അഭിനേതാവ്, ഗായിക എന്നിവയിൽ നിന്നും നിർമാതാവ് എന്ന വിലാസത്തിലേക്ക് കടക്കുകയാണോ?
സിനിമയുമായി ബന്ധപ്പെട്ടുതന്നെ അടുത്ത ഘട്ടത്തിലേക്ക് കടക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മനസ്സിലുണ്ടായിരുന്ന ആശയം യാഥാർഥ്യമാക്കാൻ എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. ഒരു വലിയ പ്രൊജകട് മനസ്സിലുണ്ടായിരുന്നു. പക്ഷേ കൊറോണ എല്ലാം മാറ്റിമറിച്ചു. നല്ല കണ്ടൻറ് കൊടുക്കുക എന്നതുതന്നെയാണ് ആഗ്രഹം. പുതിയ തലമുറക്ക് അവസരം കൊടുക്കുകയെന്നതും ലക്ഷ്യമിടുന്നു.
മംമ്തയുടെ നിർമാണത്തിൽ ആദ്യമായി പുറത്തെത്തുന്ന ഏകലവ്യൻെറ 'ലോകമേ' യിൽ പല രാഷ്ട്രീയ പ്രശ്നങ്ങളും പരാമർശിക്കുന്നുണ്ട്. വരാനിരിക്കുന്നവയിലും അത്തരം സ്വാധീനം പ്രതീക്ഷിക്കാമോ?
വളരെ അപ്രതീക്ഷിതമായി സംഭവിച്ചതായിരുന്നു 'ലോകമേ'. വരികളോടുള്ള ഇഷ്ടമാണ് അതിലേക്കെത്തിച്ചത്. ഏറ്റവും മികച്ച രീതിയിൽ വലിയ ചെലവിൽ തന്നെയാണ് ഇത് ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ റാപ്പ് ഗാനങ്ങൾ പോപ്പുലർ അല്ലെന്നറിയാം, പക്ഷേ വലിയ ശ്രദ്ധ റാപ്പിലുടെ മലയാളത്തിന് കിട്ടുമെന്നാണ് എൻെറ വിശ്വാസം. മലയാളം ഗാനങ്ങൾക്ക് ഒരിക്കലും തമിഴിൻെറ ഭംഗി കിട്ടുന്നതായി തോന്നിയിട്ടില്ല. തമിഴ് കുറച്ചൂടി ലളിതമാണ്. മലയാള ഭാഷ കൂടുതൽ ഭംഗിയായി റാപ്പിലൂെട അവതരിപ്പിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. അതിനുള്ള തീക്ഷണത മലയാള ഭാഷക്കുണ്ട്
എൻെറ ചിന്തകൾ പ്രകടിപ്പിക്കാൻ തന്നെയാണ് നിർമാണക്കമ്പനി നടത്തുന്നത്. എന്നാൽ എൻെറ മുഖം മാത്രം കാണിക്കാനായിയിരിക്കില്ല. ഒരു പക്ഷേ എൻെറ പാട്ടുകളും ഉണ്ടായേക്കാം. കഥകൾ കേൾക്കാനും പ്രിമിലിനറി ജോലികൾക്കുമായി പ്രത്യേക ടീമിനെ വെച്ചിട്ടുണ്ട്. ടെക്നിക്കൽ ടീമും കൂടെയുണ്ട്.
ലോകത്തെല്ലായിടത്തുമുള്ള വെബ്സീരീസുകൾ മലയാളികൾ ആസ്വദിച്ച് കാണുന്നുണ്ട്. പക്ഷേ ഇവിടെ അത്തരം ഒന്ന് സംഭവിക്കുന്നില്ല. എന്താകും ഈ വൈരുധ്യത്തിന് കാരണം?
നമ്മൾ തന്നെയാണ് നമ്മുടെ അതിരുകൾ നിശ്ചയിക്കുന്നത്. പല സീരീസുകളും നിർമിക്കുന്നത് ഹോളിവുഡ് ചിത്രങ്ങളേക്കാൾ ചെലവ് കൂടിയ രീതിയിലാണ്. വലിയ ചിലവിൽ ക്വാളിറ്റിയോടെ വെബ്സീരീസ് കൊണ്ടുവന്നാൽ മലയാളികൾക്കിടയിലും ഗെയിം ഓഫ് ത്രോൺസ് സംഭവിക്കും. സിനിമയിൽ ഇപ്പോൾ റിയലിസ്റ്റിക് ട്രെൻഡ് ആണ്. സീരീസിലേക്കെത്തുേമ്പാൾ ആളുകളുടെ ഭാവന തൃപ്തിപ്പെടുത്തുന്ന രീതിയിൽ സ്ക്രീനിലെത്തിക്കാൻ കഴിയണം.
നല്ല കണ്ടൻറുണ്ടെങ്കിൽ നമ്മുടെ സീരീസുകൾ ഏറ്റെടുക്കാൻ വൻകിട ഭീമൻമാർ വരും. മണി ഹേയ്സ്റ്റ് തന്നെ നോക്കൂ. ആദ്യം സ്പാനിഷ് ടി.വിയിലൂടെയായിരുന്നു അത് സംപ്രേഷണം ചെയ്തത്. പിന്നീട് നെറ്റ്ഫ്ലിക്സ് അവരെ തേടിവരുകയായിരുന്നു.
2005 ലെ മയുഖം മുതൽ 2020 െല ലാൽബാഗ് വരെ, മലയാള സിനിമയിലെ 15 വർഷത്തിനിടക്ക് അവതരിപ്പിച്ചതിൽ ഇഷ്ടകഥാപാത്രം ഏതായിരിക്കും? സിനിമയിൽ ഇനിയും എത്തിപ്പിടിക്കാനുണ്ടെന്ന് തോന്നുന്നുണ്ടോ?
കഥ തുടരുന്നുവിലെ വിദ്യാലക്ഷ്മി, അരികെയിലെ അനുരാധ, മൈ ബോസിലെ പ്രിയ, ഫോറൻസിക്കിലെ റിഥിക സേവിയർ ഇങ്ങനെ മനസ്സിൽ ഇഷ്ടപ്പെട്ട നിരവധി കഥാപാത്രങ്ങളുണ്ട്. സമൂഹത്തിൽ സ്ത്രീ പ്രാതിനിധ്യം വർധിക്കുന്നതിനനുസരിച്ച് സിനിമയിലും സ്ത്രീ കഥാപാത്രങ്ങളുടെ പ്രാധാന്യം വർധിക്കുന്നുണ്ട്.
കോവിഡ് കാലത്തിനിടയിൽ അൺലോക് എന്ന ചിത്രത്തിൻെറ ഷൂട്ടിങ് തീർത്തു. 'ബിലാൽ' വരാനിരിക്കുന്നുണ്ട്. കല ഒരിക്കലും അവസാനിക്കാത്തതാണല്ലോ, അതുകൊണ്ടുതന്നെ സിനിമയിൽ ഇനിയുമുണ്ടാകും. അത് ചിലപ്പോൾ സംവിധായികയുെട റോളിലാകാം, അല്ലെങ്കിൽ മറ്റേതെങ്കിലുമാകാം. ഏതായാലും സിനിമയിൽ തന്നെയുണ്ടാകും.
സിനിമയെ തേടിപ്പോയതല്ല, എനിക്ക് സിനിമയാണ് എല്ലാംതന്നത്. താഴെ വീണ കാലത്തും പൊക്കിയെടുത്തത് സിനിമയാണ്. ആഗ്രഹിച്ചതോ ചോദിച്ചുവാങ്ങിയതോ ഒന്നുമല്ല അത്. ഞാനൊരു അർബുദ ബാധിതയായിരുന്നല്ലോ, അതുകൊണ്ട് ആരോഗ്യം സൂക്ഷിക്കുക എന്നതാണ് എൻെറ ഏറ്റവും വലിയ ലക്ഷ്യം. നിങ്ങൾ വ്യക്തിയെന്ന നിലയിൽ തിളങ്ങിയാൽ എല്ലാം നിങ്ങളെ തേടിവരും എന്ന് ഞാൻ വിശ്വസിക്കുന്നു. മത്സരമുള്ള വ്യവസായമാണ് സിനിമ. ഇവിടെ ചിലർ മറ്റുവരുടെ തിളക്കം കുറക്കാൻ ശ്രമിക്കുന്നു. എന്നാൽ മങ്ങിനിൽക്കുന്നവരെക്കൂടി തിളക്കമുള്ളതാക്കാനാണ് ഞാൻ ശ്രമിക്കുന്നത്.
പൃഥ്വിരാജിൻെറ സിനിമാ സങ്കൽപ്പത്തോട് സാമ്യമുള്ള വ്യക്തിയാണ് മംമ്തയെന്ന് തോന്നിയിട്ടുണ്ട്, പൃഥ്വിയുടെ കാഴ്ചപ്പാടുകൾ സ്വാധീനിച്ചിട്ടുണ്ടോ?
പൃഥ്വിരാജിൻെറ വീക്ഷണങ്ങൾക്കും അതിനായി എടുക്കുന്ന പരിശ്രമങ്ങൾക്കും അദ്ദേഹത്തെ അഭിനന്ദിക്കുന്നു. എനിക്കും സിനിമയെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. മുമ്പ് ഫീമെയിൽ ആർട്ടിസ്റ്റ് പയുന്നതിന് വലിയ പ്രധാന്യം ലഭിക്കാറില്ലായിരുന്നു. വിമർശനങ്ങൾ നേരിട്ടിരുന്ന ആളാണ് പ്രഥ്വിരാജ്. ഇപ്പോൾ മാറിവരുന്നു. നമ്മൾ നമ്മളായിട്ട് തന്നെ നിന്നാൽ വിജയിക്കുമെന്നതിന് ഉദാഹരണമാണ് പ്രഥ്വി. ഇൻറലിജൻറ് പ്രക്ഷകരാണ് ഇവിടെയുള്ളത്. ഞാൻ മലയാളത്തിൽ തന്നെ നിൽക്കുന്നത് അതുകൊണ്ടുതന്നെയാണ്. േപ്രക്ഷകരുടെ പ്രബുദ്ധത നമ്മളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കുന്നു.
മലയാള സിനിമ ലോകം കാണണം എന്നുതന്നെയാണ് എൻെറയും ആഗ്രഹം. മറ്റു ഭാഷ സിനിമകൾ നോക്കൂ. ഫോക്സ് സ്റ്റുഡിയോ വരെ വന്നിട്ടും കോടികൾ ചെലവിട്ടിട്ടും പലതും ലോജിക്കിലാത്ത സിനിമകളാണ്. എല്ലാ സിനിമകളും അങ്ങനെയാണെന്നല്ല, ചില സിനിമകൾ കാണുേമ്പാൾ 2020ലും ഇത്തരം യുക്തിയില്ലാത്ത സിനിമകൾ സംഭവിക്കുന്നല്ലോ എന്ന് ചിന്തിക്കാറുണ്ട്. ഹോളിവുഡ് സിനിമകൾ അവിശ്വസനീയമായ കഥയാണെങ്കിലും മേക്കിങ്ങിലൂടെ വിശ്വസിപ്പിക്കാൻ അവർക്ക് കഴിയാറുണ്ട്. വലിയ ചിലവും വൻകിട നിർമാതാക്കളും എല്ലാം ഒത്തുവന്നാൽ എങ്ങനെ സിനിമയെടുക്കണമെന്ന് കാണിക്കാനാകുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.
അർബുദത്തോട് പടവെട്ടി വ്യക്തിപരമായി വലിയ തിരിച്ചുവരവ് നടത്തിയ ആളാണ് താങ്കൾ. കോവിഡ് കാലത്ത് വീട്ടിലിരുന്നവരോട് എന്താണ് പറയാനുള്ളത് ?
പ്രതിസന്ധി ആർക്കും വരാമെന്ന തിരിച്ചറിവ് ഇപ്പോൾ എല്ലാവർക്കും ലഭിച്ചെന്ന് തോന്നുന്നു. അർബുദബാധിതയായിരുന്നപ്പോൾ നീണ്ട ഇടവേള ഞാനും അനുഭവിച്ചിരുന്നു. പക്ഷേ തിരിച്ചുവരവിൽ കുറച്ചുകൂടി ശക്തയായി എന്ന് പറയാം. ചീത്ത സമയം ആർക്കും വരാം. എനിക്കും വന്നിരന്നു. ഒരു വീഴ്ചയെ ഫേസ് ചെയ്താൽ അത് ശീലമാകും. ഇപ്പോൾ ഭയമൊന്നുമില്ല. കൊറോണ വന്നപ്പോൾ യാതൊരു ഭയവും തോന്നിയില്ല. അതിനേക്കാൾ വലുത് കണ്ടയാളാണ് ഞാൻ. വ്യായാമവും പെയിൻറിങ്ങുമെല്ലാമായി വീട്ടിൽ തന്നെയിരുന്നു സമയം ആസ്വദിച്ചു.
കോവിഡ് കാലത്ത് കൊച്ചിയിൽ നിന്നും ലോസ് ആഞ്ചലസിലേക്ക് പോയിരുന്നു. കേട്ടയത്രയും ഭീകരമാണ് അമേരിക്കയിലെ കാര്യങ്ങളെന്ന് തോന്നിയില്ല. തെരഞ്ഞെടുപ്പ് നടക്കുേമ്പാൾ അമേരിക്കയിൽ ഉണ്ടായിരുന്നു. ഡെമോക്രാറ്റുകൾ ജയിച്ചതിൽ സന്തോഷം തോന്നി. എല്ലാം കൊണ്ടും ചരിത്ര വർഷമാണിത്. ഇപ്പോൾ നേടിയ തിരിച്ചറിവുകൾ നിലനിർത്താനാകട്ടെയെന്ന് ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.