമാതാവ് സാക്ഷാൽ ഫാസിൽ. തിരക്കഥയാകട്ടെ സംവിധായകൻ മഹേഷ് നാരായണനും. ഫഹദ് നായകനാകുന്ന 'മലയൻകുഞ്ഞ്' എന്ന സിനിമ പേരിലെ വ്യത്യസ്തത കൊണ്ട് തന്നെ ഇതോടകം ശ്രദ്ധേയമായിട്ടുണ്ട്. വി.കെ. പ്രകാശിന്‍റെയും വൈശാഖന്‍റെയും വേണുവിന്‍റെയും മഹേഷ് നാരായണന്‍റെയുമൊക്കെ സംവിധാന സഹായി ആയിരുന്ന സജിമോൻ 'മലയൻകുഞ്ഞി'ന്‍റെ വിശേഷങ്ങൾ 'മാധ്യമം ഓൺലൈനു'മായി പങ്കുവെക്കുന്നു.
ഒരു സർവൈവൽ മൂവിയാണിതെന്ന് ഒറ്റവാക്കിൽ പറയാം. അതിൽ കൂടുതൽ സിനിമയെ കുറിച്ച് ഒന്നും വിശദീകരിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ. ഈ ടൈറ്റിലിനെ കുറിച്ച് ചെറുതായി പറഞ്ഞാൽ പോലും സിനിമയുടെ വിശദാംശങ്ങളിലേക്ക് കടക്കേണ്ടി വരും. പേരിലെ പുതുമ കഥയിലും ഉണ്ടാകും. തികച്ചും സാധാരണക്കാരായവരുടെ അതിജീവനത്തിന്‍റെ കഥയാണിത്. ജനുവരി അവസാനം ചിത്രീകരണം ആരംഭിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഫഹദിനെ കൂടാതെ മറ്റ് ആരൊക്കെ അഭിനയിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടും.
ഫഹദുമായി ഒരു സിനിമ ചെയ്യണമെന്ന ചിന്ത വന്നു തുടങ്ങിയിട്ട് രണ്ട് മൂന്ന് വർഷമായി. ഞങ്ങൾ ഒരുമിച്ച് കുറച്ചു സിനിമകളിൽ മുമ്പ് വർക്ക് ചെയ്തിട്ടുണ്ട്. ഒരുമിച്ച് ചെയ്യുന്നതിന് ആദ്യം ഒന്നുരണ്ട് കഥകൾ ഒക്കെ നോക്കിയെങ്കിലും അതൊന്നും ശരിക്കും വർക്ക്ഔട്ട് ആയില്ല. അത്തരമൊരു അനിശ്ചിതാവസ്ഥയിൽ നിൽക്കുന്ന സമയത്താണ് മഹേഷ് നാരായണൻ ഒരു കഥ പറയുന്നത്. ഞാനും മഹേഷും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. ടേക്ക് ഓഫ്, മാലിക്, സീ യൂ സൂൺ എന്നിവയിലൊക്കെ മഹേഷിനൊപ്പം പ്രവർത്തിച്ചിട്ടുമുണ്ട്. സീ യു സൂണിന്‍റെ സമയത്ത് നല്ല കഥയുണ്ടെങ്കിൽ നമുക്ക് സിനിമ ചെയ്യാം എന്ന് ഫഹദ് വീണ്ടും പറഞ്ഞു. അങ്ങിനെ മഹേഷിന്‍റെ കഥ എനിക്കും ഫഹദിനും ഒരുപോലെ ഇഷ്ടപ്പെട്ടപ്പോൾ ഈ സിനിമ ചെയ്യാം എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.
വാസ്തവത്തിൽ വേറെ ഒരാൾ ആണ് ഈ സിനിമ നിർമ്മിക്കാനിരുന്നിരുന്നത്. പിന്നീട് ഫാസിൽ സാർ നിർമ്മിക്കുന്ന ഒരു സിനിമയിൽ അഭിനയിക്കാനാുള്ള ആഗ്രഹം ഫഹദ് പറയുകയായിരുന്നു. അങ്ങിനെ ഞങ്ങൾ മൂന്നുപേരും കൂടി ഫാസിൽ സാറിനെ പോയി നേരിൽ കണ്ട് കഥപറഞ്ഞു. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു. ആ താത്പര്യത്തിൽ നിന്നാണ് ഈ സിനിമ നിർമ്മിക്കാം എന്ന് അദ്ദേഹം സമ്മതിക്കുന്നത്. ആദ്യ ചിത്രം തന്നെ ഫഹദിനെ നായകനാക്കി, മലയാളത്തിലെ ലെജൻഡ് സംവിധായകൻ ആയ ഫാസിലിന്‍റെ നിര്‍മ്മാണത്തില്‍ ആവുക എന്നത് വലിയ ഭാഗ്യമായി കണക്കാക്കുന്നു. ഞാന്‍ ഇപ്പോഴും ആദ്യ ആവേശത്തിൽനിന്നും മുക്തനായിട്ടില്ല. എന്നെ സംബന്ധിച്ച് ഇത് വലിയ ഒരു അംഗീകാരമാണ്.
ഫാസിൽ സാറിന്‍റെ സിനിമകളൊക്കെ കണ്ടല്ലേ നമ്മളൊക്കെ വളർന്നത്. സിനിമയുടെ കാര്യത്തിൽ ഒരു വേൾഡ് സ്കൂൾ തന്നെയാണ് അദ്ദേഹം. ഈ വർക്കിലും അദ്ദേഹം തേന്റതായ അഭിപ്രായങ്ങളൊക്കെ പറയുന്നുണ്ട്. സിനിമ നന്നാക്കാനുള്ള നല്ല രീതിയിലുള്ള നിർദേശങ്ങളൊക്കെ അദ്ദേഹം പറഞ്ഞുതരുന്നുണ്ട്. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് എന്നിവരെ ലോകത്തിന് പരിചയപ്പെടുത്തിയയാൾ എന്നെയും സിനിമയിൽ പരിചയപ്പെടുത്തുന്നു എന്നത് എന്നെ സംബന്ധിച്ച് നിസ്സാര കാര്യമല്ല. വളരെയധികം സന്തോഷമാണ് ഉള്ളത്. അദ്ദേഹം എന്നിൽ അർപ്പിച്ച പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിയണമേ എന്നാണ് പ്രാർഥന.
മഹേഷുമായുള്ള സൗഹൃദമാണ് ഇൗ സിനിമയിലേക്കെത്തിച്ചത്. മഹേഷിന്‍റെ എല്ലാ സിനിമകളുമായും സഹകരിക്കാൻ കഴിഞ്ഞത് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. 'മിലി'യിലാണ് മഹേഷ് ആദ്യമായി തിരക്കഥ ചെയുന്നത്. അതിന് ശേഷം ടേക്ക് ഓഫ് ആയാലും സീ യൂ സൂൺ ആയാലും ഒക്കെ മഹേഷിന്‍റെ തിരക്കഥയിലെ മികവ് നമ്മൾ പ്രേക്ഷകർ നല്ല രീതിയിൽ അടുത്തറിഞ്ഞവരാണ്. അപ്പോൾ ഈ സിനിമയിലും അതിേന്റതായ പ്രത്യേകതകൾ ഉണ്ടാകും എന്ന് എടുത്തുപറയേണ്ടതില്ലല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.