എല്ലാവരും ചോദിക്കുന്നത് എന്തിനാണ് ചെറിയ വേഷങ്ങൾ ചെയ്യുന്നതെന്ന്! ഗീതി സംഗീത- അഭിമുഖം

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി എന്ന ചലച്ചിത്രത്തിലെ പെങ്ങൾ തങ്ക എന്ന കഥാപാത്രത്തിലൂടെ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ഗീതി സംഗീത പുതിയ തമിഴ് ചിത്രത്തിലൂടെ തമിഴ് സിനിമ ഇൻഡസ്ട്രിയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. തന്റെ പുതിയ സിനിമ വിശേഷങ്ങളെ കുറിച്ചും മറ്റു വിശേഷങ്ങളും ഗീതി മാധ്യമവുമായി പങ്കുവയ്ക്കുന്നു.

 തമിഴിലെ കന്നി ചിത്രം പൂർത്തിയായി

ഞാനിപ്പോൾ ഒരു തമിഴ് സിനിമയുടെ ഷൂട്ട് പൂർത്തിയാക്കി നിൽക്കുകയാണ്. എന്റെ ആദ്യത്തെ തമിഴ് സിനിമയാണത്. വെസൻ സെൽവനാണ് നായകൻ. നവാഗതനായ മുത്തുകൃഷ്ണനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. നായകന്റെ അമ്മ കഥാപാത്രമാണ് ഞാൻ ചെയ്തിരിക്കുന്നത്. എനിക്ക് മുൻപേ തന്നെ തമിഴ് സംസാരിക്കാനറിയാം. അതുകൊണ്ട് ഭാഷാ അടിസ്ഥാനത്തിൽ തമിഴ് ഇൻഡസ്ട്രിയിലെ ഒരു സിനിമയിൽ അഭിനയിക്കുക എന്നുള്ളത് പ്രയാസമുള്ള കാര്യമല്ലായിരുന്നു. കിട്ടിയ കഥാപാത്രം ഒരുപാട് പെർഫോം ചെയ്യാനുള്ള ഒരു കഥാപാത്രമാണെന്നറിഞ്ഞപ്പോൾ തമിഴ് സിനിമ ചെയ്യുന്നതിൽ എനിക്ക് വലിയ എക്സൈറ്റ്മെന്റ് തോന്നിയിരുന്നു. കുറെ ഇമോഷൻസൊക്കെ പെർഫോം ചെയ്യാനുള്ള ഒരു കഥാപാത്രമാണത്. തങ്കമ്മ എന്നാണ് കഥാപാത്രത്തിന്റെ പേര്. ആ കഥാപാത്രം തരുമ്പോൾ തന്നെ സംവിധായകനെന്നോട് പറഞ്ഞത് 'മാം എനക്ക് നടിച്ചു കാട്ട തെരിയാത്. ആന ഉങ്കൾക്കിട്ടിരുന്ന് എന്ന വേണമെന്ന് എനക്ക് നല്ലാ തെരിയും' എന്നാണ്. അതായത് സിനിമയിലെ ഓരോ കഥാപാത്രത്തിൽ നിന്നും എന്താണ് വേണ്ടതെന്ന് സംവിധായകന് കൃത്യമായി അറിയാം. അതുകൊണ്ടുതന്നെ അത്തരമൊരു സിനിമയുടെ പ്രോസസ്സിലൂടെ കടന്നു പോകുന്നത് വളരെ രസമുള്ള കാര്യമായിരുന്നു.

പാഷനെ ഫോളോ ചെയ്തത് കൊണ്ട് മാത്രം സിനിമയിലെത്തി

ഞാൻ അത്യാവശ്യം ഹാർഡ് വർക്കിംഗായിട്ടുള്ള ഒരാളാണ്. എന്റെ പാഷനെ ഫോളോ ചെയ്ത് മാത്രം ഈ മേഖലയിലേക്ക് എത്തിയ ആളാണ് ഞാൻ. ഞാനായിട്ട് ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത പ്രൊഫഷനായത് കൊണ്ട് ഏറ്റവും മികച്ച കഥാപാത്രങ്ങൾ ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ട്. അതുപോലെതന്നെ കിട്ടുന്ന കഥാപാത്രങ്ങൾ നന്നായി ചെയ്യണമെന്ന ആഗ്രഹമുണ്ട്. പക്ഷേ പണ്ടത്തെ സിനിമകളിലെ പോലെ ഒരുപാട് പ്രാധാന്യമുള്ള കഥാപാത്രങ്ങളൊക്കെ വന്നു പോകുന്ന സിനിമകൾ ഇന്ന് വളരെ കുറവാണ്. അതുകൊണ്ടുതന്നെ കിട്ടുന്ന വർക്കുകളിൽ എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ പരമാവധി നന്നായി കൊണ്ടുപോകുക എന്നതാണ് ഞാൻ ഫോക്കസ് ചെയ്യുന്ന കാര്യം. അതിന് വേണ്ടി ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. അത് ചെറിയ കഥാപാത്രങ്ങളാണെങ്കിലും ഞാൻ നന്നായി ചെയ്യാറുണ്ട് . എന്നോട് പലപ്പോഴും പലരും ചോദിക്കാറുണ്ട് എന്തിനാണ് ഇങ്ങനെ ഒരു സീൻ ചെയ്യുന്നത്, സെലക്ടീവായി കൂടെ എന്നൊക്കെ. ഞാൻ ചെയ്ത ഒരു സീൻ എന്ന് പറയുന്നത് മാലിക്, മിന്നൽ മുരളി, റോഷാർക്ക്, ഭീഷ്മപർവ്വം തുടങ്ങിയ വലിയ വലിയ സിനിമകളിലൊക്കെയാണ്. അതുകൊണ്ടുതന്നെ ആ സിനിമകളുടെ ഭാഗമായെല്ലാം ഞാൻ അവിടെ തന്നെയുണ്ട് ഇപ്പോഴും. ചിലപ്പോൾ ചെറിയ റോളുകളിലേക്ക് അവരെന്നെ വിളിക്കുന്നത് ഞാനതിന് ആപ്‌റ്റായത് കൊണ്ടാവാം. പക്ഷേ ഞാനതിൽ കാണുന്നത് ഒരു സിനിമയുടെ ഭാഗമാവുക ഒരു നല്ല ടീമിന്റെ ഭാഗമാവുക തുടങ്ങിയ ഗുണ വശങ്ങളാണ്. മാത്രമല്ല ഞാനതിൽ ചെയ്ത ആ കഥാപാത്രങ്ങളൊന്നും വെറുതെ വന്നു പോകുന്ന കഥാപാത്രങ്ങളല്ലായിരുന്നു. പ്രേക്ഷകർക്ക് ഓർത്തു വെക്കാൻ പറ്റുന്ന എന്തെങ്കിലുമൊക്കെ ആ കഥാപാത്രങ്ങളിലുണ്ടായിരുന്നു .എല്ലാ അഭിനേതാക്കളെയും പോലെ നല്ല കഥാപാത്രങ്ങൾക്കും സ്ക്രീൻ പ്രസൻസുള്ള കഥാപാത്രങ്ങൾക്കുമാണ് ഞാൻ കാത്തിരിക്കുന്നത്. ഇനിയും കുറേ സിനിമകൾ ഇറങ്ങാനിരിക്കുന്നുണ്ട്. അതിൽ വലിയ കഥാപാത്രങ്ങളുമുണ്ട് ചെറിയ കഥാപാത്രങ്ങളുമുണ്ട് ത്രൂഔട്ട് കഥാപാത്രങ്ങളുമുണ്ട്.

 നാടകം ചെയ്യുമ്പോൾ മാനസികമായ ആത്മസംതൃപ്തി ലഭിക്കുന്നു.

എനിക്ക് അഭിനയിക്കാൻ വളരെ ഇഷ്ടമാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം സിനിമ ഏറെ വിദൂരത്തായിരുന്ന ഒരു കാലമുണ്ട്. എങ്കിലും അഭിനയിക്കണമെന്നുള്ള ആഗ്രഹം എന്റെ ഉള്ളിൽ തീവ്രമായി ഉള്ളതുകൊണ്ടാണ് നാടകത്തിലേക്കെത്തുന്നത്. അതുവഴിയാണ് ഞാൻ ഓഡീഷൻ ഒക്കെ അറ്റൻഡ് ചെയ്ത് സിനിമകളിലേക്കെത്തുന്നത്. എന്റെ സിവിൽ എഞ്ചിനീയർ എന്ന ജോലി പോലും ഒഴിവാക്കിയാണ് ഞാൻ അഭിനയത്തിലേക്ക് വരുന്നത്. കാരണം അഭിനയം എന്നെ മോഹിപ്പിക്കുന്നു. അതുപോലെ യാത്രകളും. നിലവിൽ നാടകങ്ങൾ ചെയ്യുന്നില്ല. അതിന്റെ ആവശ്യങ്ങൾക്കായി തുടർച്ചയായ രണ്ടുമൂന്നു മാസം സമയം മാറ്റിവയ്ക്കാൻ കഴിയുന്ന സാഹചര്യമല്ലാത്തതു കൊണ്ടാണ് നാടകങ്ങൾ ചെയ്യാത്തത്. പക്ഷേ നാടകങ്ങൾ ചെയ്യുമ്പോൾ നമുക്ക് മാനസികമായി കിട്ടുന്ന ഒരു സംതൃപ്തിയുണ്ട്. അത്തരം സംതൃപ്തി കിട്ടുന്ന കഥാപാത്രം എന്നെ തേടിയെത്തിയാൽ തീർച്ചയായും ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം. സിനിമയും നാടകവും ഒരുമിച്ചു കൊണ്ടു പോകാൻ പറ്റാത്തതുകൊണ്ടാണ് ഇപ്പോൾ നാടകം ചെയ്യാതെ നിൽക്കുന്നത്. ഉടനെ തന്നെ ഒരു വർക്ക് സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നു

ക്യൂബന്‍ കോളനിയിൽ നിന്ന് ചുരുളിയിലേക്ക്

എന്റെ ആദ്യ സിനിമ ക്യൂബൻ കോളനിയാണ്. 2017ലാണ് അത് ഷൂട്ട് ചെയ്തത്. 2018ൽ റിലീസായി. ആ സിനിമയിലെ മെയിൻ വില്ലത്തിയിരുന്നു ഞാൻ. അതൊരു തമിഴ് കഥാപാത്രമായിരുന്നു. അതിനുശേഷം കുറെ കഥാപാത്രങ്ങൾ ചെയ്തു. പക്ഷേ ആദ്യ സിനിമയായ ക്യൂബൻ കോളനിയിലെ പോസ്റ്റർ ഇറങ്ങിയ സമയത്ത് ആ പോസ്റ്റർ കണ്ടിട്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി സർ ചുരുളി സിനിമയിലേക്ക് പെങ്ങൾ തങ്ക എന്ന കഥാപാത്രം ചെയ്യാനായി എന്നെ ഫിക്സ് ചെയ്തതെന്നാണ് ഞാൻ അവരുടെ ടീമിൽ നിന്ന് മനസ്സിലാക്കിയത്. തലയിൽ ഒരു പൂക്കൊട്ടയുമായി നിൽക്കുന്ന ഒരു പോസ്റ്ററായിരുന്നു അന്ന് ക്യൂബൻ കോളനിക്ക് വേണ്ടി ഞാൻ ചെയ്തിരുന്നത്.

ചുരുളി തന്ന ബലം വലുതാണ്

ചുരുളി സിനിമ ഇറങ്ങിയിട്ട് ഇത്ര വർഷങ്ങളായെങ്കിൽ പോലും എന്റെ ജീവിതത്തിൽ ഒരു ദിവസം പോലും ഞാൻ ചുരുളിയെ കുറിച്ച് കേൾക്കാതെ കടന്നു പോകുന്നില്ല. അതുതന്നെയാണ് ആ കഥാപാത്രത്തിന്റെയും പടത്തിന്റെയും ബലമെന്ന് പറയുന്നത്. സിനിമയിലെനിക്ക് കാലുറപ്പിച്ചു നിൽക്കാൻ പറ്റിയ ഒരു അവസരമാണ് ആ കഥാപാത്രം തന്നത്. ആ കഥാപാത്രം എന്നെ തേടി വരുന്നതിന് മുൻപ് ഞാൻ വിനോയ് തോമസ് എഴുതിയ അതിന്റെ ചെറുകഥ രൂപം വായിച്ചിട്ടില്ലായിരുന്നു. എങ്കിലും എസ് ഹരീഷിന്റെ തിരക്കഥ , മധു നീലകണ്ഠന്റെ ക്യാമറ തുടങ്ങിയ കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ വലിയ എക്സൈറ്റ്മെന്റ് ഉണ്ടായി. പിന്നെ ലിജോ സാറിനെ പോലെ ഒരാളുടെ സിനിമയിലഭിനയിക്കുന്നതിന്റെ സന്തോഷവുമുണ്ടായിരുന്നു. ഞാൻ പത്തറുപത് സിനിമകൾ ചെയ്തെങ്കിൽ കൂടിയും ഇത്തരത്തിൽ നമ്മളെ എക്സൈറ്റ് ചെയ്യിച്ച കഥാപാത്രങ്ങൾ വളരെ കുറവാണ്. തുറമുഖത്തിലെ ആയിഷുമ്മ, ചുരുളിയിലെ തങ്ക തുടങ്ങിയ കുറച്ചു കഥാപാത്രങ്ങൾ മാത്രമാണ് അത്തരത്തിലുള്ളത്. പിന്നെ തങ്ക എന്ന് പറയുന്ന കഥാപാത്രം കാട്ടിൽ ജീവിക്കുന്ന ആളാണ്. അതുകൊണ്ടുതന്നെ വാക്സ് ചെയ്യരുത്,പിരികം ത്രെഡ് ചെയ്യരുത് തുടങ്ങി കുറച്ചു കാര്യങ്ങളൊക്കെ ആ കഥാപാത്രത്തിനായി മുന്നൊരുക്കം പോലെ ചെയ്യേണ്ടി വന്നിരുന്നു. അത്തരം പ്രോസസ്സുകളിലൂടെ പോകുമ്പോൾ ഞാനൊരു കഥാപാത്രമാകാൻ തയ്യാറെടുക്കുന്നു എന്നുള്ള ഒരു ആക്ടറിന്റെ തിരിച്ചറിവും സന്തോഷവും അപ്പോഴൊക്കെ എനിക്കുണ്ടായിരുന്നു.

 യാത്ര ലഹരിയാണ്

എനിക്ക് സമയം കിട്ടുമ്പോഴെല്ലാം യാത്രകൾ പോകുന്ന ആളാണ് ഞാൻ. എനിക്ക് സമയം കിട്ടുമ്പോൾ മറ്റുള്ളവർക്ക് സമയം കിട്ടില്ല, അല്ലെങ്കിൽ അവർക്ക് സമയം ഉണ്ടാകുമ്പോൾ എനിക്ക് സമയമുണ്ടാകില്ല തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് പലപ്പോഴും യാത്രകൾ സോളോ ആയി മാറുന്നത്. പിന്നെ ചില ട്രാവൽ ഗ്രൂപ്പുകളിലൊക്കെ യാത്രകളിൽ ചേരാമെന്നു വിചാരിക്കുമെങ്കിലും ഷൂട്ടിങ് തിരക്കൊക്കെയായി ആ യാത്രകൾക്കായി ബുക്ക് ചെയ്ത ഡെയ്റ്റിൽ അവരോടൊപ്പം പോകാൻ പറ്റാത്ത അവസ്ഥ വരും. അപ്പോഴൊക്കെയാണ് അത് സോളോ ട്രിപ്പിലേക്ക് എത്തുന്നത്.

Tags:    
News Summary - Geethi Sangeetha Latest Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT