"ഒരു കൊടം പാറ്, ഒല്ലിയടുത്താൽ ചൊല്ലാം. ഒരു മിളിന്തിയിൽ കാളിയാക്ക്, മറു മിളിന്തിയിൽ മനമൊട്ട്..."
ജിയോ ബേബി സംവിധാനം ചെയ്ത 'ദി ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൺ' സിനിമയുടെ ടൈറ്റിൽ സോങിനെ ശ്രദ്ധേയമാക്കുന്നത് വരിയിലുടനീളം ഉൾപ്പെടുത്തിയ പാളുവ ഭാഷയുടെ മനോഹാരിതയാണ്. രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത ഗാനം ഇതുവരെ യുട്യൂബിൽ രണ്ട് ലക്ഷത്തിലേറെ പേരാണ് കണ്ടിരിക്കുന്നത്. ഗാനത്തിൻ്റെ വരികൾ രചിച്ച,ദലിത് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ എസ്. മൃദുലദേവി 'മാധ്യമം ഓൺലൈനു'മായി സംസാരിക്കുന്നു.
പറയ സമുദായത്തിന്റെ ഭാഷയാണ് പാളുവ. അവർ പരസ്പരം ആശയങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന, ഗൂഢ സ്വഭാവമുള്ള ഭാഷയാണ് ഇത്. അതായത് സമുദായത്തിന് പുറത്തുള്ളവർക്കും/ഇതര ദലിത് വിഭാഗക്കാർക്കും അവർ ഈ ഭാഷ വിട്ട് കൊടുക്കില്ല. വാമൊഴിയായിട്ടുള്ള, ലിപിയില്ലാത്ത ഭാഷയാണ് ഇത്.
"ഒരു കുടം രഹസ്യം അടുത്തു കൂടി നിന്നാൽ പറയാം.എന്റെ ഒരു കണ്ണിൽ ദുഃഖമാണ്,മറ്റേ കണ്ണിൽ കുസൃതിയുമാണ്.
രണ്ടും കൂടി ചേരുന്ന അടവുകൊണ്ട് ഞാൻ നിന്നെ കട്ടെടുത്തിരിക്കുന്നു" എന്നിങ്ങനെയാണ് ഈ വരികളുടെ അർഥം വരുന്നത്.
പറയ ഭാഷയിലെ തുന്തുലി പാട്ട് ആണ് ഇതിൽ ഉപയോഗിച്ചത്. അതൊരു തരം പയറ്റു പാട്ടാണ്. അങ്ങോട്ടും ഇങ്ങോട്ടും ചോദ്യങ്ങൾ ചോദിച്ചിട്ട് ഉള്ള ഒരു രീതി. ഒരാൾ അവസാനിക്കുന്ന ഭാഗത്തു നിന്ന് അടുത്തയാൾ ചോദ്യം തുടങ്ങും. അതാണ് എന്ത് പാട്ട്? ചേല് പാട്ട് തുടങ്ങിയ വരികളിൽ ഉപയോഗിച്ചിട്ടുളളത്.
ഗൂഢസ്വഭാവം നിലനിർത്തുന്ന ഒരു ഭാഷയെ ഇത്തരത്തിൽ സിനിമയിൽ ഉപയോഗിക്കുമ്പോൾ എതിർപ്പ് ഉണ്ടാകില്ലേയെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്ത് സമുദായത്തിൽ ഏറെ മാറ്റം ഉണ്ടായിട്ടുണ്ട്. ഒന്നാമത് ഈ പാളുവ ഭാഷയും പ്രയോഗങ്ങളും ഒക്കെയുള്ള പാട്ട് ഒരുപാട് പേർ പല രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്. റാപ്പ് വന്നിട്ടുണ്ട്, കവിതകൾ ഒക്കെ വന്നിട്ടുണ്ട്. പക്ഷെ പ്രസിദ്ധീകരിച്ച കവിത എന്റെയാണ് ആദ്യമായിട്ട്. സമുദായത്തിന് അകത്തു നിന്ന് നല്ല എതിർപ്പ് ഉള്ളവരും നല്ല പിന്തുണ തരുന്നവരും ഉണ്ട്. കല,എഴുത്ത്,ആക്ടിവിസം എന്നിവയൊക്കെ എനിക്ക് ആശയങ്ങൾ സംവദിക്കുവാനുള്ള മാധ്യമമാണ്. പ്രഭാഷണങ്ങൾക്ക് പോകുമ്പോൾ പോലും ഞാൻ നാടൻപാട്ട്, ഭാഷാ പ്രയോഗങ്ങൾ ഒക്കെ വെച്ചാണ് അത്തരം പ്രഭാഷണങ്ങൾ മുമ്പോട്ട് കൊണ്ട് പോകാറുള്ളത്. അത്തരത്തിൽ നോക്കുമ്പോൾ ആശയങ്ങൾ ആളുകളിലേക്ക് കൂടുതൽ എത്തിക്കുവാൻ ഉള്ള നല്ല ഒരവസരം ഇപ്പോഴാണ് വന്നത്.
വാസ്തവത്തിൽ 'ദി ഗ്രെറ്റ് ഇന്ത്യൻ കിച്ചൺ' സിനിമയുടെ കഥ പൂർണ്ണമായി എനിക്ക് അറിയില്ല. എന്നിരുന്നാലും കിട്ടിയ സൂചനകൾ വെച്ചു നോക്കുമ്പോൾ പെൺകുട്ടി വളരെ ബോൾഡും കൺവെൻഷണൽ ആയ നിലപാടുകൾക്കെതിരെ സംസാരിക്കുന്നവളുമായ സ്വഭാവക്കാരിയുമാണ്. അപ്പോൾ തീർച്ചയായും നമ്മുടെയൊക്കെ മാനറിസങ്ങൾ ഇതിൽ കടന്നു വരേണ്ടതാണെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. അബോധമായ ആണധികാരത്തെ അടയാളപ്പെടുത്തുന്ന വരികൾ എന്നൊക്കെ തോന്നുന്നത് അതിനാലാണ്.
അഞ്ച് വർഷം മുമ്പ് ഇടനാടൻ പാട്ടിന്റെ ഈണം എടുത്തു കൊണ്ട് ഞാൻ ഒരു പാട്ടിന്റെ വരികൾ എഴുതി ചിട്ടപ്പെടുത്തിയിട്ടുണ്ടായിരുന്നു. ആ പാട്ടിന്റെ വരികളും ഈ സിനിമയിൽ എടുത്തിട്ടുണ്ട്. അത് ഉടൻ റിലീസ് ആകുമെന്നാണ് കരുതുന്നത്.
കവി ബാലചന്ദ്രൻ ചുള്ളിക്കാട് എന്റെ സുഹൃത്ത് ആണ്. വാസ്‌തവത്തിൽ നടൻ വിനായകനുമായി ഉണ്ടായിരുന്ന വിഷയം പറയ-പുലയ വിവാദമായി മാറി വന്ന ഒരു സമയം ഉണ്ടായിരുന്നു. ഞാൻ പറയ സമുദായത്തിൽ പെട്ടത് കൊണ്ട്, മറ്റൊരു സമുദായത്തിൽ പെട്ട അദ്ദേഹത്തെ ആക്രമിക്കുകയാണ് എന്ന് പറഞ്ഞു കുറച്ചു വിഭാഗം രംഗത്ത് വന്നു. അക്കാരണത്താൽ ഞാൻ ഈ ഭാഷയിൽ ഉള്ള പാട്ട് എഴുത്തുകൾ വരെ നിർത്തിവെച്ചു. ദലിത് ബുദ്ധിജീവികൾ വരെ ഇതിനെ ഒരു ഉപജാതി രാഷ്ട്രീയമാക്കി മാറ്റുകയും, പിന്നെ എന്തിനും ഏതിനും പറയവാദി എന്ന രീതിയിൽ എന്നെ ക്രൂശിക്കുകയും ചെയ്തത് ഏറെ വിഷമിപ്പിച്ചു. അതിനാൽ ഞാൻ എഴുത്തുകൾ വരെ നിർത്തി വെച്ചു. എന്റെ മുലപ്പാൽ ഭാഷ,അല്ലെങ്കിൽ ഞാൻ ചിന്തിക്കുന്ന ഭാഷയുടെ സ്വാതന്ത്ര്യത്തിന് മുകളിലാണ് അവർ കയറിപിടിച്ചത്.
പിന്നീട് ഈ കോവിഡ് വന്ന സമയത്ത് ആണ് ചുള്ളിക്കാടിന് ഈ ഭാഷയിൽ ഞാൻ ചെയ്ത വോക്കൽ സംഗീതം ഒക്കെ അയച്ചു കൊടുക്കുന്നത്. അത് കേട്ട് അദ്ദേഹം എന്നെ വീണ്ടും എഴുതുവാനും പാട്ട് ചെയ്യുവാനും ഒക്കെ പ്രേരിപ്പിച്ചു തുടങ്ങി. അതിൽ നിന്ന് കിട്ടിയ ധൈര്യത്തിൽ നിന്നാണ് വീണ്ടും എഴുത്തു തുടങ്ങിയത്. അത്തരത്തിൽ എന്നെ ഒന്ന് ചേർത്ത് പിടിക്കുവാൻ ദലിത് സാംസ്കാരിക സമൂഹത്തിൽ നിന്ന് ആരുമില്ലായിരുന്നു എന്നത് വാസ്തവമാണ്. അങ്ങനെ ഞാൻ ആദ്യമായി ഈ വരികൾ എഴുതി അയച്ചു കൊടുക്കുന്നതും അദ്ദേഹത്തിന് തന്നെയാണ്. അത് വായിച്ചു അദ്ദേഹം തന്ന പ്രചോദനത്തിൽ നിന്നാണ് ഞാൻ ഈ പാട്ട് ഫേസ്ബുക്കിൽ ഇടുന്നത്. സംവിധായകൻ ജിയോ ബേബി ആ പോസ്റ്റ് എഫ്.ബിയിൽ ഇട്ട് ഒരു 4,5 മിനിറ്റിനുള്ളിൽ തന്നെ ചോദിച്ചു, ഈ പാട്ട് ഞാൻ സിനിമയിൽ എടുത്തോട്ടെ എന്ന്. ഞാൻ സമ്മതിച്ചു. അതിലേക്ക് കുറച്ചു കൂടി വരികൾ പിന്നീട് കൂട്ടിച്ചേർത്തു. ആ പാട്ട് ആണ് ഇപ്പോൾ നിങ്ങൾ കേൾക്കുന്നത്. ഈ പാട്ടിൻ്റെ സാംസ്കാരികതയെ കുറിച്ച് ആഴത്തിൽ പഠിച്ചു കൊണ്ട്, അർഥം പഠിച്ചു കൊണ്ട് തന്നെയാണ് അവരുടെ ടീം ഈ പാട്ട് ഉപയോഗിച്ചിരിക്കുന്നത്. പാട്ട് പാടിയവർ അടക്കം.അതിന് ശേഷം 5 വർഷം മുൻപ് ഞൻ ഫേസ്ബുക്കിൽ ഇട്ട പാട്ട് കൊറോണ സമയത്തു ഒന്നൂകൂടി പോസ്റ്റ് ചെയ്തു. അത് ജിയോക്ക് അയച്ചു കൊടുത്തു. സിനിമയുടെ സന്ദർഭങ്ങളുമായി ചേർന്ന് നിൽകുന്ന വരികൾ ആയിരുന്നു അത്. അതാണ് ജിയോ രണ്ടാമത്തെ പാട്ട് ആയി എടുത്തത്.
ജിയോയുടെ ഈയൊരു ധൈര്യം ഭയങ്കരമാണ് എന്നാണ് ഞാൻ പറയുക. ഞാൻ കുറച്ചു കാലങ്ങളായി സിനിമയുടെ പല ഇടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. സിനിമ നിരൂപണം എഴുതിയിട്ടുണ്ട്. ജീവ ജനാർദ്ദനൻ സംവിധാനം ചെയ്ത 'ഞാവൽപഴങ്ങളി'ൽ ഇംഗ്ലീഷ് സബ്ടൈറ്റിൽ ചെയ്തു. അങ്ങനെ പലവിധത്തിൽ ഒക്കെ നിൽക്കുമ്പോൾ ഞാൻ മനസിലാക്കിയ ഒന്നാണ് സിനിമക്ക് അകത്തു രണ്ട് വിഭാഗങ്ങൾ ഉണ്ടെന്നത്. മാമൂലുകൾ ആയി പോകുന്നവരും റാഡിക്കൽ ആയി ഉള്ളവരും. അത്തരം മാറ്റങ്ങൾ വരുത്തണം എന്നാഗ്രഹിക്കുന്നവരിൽ പെടുന്നതാണ് ജിയോ ഒക്കെ.
ജിയോ ദലിത് പൊളിറ്റിക്സ് ഒക്കെ നന്നായി ഫോളോ ചെയുന്ന ആളാണ്. നമുക്കറിയാം ,പി.കെ റോസിക്ക് മലയാള സിനിമയിൽ സവർണ്ണ സ്ത്രീയുടെ വേഷം കെട്ടിയത് കൊണ്ടാണ് പലായനം ചെയ്യേണ്ടി വന്നത്. പിന്നീട് മലയാള സിനിമയിൽ ദലിത് പ്രാതിനിധ്യങ്ങളുടെ കടന്നുകയറ്റം ഒന്നും അങ്ങനെ ഉണ്ടായിട്ടില്ല. മാറ്റം വന്നത് കലാഭവൻ മണിയും വിനായകനും ഒക്കെ വന്നപ്പോൾ ആണ്. വിനായകൻ ഒക്കെ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തി തന്നെ ഇവിടെ നിന്നു. പിന്നെ സ്ത്രീകൾക്ക് തീരെ തന്നെ പ്രാതിനിധ്യം ഇല്ലായിരുന്നു. പക്ഷെ എത്രയോ കാലങ്ങളായി ഉള്ള ദലിത് എഴുത്തുകൾ, വായനകൾ, സംവാദങ്ങൾ എന്നിവയിലൂടെ ഒക്കെ സമൂഹത്തിന് മനസിലാകുന്നുണ്ട് ദലിത് സമൂഹത്തിൻ്റെ ആവശ്യകത. അതു മനസ്സിലാക്കിയ ഒരു വിഭാഗമാണ് 'ദി ഗ്രെറ്റ് ഇന്ത്യൻ കിച്ചൺ' ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.