സിദ്ധീഖ് ലാൽ ഒറ്റപേരാണെന്ന് കരുതിപോന്ന ഒരു തലമുറയുണ്ടായിരുന്നു. ഉറ്റ സുഹൃത്തിന്റെ പേരിനെ സ്വന്തം പേരോട് ചേർത്തുവെച്ച മനുഷ്യർ. സിദ്ധീഖ് ഒരുപാട് പൊട്ടിച്ചിരികൾ സമ്മാനിച്ച് മറഞ്ഞുപോയിരിക്കുന്നു. താൻ ആദ്യമായി സിനിമയിലെത്തിയതിനെക്കുറിച്ച് സിദ്ധീഖ് 2014ൽ വാരാദ്യമാധ്യമത്തിൽ എഴുതിയത് പുനഃപ്രസിദ്ധീകരിക്കുന്നു
പ്രാരാബ്ധക്കെട്ടുകളുമായി പഠിക്കുന്ന കാലം. അന്ന് ആഗ്രഹം അധ്യാപകൻ ആവുക എന്നതായിരുന്നു. പുല്ലേപ്പടി ദാറുൽ ഉലൂം സ്കൂളിനു മുന്നിലൂടെ നടന്നുപോകുമ്പോൾ ഉള്ളിൽ ക്ലാസ് മുറിയിലായിരുന്നു മനസ്സ്. അവിടെ ഒരധ്യാപകനാവുക, ആ മോഹം ദിവസംതോറും കൂടിക്കൂടിവന്നു.
അങ്ങനെയിരിക്കെ ഡിഗ്രിക്ക് പഠിക്കുന്ന കാലം ഒരു ദിവസം സ്കൂൾ ഉടമകളിൽ ഒരാളായ ബാബു സേട്ട് എന്നെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുപോയി. സ്കൂൾ മാനേജർ കിക്കി സേട്ട് എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന ഹാജി ഈസാ ഹാജി അബ്ദുൽ സത്താർ സേട്ട് വിളിക്കുന്നെന്നു പറഞ്ഞാണ് കൊണ്ടുപോയത്. അവിടെ എത്തിയപ്പോൾ സേട്ട് മറ്റുള്ളവരോട് പറഞ്ഞു ‘ഇതാണ് നമ്മുടെ പുതിയ ക്ലർക്ക്’. ഞാൻ ആകെ തരിച്ചുപോയി. കാരണം അന്നത്തെ അവസ്ഥയിൽ ഒരു ജോലി അത്യാവശ്യമായിരുന്നു. ആ കൂട്ടത്തിലാണ് ഇഷ്ടമുള്ള സ്ഥാപനത്തിൽ ജോലികിട്ടുന്നത്; മനസ്സ് തുള്ളിച്ചാടി. അത് തീവ്രമായൊരു ആഗ്രഹത്തിന്റെ പൂർത്തീകരണമായിരുന്നു.
സ്കൂൾ കാലത്ത് വൈകുന്നേരങ്ങളിൽ ഹനീഫ വരാറുണ്ട്. അന്നൊക്കെ ശിവാജി ഹനീഫ എന്നാണ് എല്ലാവരും വിളിക്കുന്നത്. മല്ലനായ ഒരു മനുഷ്യൻ ബൈക്കിൽ അങ്ങനെ സിനിമാ സ്റ്റൈലിൽ പോകും. അതുകാരണം ഹനീഫിക്കക്ക് വലിയ പോസ് ആണെന്നാണ് മുതിർന്ന ചില ചേട്ടന്മാർ പറയുന്നത്. പക്ഷേ, ഞങ്ങൾക്കറിയാം വളരെ പാവമായിരുന്നു ഇക്ക. ഹനീഫിക്കയിൽനിന്നാണ് സിനിമയുടെ വർത്തമാനങ്ങൾ കേട്ടുതുടങ്ങിയത്. അവിടെ നിന്നൊക്കെയാണ് സിനിമയെന്ന കിനാവ് ഉള്ളിൽവന്ന് ചേക്കേറുന്നത്.
മോണോആക്ടും നാടകവും കടന്ന് സ്വപ്നം മിമിക്രിയിലും സിനിമയിലും എത്തുന്നത് ഇക്കയിലൂടെയാണ്. അങ്ങനെയാണ് മിമിക്രിക്കാരനാകാൻ തീരുമാനിച്ചത്. ഒരുപാട് പരിശ്രമിച്ചു. ഒത്തിരി നടന്മാരുടെ ശബ്ദം പഠിച്ചു. കൂട്ടുകാരുടെ സദസ്സിൽ അതെല്ലാം പറഞ്ഞ് കേൾപ്പിച്ചു. അവിടെ കൈയടി കിട്ടിയപ്പോൾ കോൺഫിഡൻസായി. അങ്ങനെ അത് തുടർന്നു വളർന്ന് കലാഭവനിലെത്തി. ഒരിക്കൽ പ്രോഗ്രാം കാണാൻ മമ്മൂക്കയും ശ്രീനിവാസനും വന്നിരുന്നു. അന്ന് ശ്രീനിവാസനാണ് ഞങ്ങൾക്ക് സമ്മാനമൊക്കെ തന്നത്. കലാഭവൻ ഉദ്ഘാടന ഷോ നടന്ന അന്നാണ് മമ്മൂക്ക ശ്രീനിവാസനെ വിളിച്ചുകൊണ്ടുവന്നത്. അവർ വന്ന് പ്രോഗ്രാം തീരുംമുമ്പേ മടങ്ങി.
പക്ഷേ, അടുത്തൊരു ദിവസം ആലപ്പുഴയിൽ കാർമൽ ഹാളിൽ പരിപാടി നടക്കുമ്പോൾ ഫാസിൽ സാറിനെയും കൂട്ടി മമ്മൂക്ക വീണ്ടും വന്നു. അദ്ദേഹം അന്ന് ആലപ്പുഴയിൽ പി.ജി. വിശ്വംഭരൻ സാറിന്റെ സ്ഫോടനം സിനിമയുടെ ഷൂട്ടിങ്ങിനിടയിൽനിന്നാണ് വന്നത്. വന്നു എന്നുമാത്രമല്ല ഞങ്ങളെയൊക്കെ വിശദമായി പരിചയപ്പെടുത്തി.
അൻസാർ അതിനുമുമ്പേ ഫാസിൽസാറിന്റെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് അങ്ങനെയും പരിചയമുണ്ട്. പിന്നെ യൂനിവേഴ്സിറ്റി വിന്നറായിരുന്ന സൈനുദ്ദീനെ ഫാസിൽ സാറിന് അറിയാമായിരുന്നു. നല്ല രസമുള്ളൊരു സന്ധ്യ. ഞങ്ങൾ പരിചയപ്പെടാൻ കാത്തിരുന്ന ഒരാളെ മുന്നിൽ കിട്ടിയ ആഹ്ലാദം.
ഇതിനിടയിൽ എന്നെയും ലാലിനെയും ചൂണ്ടി അൻസാർ പറഞ്ഞു. ‘ഇവരുടെ കൈയിൽ ചില കഥകളൊക്കെ ഉണ്ട്, സിനിമക്ക് പറ്റിയത്’ എന്ന്. ഫാസിൽ സാറിന് ആ പറച്ചിൽ ഇഷ്ടമായെന്ന് തോന്നി. ‘സമയം കിട്ടുമ്പോൾ വിളിച്ചിട്ട് വരൂ’ എന്ന് അപ്പോൾതന്നെ സാർ പറഞ്ഞു. ഞങ്ങൾ തുള്ളിച്ചാടി. കാരണം, ആ വാക്ക് കേൾക്കാൻ കൊതിച്ച് നടക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് ഫാസിൽ സാറിന്റെ ഓഫർ. ഞങ്ങൾ തുള്ളിച്ചാടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. അടുത്തദിവസം മുതൽ ഞങ്ങൾ വിളി തുടങ്ങി. കുറെ ദിവസം ശല്യംചെയ്യൽ തുടർന്നു. അദ്ദേഹത്തിന് തിരക്കില്ലാത്ത ഒരുദിവസം ഞങ്ങൾക്കുള്ള ഡേറ്റ് കിട്ടി.
രാവിലെത്തന്നെ ആലപ്പുഴക്ക് വണ്ടികയറി. അന്ന് വ്യത്യസ്തമായ കഥകളാണ് ഞങ്ങൾ സിനിമക്കുവേണ്ടി എഴുതിയത്. അതിൽ ‘പപ്പൻ പ്രിയപ്പെട്ട പപ്പ’നും ‘കാലില്ലാ കോലങ്ങ’ളും ഒക്കെ ഉണ്ടായിരുന്നു. കാലില്ലാ കോലങ്ങൾ പിൽക്കാലത്ത് സിനിമയായപ്പോൾ ‘നാടോടിക്കാറ്റ്’ എന്നപേരിലാണ് വന്നത്. അന്ന് ആ രണ്ട് കഥകൾ പറയുമ്പോഴും ഫാസിൽ സാറിന്റെ മുഖത്ത് നല്ല ചിരി വിടർന്നത് ശ്രദ്ധിച്ചിരുന്നു. പക്ഷേ, ആ സിനിമ സാറിന്റെ പാറ്റേൺ അല്ല എന്നും മറ്റാരെയെങ്കിലും സമീപിച്ചാൽ നടക്കുമെന്നും പറഞ്ഞുതന്നു. ആ കഥപറച്ചിൽ വിജയകരമായി അവസാനിച്ചെങ്കിലും കഥ സിനിമയായില്ല എന്ന ദുഃഖം ഞങ്ങൾക്കില്ലായിരുന്നു. കാരണം, ഞങ്ങൾ ഏറ്റവും ബഹുമാനിക്കുന്ന ഫാസിൽ സാർ നമുക്കുവേണ്ടി സമയം തന്നു. അദ്ദേഹം കൂടുതൽ ചിന്തിക്കാൻ പ്രേരണയും നൽകി. ഒപ്പം സാറിന് പറ്റുന്ന തരം കഥകളുണ്ടെങ്കിൽ എഴുതാനും പറഞ്ഞു. തുടർന്നുള്ള കാലം എഴുത്തോട് എഴുത്ത്. പുതിയ കഥകളുണ്ടാക്കും, ചെന്നുകാണും. പക്ഷേ, പുള്ളിക്കാരന് ഇഷ്ടമാകുന്ന കഥയാവില്ല അത്. എങ്കിലും പറയും പിന്നെയും ശ്രമിക്കാൻ. ഞങ്ങൾ ശ്രമിച്ചുകൊണ്ടേയിരുന്നു.
പലപ്പോഴും ചെല്ലുമ്പോൾ സാർ പറയും ‘നിങ്ങൾ വളരെ ഫ്രഷ് ആയിട്ടാണ് ചിന്തിക്കുന്നത്. അതുകൊണ്ട് നല്ല സിനിമകൾ വരും’ എന്ന്. ഞങ്ങളുടെ ‘ഫ്രഷ്’ ചിന്ത കാടുകയറിക്കൊണ്ടേയിരുന്നു. അങ്ങനെ ഒരു ദിവസം പുതിയൊരു പ്രോജക്ട് വന്നു എന്നുപറഞ്ഞ് വിളിച്ചു. ഞങ്ങളവിടെ പാഞ്ഞെത്തി. രണ്ട് കഥകളാണ് അവിടെ ചർച്ചക്ക് വന്നത്. ഒന്നൊരു പ്രണയകഥ, പിന്നെയൊന്ന് ഒരു അമ്മൂമ്മയുടെയും പേരക്കുട്ടിയുടെയും കഥ.
പ്രൊഡ്യൂസർ ഔസേപ്പച്ചൻ, സാറിന്റെ സുഹൃത്തുക്കളായ കണ്ണപ്പൻ, ടോം ഈപ്പൻ, അബ്ദുൽ സലാം, അമാൻ, ലാൽ പിന്നെ ഞാൻ അങ്ങനെ ഒരു വലിയ സഭയുണ്ടായിരുന്നു കഥ കേൾക്കാൻ. എല്ലാവർക്കും ടീനേജ് ലൗ സ്റ്റോറിയാണ് ഇഷ്ടപ്പെട്ടത്. ‘സാർ ഇപ്പോൾ ചെയ്യേണ്ടത് അമ്മൂമ്മയും കൊച്ചുമകളും തമ്മിലുള്ള ബന്ധം പറയുന്ന സിനിമയാണ്’ ആ സിനിമക്കുവേണ്ടി ഞാൻ വാദിച്ചു. അപ്പോൾ സാറും പറഞ്ഞു അദ്ദേഹത്തിന്റെ മനസ്സും ആ സിനിമയിലേക്കാണ് പോയതെന്ന്. അങ്ങനെ ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമ ജീവനെടുത്തു. ആ കാലത്താണ് ഞാൻ കലാഭവനിൽനിന്ന് പിരിയുന്നത്. കലാപ്രവർത്തനങ്ങൾ ഒക്കെ നിർത്തി കുടുംബസ്ഥനായി ജീവിക്കാൻ തീരുമാനിച്ചു. സ്കൂളിലെ ജോലിക്കൊപ്പം പഠനം കഴിയാറായി. ബി.എഡ് എടുത്ത് അവിടെ അധ്യാപകനായി കയറാം എന്ന തീരുമാനവും എടുത്തു. അങ്ങനെ വീട്ടുകാരുടെ ഇഷ്ടപ്രകാരം കല്യാണം തീരുമാനിച്ചു. വിവാഹത്തിന് ക്ഷണിക്കാൻവേണ്ടി സാറിന്റെ വീട്ടിൽപോയി. അപ്പോഴാണ് പറയുന്നത് അടുത്തമാസം സിനിമ തുടങ്ങുന്നുവെന്ന്; ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’. സിനിമയിൽ സിദ്ദീഖിനെ അസിസ്റ്റന്റ് ഡയറക്ടറായി നിർത്താൻ തീരുമാനിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
എന്റെ കണ്ണുകൾ നിറഞ്ഞു. സന്തോഷവും ദുഃഖവും അവിടെ എത്തി. ഒരുമാസം മുന്നേ അറിഞ്ഞിരുന്നെങ്കിൽ വിവാഹം മാറ്റിവെച്ചേനേ എന്ന് മനസ്സ് പറഞ്ഞു. എങ്കിലും ഓഫർ നിഷേധിക്കാതെ മടങ്ങി. ഒപ്പം ലാലിനെക്കൂടി നിർത്തുന്ന കാര്യവും സംസാരിച്ചു. അദ്ദേഹം അതും അനുവദിച്ചു.
നേരെ വീട്ടിൽ കാര്യം അവതരിപ്പിച്ചു. കൊച്ചാപ്പ എനിക്കുവേണ്ടി റെക്കമെൻഡ് ചെയ്തു. സ്കൂളിൽ ലീവ് ചോദിച്ചു. അപ്പോൾ ഹെഡ്മാസ്റ്റർ സെയ്തുമുഹമ്മദ് സാർ മാനേജരോട് പറഞ്ഞു; ‘അവൻ കലാകാരനാ, കലയിൽ ഭാവിയുണ്ട് പ്രോത്സാഹിപ്പിക്കണം’ എന്ന്. മാനേജർ ഹാജി ഈസാ സേട്ട് ലീവ് തരാമെന്ന് സമ്മതിച്ചു. പക്ഷേ, ഒരു കണ്ടീഷൻ വെച്ചു. ‘സിനിമ ഒരുപാട് ദുശ്ശീലങ്ങൾക്ക് സാധ്യതയുള്ള മേഖലയാണെന്ന് കേട്ടിട്ടുണ്ട്. അതിൽ ഒന്നുംപോയി വീഴാതെ വ്യക്തിത്വം നോക്കണം’. ഞാൻ ഉറപ്പുകൊടുത്തു, ആ ഉറപ്പ് എന്നും പാലിച്ചു.
അങ്ങനെ നോക്കെത്താ ദൂരത്ത് ആഗ്രഹങ്ങളുടെ കണ്ണുംനട്ടിരുന്ന ഞങ്ങൾ സിനിമയുടെ അണിയറയിലൂടെ അകത്തേക്ക് പ്രവേശിച്ചു. ആ ഭാഗ്യത്തിനു പിന്നിലെ കഥ പരിശ്രമവും ആഗ്രഹവുമായിരുന്നു. കഠിനമായി ആഗ്രഹിക്കുന്നതെന്തായാലും അത് നമ്മളിൽ വന്നു ചേരും. ചിലപ്പോൾ വൈകും. എന്നാലും ആഗ്രഹത്തിന്റെ കെട്ടു പൊട്ടിക്കാതെ ഉയരങ്ങളിലേക്കത് പറത്തിയാൽ അത് നമ്മളിലേക്ക് എത്തിച്ചുതരും സ്വപ്നങ്ങളൊക്കെയും...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.