അവാർഡിന് അർഹൻ മമ്മൂക്ക തന്നെ, മഹാനടനൊപ്പം പരിഗണിക്കപ്പെട്ടതിൽ സന്തോഷം -അലൻസിയർ

കൊച്ചി: മികച്ച നടനുള്ള അവാർഡ് അർഹതപ്പെട്ടത് മമ്മൂട്ടിക്ക് തന്നെയെന്ന് അലൻസിയർ. മഹാനടനൊപ്പം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടതിൽ വളരെ സന്തോഷമുണ്ടെന്നും അലൻസിയർ പറഞ്ഞു. ‘അപ്പൻ’എന്ന സിനിമയിലെ ഇട്ടി എന്ന കഥാപാത്രത്തെ ഉജ്ജ്വലമായി അവതരിപ്പിച്ചതിന് അലൻസിയറെത്തേടി പ്രത്യേക ജൂറി പരാമർശമെത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അതൊരു ചില്ലറ പരാമർശമല്ലെന്നാണ് എ​ന്റെ വിശ്വാസം. ഭാര്യയും മക്കളുമൊത്ത് നൻപകൽ നേരത്ത് മയക്കം സിനിമ കണ്ടിട്ട് തിയറ്ററിൽ നിന്നിറങ്ങിയപ്പോൾ ഞാൻ അവരോട് പറഞ്ഞു ‘അപ്പൻ പോയെടാ, ഈ വർഷം ആ പണി പോയി’. കാരണം മമ്മൂക്കയുടെ അത്യുജ്വലമായ പ്രകടനമായിരുന്നു ആ സിനിമയിൽ. അതുകഴിഞ്ഞിട്ടാണ് ഞാൻ റോഷാക്ക് വീട്ടിലിരുന്ന് കാണുന്നത്. ഞാൻ ഞെട്ടിപ്പോയി. എന്തൊരു ഭാവപ്പകർച്ചയും എന്തൊരു മാറ്റവുമാണ് ആ നടൻ സ്വന്തം ശരീരത്തിലൂടെ നടത്തിയത്.

അത്രയും വലിയ മഹാനടനോടൊപ്പം എനിക്ക് ഒരു പരാമർശം കിട്ടുക എന്നത് വലിയ അംഗീകാരമായിട്ടുതന്നെ തോന്നുന്നു. മമ്മൂക്കക്കായിരിക്കും ഇത്തവണ അവാർഡെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. ഇന്നലെ ഒരു മാധ്യമപ്രവർത്തകൻ വിളിച്ച് ‘നിങ്ങൾ നല്ല നടനുള്ള അവാർഡിന്റെ പരിഗണനയിൽ വരും’ എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത് ‘ഞാനത് വാങ്ങിക്കുന്നില്ല’ എന്നാണ്. കാരണം, ഞാനൊരു ആക്ടറാണ്. ഈ വർഷം ഏറ്റവും മികച്ച വേഷപ്പകർച്ചകൾ കാണിച്ച നടൻ ആരാണെന്ന് എനിക്ക് നന്നായറിയാം. അത് മമ്മൂക്കയാണെന്നുള്ള കാര്യം നല്ല ഉറപ്പുള്ളതുകൊണ്ടാണ് ഞാനങ്ങിനെ പറഞ്ഞത്.


അർഹതയില്ലാത്തത് വാങ്ങിക്കുന്നില്ല എന്ന് തീരുമാനിച്ചയാളാണ് ഞാൻ. പക്ഷേ, എനിക്ക് അങ്ങനെയൊരു അർഹതയുണ്ടെന്നും അംഗീകാരം തരണമെന്നും ജൂറിക്ക് തോന്നി. അതിന് ഞാൻ നന്ദി പറയുന്നത് എന്റെ സംവിധായകനായ മജുവിനോടും എന്റെ കൂടെ വർക് ചെയ്ത സഹതാരങ്ങളോടുമാണ്. അവരില്ലെങ്കിൽ ഞാനില്ല. എന്നെപ്പോലൊരു നടനെ കാസ്റ്റ് ചെയ്തതിന് നിർമാതാക്കളോടും നന്ദി പറയുന്നു. മജു ഈ അവാർഡിൽ എവിടെയും പരാമർശിക്കപ്പെടാതെ പോയി എന്നതാണ് ഏറ്റവും ദുഃഖം തോന്നുന്നത്. ബാക്കിയെല്ലാം സന്തോഷം തരുന്ന കാര്യങ്ങളാണ്. അർഹതപ്പെട്ടവർക്കു തന്നെയാണ് എല്ലാം കിട്ടിയിരിക്കുന്നത്. അർഹിക്കാത്തവർക്ക് ഏതെങ്കിലുമൊരു അവാർഡ് കൊടുത്തതായി എനിക്ക് തോന്നുന്നില്ല.

വെല്ലുവിളി ഏറ്റെടുക്കാൻ തീരുമാനിച്ചുറച്ചുതന്നെയാണ് അപ്പനിലെ കഥാപാത്രം ചെയ്തത്. മജു വന്ന് എന്നോട് കഥ പറഞ്ഞപ്പോൾ ചതുരത്തിൽ ചെയ്ത കഥാപാത്രത്തോട് സാമ്യതയുണ്ടെന്നും ബുദ്ധിമുട്ടാകുമെന്നുമായിരുന്നു എന്റെ ആദ്യ പ്രതികരണം. രാജീവ് രവിയാണ് എന്നെ കാസ്റ്റ് ചെയ്യാൻ മജുവിനോട് നിർദേശിച്ചത്. സ്ഥിരം പൊലീസ് വേഷമാണെന്നും ചതുരത്തിൽ ചെയ്തതിന് സമാനമായ വേഷമാണെന്നും ആവർത്തനമാകുമെന്നും പറഞ്ഞപ്പോൾ ‘ഒരേ സ്വഭാവമുള്ള വേഷങ്ങൾ വ്യത്യസ്ത രീതിയിൽ ചെയ്യുകയെന്നത് വെല്ലുവിളിയായി എടുത്തുകൂടേ?’ എന്നോട് ചോദിച്ചത് രാജീവ് രവിയാണ്. അങ്ങ​നെയാണ് ഞാൻ അപ്പനിലെ ഇട്ടിയായുള്ള വേഷപ്പകർച്ചയിലെത്തുന്നത്. അതിന് രാജീവിനോടും ഏറെ നന്ദിയുണ്ട്’ -അലൻസിയർ പറഞ്ഞു.

Tags:    
News Summary - Mammootty deserves Best Actor award -Alencier Ley Lopez

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT