സിജു വിത്സനെ നായകനാക്കി പി. ജി പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചവത്സര പദ്ധതി. സോഷ്യൽ സറ്റയർ വിഭാഗത്തിൽ പെടുന്ന തന്റെ പുതിയ ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ പി.ജി പ്രേംലാൽ
• തൊട്ടാൽ പൊള്ളുന്ന വിഷയവുമായി പഞ്ചവത്സര പദ്ധതി
തൊട്ടാൽ പൊള്ളുന്ന വിഷയമാണെന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഈ സബ്ജറ്റ് സിനിമക്ക് വേണ്ടി എടുക്കുന്നത്. എഴുത്തുകാരനായ സജീവ് പാഴൂർ ഈ സിനിമയുടെ ചെറിയൊരു ത്രെഡ് ആണ് എന്നോട് പറയുന്നത്. ആ ത്രെഡ് കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി ഇത് കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ പോലും പ്രസക്തമായ ഒരു വിഷയമാണെന്ന്. ഇത്തരം സിനിമകൾക്ക് ഇന്നത്തെ കാലം എത്രത്തോളം ചേരും എന്നുള്ള കാര്യത്തിൽ പല അഭിപ്രായ വ്യത്യാസങ്ങളും വന്നേക്കാം. പലതരത്തിലുള്ള സെൻസർഷിപ്പ് ഇഷ്യൂസ്, പലതരത്തിലുള്ള നീക്കി നിർത്തലുകൾ എല്ലാം സംഭവിക്കാം. അതിന്റേതായിട്ടുള്ള ബുദ്ധിമുട്ടുകൾ സിനിമയുടെ ചർച്ച സമയത്ത് പോലും വന്നിരുന്നു. എന്നാലും അതേസമയം ഇത് ചെയ്തേ പറ്റൂ എന്നുള്ളതും നമ്മുടെ തീരുമാനം തന്നെയാണ്. അങ്ങനെ പ്രൊഡ്യൂസർ അടക്കമുള്ള എല്ലാവരും കൂടെ നിൽക്കാൻ തയാറായപ്പോൾ ഈ സിനിമ സംഭവിച്ചു.
• മഞ്ച് മുരുകനും കലമ്പാസുരനും
മഞ്ച് മുരുകൻ എന്ന ക്ഷേത്ര സങ്കല്പം ഈ സിനിമക്കകത്തെ ഘടകമായി വരുന്നത്, സിനിമയിലെ ഐതിഹാസിക കഥാപാത്രമായ കലമ്പാസുരന്റെ പ്രധാന വഴിപാടായി പോപ്കോൺ വരുന്നയിടത്താണ്. സജി എന്നോട് കഥ പറയുമ്പോൾ കഥാ പശ്ചാത്തലമായി വരുന്നത് ബീച്ചും മറ്റുമായിരുന്നു. സ്പിരിച്വൽ ടൂറിസം എന്നുള്ള ആശയം ഒക്കെയായിരുന്നു അതിൽ ഉണ്ടായിരുന്നത്. അല്പം സറ്റയറായി കഥ പറയാം എന്നുള്ള രീതിയിലാണ് പിന്നീട് ഇതെല്ലാം ഡെവലപ്പ് ചെയ്യുന്നതും പോപ്കോൺ എന്നുള്ള ആശയമെല്ലാം കൊണ്ടുവരുന്നതും. കേരളത്തിലെ, മഞ്ച് മുരുകൻ എന്ന കോൺസെപ്റ്റ് പോലെ തന്നെയാണ് കലമ്പാസുരന്റെ പ്രതിമയും പ്രാർത്ഥന കേന്ദ്രവുമെല്ലാം ഞങ്ങൾ ഉണ്ടാക്കിയത്.
• കാസ്റ്റിംഗ് ഡയറക്ടറായി നടൻ ബിനോയ് നമ്പാല
ബിനോയ് നമ്പാല ഇതിനുമുമ്പും പല സിനിമകളിലും കാസ്റ്റിങ് ഡയറക്ടർ ആയി വർക്ക് ചെയ്തിട്ടുണ്ട്. ഈ സിനിമയിൽ അഭിനയിക്കുവാൻ ആയി വയനാട്ടിൽ നിന്നുള്ള കുറച്ച് അഭിനേതാക്കളെ കിട്ടുക എന്നുള്ള താൽപര്യം ഞങ്ങൾക്കുണ്ടായിരുന്നു. ആ താല്പര്യത്തെ മുൻനിർത്തിക്കൊണ്ടായിരുന്നു ബിനോയ് നമ്പാലയുമായി ഞങ്ങൾ വർക്ക് ചെയ്തു തുടങ്ങുന്നത്.
• സിജു വിത്സൻ എന്ന നടനെ തിരിച്ചറിയേണ്ടിയിരിക്കുന്നു
വളരെയധികം പൊട്ടൻഷ്യൽ ഉള്ള ഒരു നടനാണ് സിജു. തനിക്ക് കിട്ടുന്ന ഓരോ സിനിമയിലൂടെയും കൂടുതൽ കൂടുതലായി ഇംപ്രൂവ് ചെയ്തു വരുന്ന ഇതുപോലൊരു നടൻ വേറെയുണ്ടോ എന്ന് പോലും എനിക്ക് സംശയമാണ്. അത്രക്ക് നല്ല ആക്ടർ മെറ്റീരിയലും സ്റ്റാർ മെറ്റീരിയലും അയാളിലുണ്ട്. സമീപഭാവിയിൽ തന്നെ മലയാള സിനിമ സിജു വിത്സനെ അത്തരത്തിൽ അടയാളപ്പെടുത്തുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
• കലമ്പാസുരന്റെ പ്രതിമയും , കലമ്പാസുരന്റെ മലയും
പഞ്ചവത്സര പദ്ധതി എന്ന സിനിമയിലെ പ്രധാന കഥാപാത്രമാണ് കലമ്പാസുരൻ എന്ന ഒരു ഐതിഹാസിക കഥാപാത്രം. ആ കലമ്പാസുരന്റെ ഒരു പ്രതിമ സിനിമയിൽ വരുന്നുണ്ട്. ഒരു വലിയ മലക്ക് മുകളിലാണ് ആ പ്രതിമ ഉള്ളത്. അതും അത്ര ചെറുതല്ല. ഒരു കൂറ്റൻ പ്രതിമയാണത്. തുടക്കത്തിൽ അതെല്ലാം ഗ്രാഫിക്സിൽ ചെയ്താലോ എന്നായിരുന്നു ഞങ്ങളുടെ ചിന്ത. പിന്നീട് അതത്ര വർക്കാവില്ല എന്ന് ഞങ്ങൾക്ക് ബോധ്യമായി. പക്ഷേ ഒരു പ്രതിമയൊക്കെ ഉണ്ടാക്കി സിനിമ ചെയ്യുക എന്നുള്ള കോൺഫിഡൻസ് ഞങ്ങൾക്ക് ഇല്ലായിരുന്നു. ആർട്ട് ഡയറക്ടർ ആയ ത്യാഗുവാണ് ആ ആത്മവിശ്വാസം ഞങ്ങൾക്ക് തരുന്നത്. ആ പ്രതിമക്ക് ഏകദേശം 35 അടിയോളം നീളമുണ്ട്. ആ മലക്ക് താഴെയുള്ള വീടുകളിൽ വെച്ചിട്ടാണ് ആ പ്രതിമ ഉണ്ടാക്കുന്നത്. മൂന്നു പാർട്സ് ആയിട്ടാണ് അത് ഉണ്ടാക്കിയത്.എന്നിട്ട് മുകളിൽ കൊണ്ടുപോയി യോജിപ്പിക്കുകയായിരുന്നു. അതുപോലെ ചൂടുള്ള സമയത്ത് അവിടെ തീ പിടിച്ചു. പ്രതിമക്ക് ചുറ്റുമുള്ള ഭാഗം തീപിടിച്ചു പക്ഷേ പ്രതിമക്ക് ഒന്നും പറ്റിയില്ല. അതുപോലെ ഒരിക്കൽ പുല്ലൊക്കെ ഉണങ്ങി പുല്ലിന്റെ കളർ വരെ മാറിയിരുന്നു. കണ്ടിന്യൂറ്റി തെറ്റാതിരിക്കാൻ വേണ്ടി വീണ്ടും പുല്ലെല്ലാം പച്ചകളറിലേക്ക് മാറ്റുകയായിരുന്നു.
• സംസ്ഥാന അവാർഡിന്റെ 'ആത്മകഥ'
ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി ഞാൻ സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ആത്മകഥ. അതിന് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി പരാമർശം. അതിനുശേഷം ഞാൻ ഔട്ട്സൈഡർ എന്ന സിനിമ ചെയ്തിരുന്നു. മുൻപൊക്കെ സിനിമ ചെയ്യുന്ന കാലത്ത് സാറ്റ്ലൈറ്റ് എന്നത് വലിയൊരു ഘടകം ആയിരുന്നു. അക്കാലത്ത് ശ്രീനിയേട്ടനാണെങ്കിൽ നല്ല സാറ്റ്ലൈറ്റ് വാല്യൂ ഉണ്ട്. അങ്ങനെ ആത്മകഥ സിനിമയുമായി ശ്രീനിയേട്ടൻ സഹകരിക്കാൻ തയാറായി. അങ്ങനെയാണ് ആത്മകഥ എന്ന സിനിമ ചെയ്യുന്നത്. പിന്നീട് ഇതെ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി ഔട്ട്സൈഡർ എന്ന സിനിമയും ചെയ്തു. പിന്നീട് തമിഴിലെ ഒരു താരത്തെ വെച്ച് ഒരു തമിഴ് സിനിമ പ്ലാൻ ചെയ്തിരുന്നു. പക്ഷെ ആ താരത്തിന്റെ ചില വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം ആ വർക്ക് അല്പം ഡിലെ ആവുകയും അതുകാരണത്താൽ പ്രൊഡ്യൂസർ പിന്മാറുകയും ചെയ്തു. പിന്നീട് ഒരു സിനിമ എന്നുള്ള പ്ലാനിലേക്ക് വരുമ്പോഴാണ് കോവിഡ് വരുന്നതും മറ്റും. കൊവിഡിനു മുൻപേ തന്നെ ശ്രീനിയേട്ടന്റെ തിരക്കഥയിൽ ഒരു സിനിമ എന്ന പ്ലാൻ മനസ്സിൽ ഉണ്ടായിരുന്നു. ഏതായാലും ആ പ്ലാനുമായിട്ടാണ് മുമ്പോട്ട് പോകുന്നത്. ശ്രീനിയേട്ടന്റെ തിരക്കഥയിലുള്ള ഒരു സിനിമയായിരിക്കും അടുത്തതായി ചെയ്യാൻ പോകുന്നത്.
• തുടക്കം ദൂരദർശനിൽ നിന്ന്
അഡ്വർടൈസിംഗ് ഏജൻസികൾക്ക് വേണ്ടി കോപ്പിറൈറ്ററായി വർക്ക് ചെയ്തിരുന്ന ആളായിരുന്നു ഞാൻ. ആ സമയത്ത് ഫ്രീലാൻസായി ഞാൻ ജേണലിസം ചെയ്തിരുന്നു. ഇതൊക്കെയായി മുൻപോട്ട് പോകുന്നതിന് ഇടക്കാണ് വളരെ യാദൃശ്ചികമായി ഒരു ആഡ് ഫിലിം ചെയ്യാൻ എനിക്കവസരം ലഭിക്കുന്നത്. അത് സക്സസ് ആയതോടെ ഞാൻ വേറെ ആഡ് ഫിലിംസ് കൂടി ചെയ്യാൻ തുടങ്ങി. അതിനിടക്ക് നോബൽ സമ്മാന ജേതാവായ നോർവീജിയൻ എഴുത്തുകാരൻ നട്ട് ഹാംസൺ എഴുതിയ കാൾ ഓഫ് ലൈഫ് എന്ന ചെറുകഥയുടെ സ്വതന്ത്രാവിഷ്കാരമായ ഒരു ഹ്രസ്വചിത്രം ചെയ്തു. സോനാ നായർ പ്രധാന കഥാപാത്രമായ ചിത്രത്തിന്റെ പേര് ജീവിതത്തിന്റെ ഒരു ദിവസം എന്നാണ്. അത് വളരെയധികം ശ്രദ്ധിക്കപ്പെട്ടു. വളരെ യാദൃശ്ചികമായി ആ ഷോർട്ട് ഫിലിം എനിക്ക് ശ്രീനിയേട്ടനെ കാണിക്കാൻ പറ്റി. അദ്ദേഹം അതിനെ പറ്റി നല്ല അഭിപ്രായം പറഞ്ഞു. അങ്ങനെയാണ് ഞാൻ സിനിമയാക്കാൻ ഉദ്ദേശിക്കുന്ന ഒരു സ്ക്രിപ്റ്റ് അദ്ദേഹത്തെ കേൾപ്പിക്കുന്നത്. അത് ഇഷ്ടപ്പെട്ട അദ്ദേഹം പല സിനിമകളും മാറ്റിവച്ചാണ് ആ കഥ കേട്ടതിന്റെ മൂന്നാമത്തെ മാസം ഷൂട്ട് തുടങ്ങാൻ പാകത്തിൽ എനിക്ക് ഡേറ്റ് തന്നത്.
• ശ്രീനിവാസനില്ലെങ്കിൽ പ്രേംലാൽ എന്ന ഡയറക്ടറില്ല
ഇക്കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. അദ്ദേഹമില്ലായിരുന്നുവെങ്കിൽ ഞാനെന്ന ഡയറക്ടറുണ്ടാവില്ലായിരുന്നു. ഞാൻ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി ഒന്നും വന്ന ആളല്ല. അതുകൊണ്ടുതന്നെ കഥ പറയുവാനായി ഏതൊരു നടനെ വിളിച്ചാലും അവർ അടുത്തമാസം വിളിക്കു അടുത്ത മാസം വിളിക്കു എന്നും പറഞ്ഞ് നമ്മളെയിങ്ങനെ നിരന്തരം നടത്തിക്കുന്ന പരിപാടിയാണ് സംഭവിക്കുക. പിന്നെ പ്രത്യേകിച്ചും സിനിമ ഫിലിമിൽ ഷൂട്ട് ചെയ്യുന്ന കാലത്ത് സിനിമയെക്കുറിച്ച് അത്രയേറെ അറിഞ്ഞിരിക്കണമെന്നുണ്ട്. കാരണം ഫിലിമിന് അത്രയും വിലയുണ്ട്. ഒരു ഫിലിം ഒക്കെ വെറുതെ പാഴായിപ്പോവുക എന്ന് പറഞ്ഞാൽ അത്രയും നഷ്ടമാണ്. അതുകൊണ്ടുതന്നെ എന്നെ വിശ്വസിച്ച് ഒരു പ്രൊഡ്യൂസർ എത്തുക, അയാൾ എന്നെ വിശ്വസിച്ച് ആ സിനിമ ഏൽപ്പിക്കുക എന്നുള്ളത് ഒക്കെ ഒട്ടും എളുപ്പമായിരുന്നില്ല. ആ സമയത്താണ് ശ്രീനി ചേട്ടനെ വിളിച്ചു ഒരു കഥ പറയാനുണ്ടെന്ന് ഞാൻ അറിയിക്കുന്നത്. എന്റെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ചേട്ടൻ നാളെ രാവിലെ എട്ടുമണിക്ക് തന്നെ എത്താൻ പറഞ്ഞു. കഥ കേട്ട് ആൾ ഓക്കെ പറഞ്ഞു. അങ്ങനെയാണ് എന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ഇനിയും അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാൻ പോകുന്നതിന്റെ ആഹ്ലാദത്തിലാണ് ഞാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.