അന്നുമിന്നും ഇഷ്​ടം അഭിനയം, സംവിധായകനാകാനില്ല -ഷൈൻ ടോം ചാക്കോ

'ഇയാൾ ഈ വേഷം പൊളിക്കും'- ഷൈൻ ടോം ചാക്കോയെ സ്​ക്രീനിൽ കാണു​േമ്പാൾ തന്നെ പ്രേക്ഷകന്​ തോന്നുക ഇതാണ്​. ആ വിശ്വാസം ഷൈൻ തെറ്റിക്കാറുമില്ല. ഇതിഹാസ, ഇഷ്​ക്​, ആൻമ മരിയ കലിപ്പിലാണ്​, കമ്മട്ടിപ്പാടം, ലൗ, കുരുതി തുടങ്ങി സൂപ്പർ ഹിറ്റായി ഇപ്പോൾ ഓടുന്ന 'കുറുപ്പി'ൽ വരെ ഷൈൻ അത്​ തെളിയിച്ചിട്ടുണ്ട്​. ഏത് റോളും അനായാസം ചെയ്ത് ഫലിപ്പിക്കാനുള്ള കഴിവ് കൊണ്ടാണ്​ വളരെ ചുരുക്കകാലത്തിനിടയിൽ തന്നെ പ്രേക്ഷകരുടെ ഉള്ളിൽ സ്ഥാനം നേടാൻ അദ്ദേഹത്തിന്​ കഴിഞ്ഞത്​.

സൈമ അവാര്‍ഡ്‌ 2019ൽ 'ഇഷ്​കി'ലെ നെഗറ്റിവ്​ റോളിലൂടെ ബെസ്റ്റ് ആക്ടർ പദവി നേടിയെടുത്ത നടനാണ്​ ഷൈൻ. 'കുറുപ്പ്' എന്ന സിനിമയിലെ ഭാസിപിള്ളയായി സ്​​ക്രീനിൽ ജീവിച്ചാണ്​ ഇത്തവണ ഷൈൻ പ്രേക്ഷകരെ ഞെട്ടിച്ചത്​. അതിഗംഭീര പ്രകടനം കൊണ്ട് മികച്ച പ്രേക്ഷകാഭിപ്രായം 'കുറുപ്പി'ലൂടെ നേടിയെടുത്ത ഷൈൻ ടോം ചാക്കോ 'മാധ്യമം ഓൺലൈനു'മായി സംസാരിക്കുന്നു.

'നമ്മൾ' സിനിമയിൽ ഷൈൻ ടോം ചാക്കോ അഭിനയിച്ച രംഗം

ബസിൽ ആരുമറിയാതെ ഇരുന്ന്​ തുടക്കം

എനിക്ക് അഭിനയിക്കാൻ തന്നെയാണ് അന്നും ഇന്നും ഇഷ്​ടം. അഭിനയം ലക്ഷ്യമാക്കി സഹസംവിധായകൻ ആയ ആളാണ്​ ഞാൻ. 2002ൽ കമൽ സാർ സംവിധാനം ചെയ്​ത 'നമ്മൾ' എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ്​ ആയാണ്​ തുടക്കം എന്നു തന്നെ പറയാം. 'നമ്മൾ' എന്ന സിനിമയിൽ സിദ്ധാർഥ്​ ചായ വിൽക്കുന്ന സമയത്ത് ബസിലിരുന്ന് അത് വാങ്ങുന്നയാളുടെ പിറകിലെ സീറ്റിൽ ഇരിക്കുന്ന ഒരാളായാണ് അതിൽ ഞാൻ ഉണ്ടായിരുന്നത്.

ആരും അന്ന്​ തിരിച്ചറിഞ്ഞതുപോലുമില്ല. പ്ലസ് ടു ഒക്കെ കഴിഞ്ഞ്​ ഏകദേശം പതിനെട്ട് വയസ് ഉള്ളപ്പോഴായിരുന്നു അത്​. അഭിനയത്തോടുള്ള താൽപ്പര്യം കൊണ്ടാണ്​ കമൽ സാറിന്‍റെ അടുത്തെത്തിയത്. അങ്ങനെ ആ സിനിമയിൽ യാദൃശ്ചികമായി ആയി ഒരു ചെറിയ സീനിൽ പ്രത്യക്ഷപ്പെടാനുള്ള അവസരം ലഭിച്ചു. പിന്നീട്​ സാറിന്‍റെ കൂടെ സഹസംവിധായകനായി കൂടി. 2011ലാണ്​ ഞാൻ 'ഗദ്ദാമ'യിൽ അഭിനയിക്കുന്നത്​. ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രമായി ഞാൻ സ്‌ക്രീനിൽ വരുന്നത് 'ഗദ്ദമായി'ലാണ്.

സഹസംവിധായകനായി അഭിനയത്തിലേക്ക്​

കമൽ സാറിന്‍റെ അടുത്തെത്തി അഭിനയമെന്ന താൽപര്യം തുറന്നുപറയാൻ അൽപം സ​ങ്കോചമുണ്ടായിരുന്നു. കാരണം അന്നത്തെ നടന്മാരുടെ സൗന്ദര്യമോ രൂപമോയൊന്നും ഇല്ലാത്ത ഒരാളായിരുന്നു ഞാൻ. മാത്രവുമല്ല, എനിക്കാണെങ്കിൽ ഇതിനെ കുറിച്ചൊന്നും ഒരു വ്യക്തതയുമില്ല. അപ്പോൾ പിന്നെ സിനിമയെ കുറിച്ച്, ടെക്‌നോളജിയെ കുറിച്ച്, സിനിമയുടെ രീതിയെക്കുറിച്ച് ഒക്കെ അറിയണം എന്നൊക്കെ എനിക്ക് തോന്നി. കാരണം എനിക്ക് സിനിമ സംഭവിക്കുന്നത് എങ്ങനെയാണെന്ന് പോലും അറിയില്ലായിരുന്നു. ഓരോ സിനിമക്ക്​ പിന്നിലും ഒരു എഡിറ്റർ ഉണ്ടെന്നും ഒരു ക്യാമറാമാൻ ഉണ്ടെന്നും ഒക്കെ ഞാൻ വളരെ വൈകിയാണ് മനസ്സിലാക്കുന്നത്. അതിനുമുമ്പ്​ എല്ലാം ഒരൊറ്റ പ്രോസസിലൂടെ നടക്കുന്ന ഒരു സംഭവമായാണ് സിനിമയെ ഞാൻ കണ്ടത്. അതിനാൽ തന്നെ സിനിമയെക്കുറിച്ച്​ കൂടുതൽ അറിയണം എന്ന് ആഗ്രഹം ഉണ്ടായി.

എങ്കിലേ നന്നായി പെർഫോം ചെയ്യാൻ പറ്റൂ. അങ്ങനെ ഞാൻ സഹസംവിധായകനായി. അസിസ്റ്റൻറ് ഡയറക്ടറായി നിൽക്കുമ്പോൾ ഒരുപാടു നേട്ടങ്ങൾ ഉണ്ട്, ഒരു നടനെ സംബന്ധിച്ചിടത്തോളം. സിനിമ എന്ന ലോകവും ചുറ്റുപാടുമായി പരിചയപ്പെടാൻ ലഭിക്കുന്ന ഏറ്റവും നല്ല അവസരമാണിത്. നമ്മൾ വർക്ക് ചെയ്യുന്ന സ്പേയ്സിൽ കൂടുതൽ പരിചയം വന്നാൽ പിന്നെ ഒരു പതർച്ചയുടെ ആവശ്യം വരില്ല. അങ്ങനെ സഹസംവിധായകനായി അതിലൂടെയാണ് ഞാൻ അഭിനയത്തിലേക്ക് കടന്നുവരുന്നത്.

'ഇതിഹാസ'യിൽ ഷൈൻ ടോം ചാക്കോയും അനുശ്രീയും

കമൽ സാറിനൊപ്പമുള്ളത്​ അനുഭവങ്ങളല്ല, സത്യങ്ങൾ

ഞാൻ പൊന്നാനിയിലാണ് ആദ്യം താമസിച്ചിരുന്നത്. അന്നൊക്കെ കമൽ സാറിന്‍റെ കുടുംബവുമായി ഒരു ബന്ധം എനിക്കുണ്ട്. ഞാൻ കൊടുങ്ങല്ലൂർ ചെട്ടിക്കാട് പള്ളിയിലേക്ക് ഒക്കെ പോകുമ്പോൾ സാറിന്‍റെ കൊടുങ്ങല്ലൂരുള്ള വീട്ടിലേക്ക് പോകുമായിരുന്നു. ഞങ്ങളവിടെ സംസാരിച്ചൊക്കെയിരിക്കും. ആ ബന്ധത്തിൽ നിന്നാണ് പിന്നീട് സിനിമ എന്ന ആഗ്രഹവുമായി അദ്ദേഹത്തെ സമീപിക്കുന്നത്. 'നമ്മൾ' മുതലുള്ള ജീവിതത്തിൽ സാറിനോടൊപ്പം ഉള്ളതൊന്നും അനുഭവങ്ങളല്ല, സത്യങ്ങളാണ്. ആ വഴിയിലൂടെ വന്നില്ലായിരുന്നുവെങ്കിൽ ഞാൻ ഇവിടെയൊന്നും എത്തുമായിരുന്നില്ല.

സിനിമ എന്താണെന്നറിയുന്നു, എങ്ങനെയാണെന്നറിയുന്നു, അതിന്‍റെ സഞ്ചാരങ്ങളറിയുന്നു എങ്കിൽ അതിന്‍റെയെല്ലാം അടിസ്ഥാന കാരണം കമൽ സാർ ആണ്. നമ്മളൊരു കത്തെഴുതാൻ ശ്രമിക്കുന്നുവെങ്കിൽ അതിലേക്ക് ആവശ്യമായ ഒരു വരി പോലും പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല. ഒരു മനുഷ്യന്‍റെ ജനനം മുതൽക്ക് അവന്‍റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളും അവന്‍റെ പഠനവും അറിവും എല്ലാം അതിന് ആവശ്യമാണ്. അതെല്ലാം പഠിച്ചതിന് ശേഷം മാത്രമേ നമുക്ക് ഒരു വരി പോലും എഴുതാൻ പറ്റൂ. അതുപോലെയാണ് ഇവിടെയും സംഭവിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം കമൽ സാർ ഒരു സ്കൂൾ ആയിരുന്നു.

നായകനേക്കാൾ തിളങ്ങുന്നത്​ പ്രതിനായക വേഷത്തിൽ

വളരെ നോർമൽ ആയ ഒരാളും അത്യാവശ്യം മദ്യപിച്ചു ഫിറ്റായ ഒരാളും നമ്മുടെ മുന്നിലേക്ക് വരികയാണെങ്കിൽ നമ്മൾ അൽപം കൂടുതൽ ശ്രദ്ധിക്കുക ഈ ഫിറ്റായി വരുന്ന ആളെയാവും. അതുപോലെ തന്നെയാണ് ഈ ചെയ്യുന്ന കഥാപാത്രങ്ങളിലും സംഭവിക്കുന്നത്. ആളുകൾ കുറച്ചു കൂടുതൽ ഇത്തരം നെഗറ്റീവ് കഥാപാത്രങ്ങൾ ശ്രദ്ധിക്കുന്നതിനുള്ള കാരണവുമതാണ്. പിന്നെ ചെയ്യുന്ന കഥാപാത്രങ്ങളെ ന്യായീകരിക്കാതെ അവരുടെ നെഗറ്റീവ്​ ഷേഡുകളും പോസിറ്റീവ് ഷേഡുകളും എല്ലാം പ്രകടിപ്പിക്കുന്ന കഥകളും അത്തരം സ്പേസുകൾ കിട്ടുന്ന കഥാപാത്രങ്ങളുമാണ് ഇപ്പോൾ വരുന്നത്. അത് കഥാപാത്രങ്ങളെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ കൂടിയാണ്.

ഷൈൻ ടോം ചാക്കോ 'കുറുപ്പി'ൽ

നിറഞ്ഞാടിയ ഭാസിപിള്ള

'കുറുപ്പ്' എന്ന സിനിമയുമായി ബന്ധപ്പെട്ട്​ ബിപിൻ പെരുമ്പള്ളിയാണ് എന്നോട് ആദ്യം സംസാരിക്കുന്നത്. അതിനു ശേഷമാണ് സംവിധായകൻ ശ്രീനാഥ്‌ എന്നെ കാണുന്നത്. ആ സിനിമയെ കുറിച്ച്​ സംസാരിക്കുമ്പോഴെല്ലാം ഭാസിപിള്ള എന്ന കഥാപാത്രത്തെ അത്രയും ഹൈയായാണ് അവരൊക്കെ പറഞ്ഞുതന്നത്. ആ തിരക്കഥയിൽ ആ കഥാപാത്രത്തെ അങ്ങനെയാണ് എഴുതി വെച്ചിരിക്കുന്നത്. പിന്നെ ഷൂട്ട് തുടങ്ങിയപ്പോൾ ആ കാലഘട്ടവും അന്തരീക്ഷവും എല്ലാം അവർ അതിനനുസരിച്ച് സെറ്റ് ചെയ്ത് തന്നപ്പോൾ കഥാപാത്രമാവാൻ ബുദ്ധിമുട്ടുണ്ടായില്ല. ആ അന്തരീക്ഷത്തിൽ ചുമ്മാ തിരിഞ്ഞാലും മറിഞ്ഞാലും നടന്നാലും എല്ലാം ഞാൻ ഭാസിപിള്ളയാണ്. പശ്ചാത്തലത്തിന്‍റെയും അവർ നമുക്ക് തരുന്ന സ്പെയ്സിന്‍റെയും മികവാണത്. ഒരു ബ്ലാങ്ക്ഡായ സ്പേസാണ് അവർ നമുക്ക് തരുന്നതെങ്കിൽ നമുക്ക് ഇതിന്‍റെ പകുതിപോലും ചെയ്യാൻ പറ്റില്ലായിരുന്നു. അതോടൊപ്പം ദുൽഖറിനോടൊപ്പമുള്ള നല്ല കംഫർട്ട് ആയ അനുഭവങ്ങൾ കൂടികൊണ്ടാണ് ആ സിനിമയിലെ ഭാസി ഇത്രയേറെ സ്വീകാര്യമായത്.

ഗദ്ദാമ മുതൽ കുറുപ്പ് വരെ

ഗദ്ദാമ മുതൽ കുറുപ്പ്​ വരെയുള്ള കാലം വിലയിരുത്തിയാൽ സിനിമ സാങ്കേതികപരമായി ഒരുപാട് മാറിയിട്ടുണ്ട് ഇപ്പോൾ. സാങ്കേതികമെന്ന് പറഞ്ഞാൽ ബേസിക് ടെക്‌നോളജി മാറി എന്ന്​ മാത്രമല്ല ഉദ്ദേശിച്ചത്. പകരം സിനിമ ഷൂട്ട് ചെയ്തു പകർത്തുന്ന രീതിയിലും മാറ്റം വന്നിട്ടുണ്ട്​. ഫിലിമിൽ നിന്ന് ഡിജിറ്റലിലേക്ക് വന്നതുപോലുള്ള മാറ്റങ്ങൾ സിനിമയെടുക്കുന്ന സമീപനത്തിലും വന്നിട്ടുണ്ട്​. അത്തരം മാറ്റങ്ങൾ സംഭവിക്കുമ്പോൾ അതിനനുസരിച്ച് സിനിമയിലെ നടനും അയാളിലെ കഥാപാത്രങ്ങളുമെല്ലാം പരിവർത്തനപ്പെടും. അതായത്, സാങ്കേതികപരമായിട്ടുള്ള പുരോഗതി വരുന്നതിനനുസരിച്ച് ഇവിടെ ഒരുപാട്​ പുതിയ ആളുകൾ അഭിനയത്തിലേക്ക് കടന്നുവരുന്നുണ്ട്. അത് ശ്രദ്ധിച്ചാലറിയാം. പണ്ടൊക്കെ നമ്മൾ സിനിമകൾ കണ്ടിരുന്നത് പോലും വളരെ സ്റ്റേജ്ഡ് ആയിട്ടായിരുന്നു. പിന്നീടാണ് വിവിധ ആംഗിളുകളിൽ നിന്ന് സിനിമ കാണിച്ചുതുടങ്ങിയത്. അതിനുശേഷം സിനിമ സ്റ്റുഡിയോ വിട്ട്​ പുറത്തേക്ക്, റിയൽ ലൊക്കേഷനിലേക്ക് വരാൻ തുടങ്ങി. അതൊക്കെ മേക്കിങ് രീതിയിൽ ഉണ്ടാക്കുന്ന വ്യത്യാസങ്ങളാണ്.

അതുപോലെ തന്നെയാണ് നടന്മാരിൽ ഉണ്ടാകുന്ന വ്യത്യാസവും. പഴയ നടന്മാരെ പോലെയല്ല പുതിയ നടന്മാർ. അവരുടെ പ്രകടനത്തിൽ പോലും മാറ്റം വന്നു. ഞാൻ അഭിനയിച്ചു തുടങ്ങുന്ന സമയത്തൊക്കെ സംവിധായകൻ ഒരു ഷോട്ട് വെച്ചാൽ ആക്ഷൻ, കട്ട് പറയുന്നതിനിടയിലെ അതിന്‍റെ ഡ്യൂറേഷൻ/ലെങ്ത് വളരെ കുറവായിരുന്നു. ഇന്നങ്ങനെ അല്ല. അത്​ കൂടി. 'ഇഷ്ക്' സിനിമ ശ്രദ്ധിച്ചാലറിയാം, മുമ്പ്​ ചെയ്ത സിനിമകൾ പോലെയല്ല അതിലെ കഥാപാത്രം. കാരണം ആ സിനിമയുടെ ഷൂട്ടിങ്​ രീതി അല്ലെങ്കിൽ ഷോട്ട് എടുക്കുന്ന രീതിയിൽ വന്ന വ്യത്യസ്തമാണത്. മറ്റൊരർഥത്തിൽ ഷോട്ട്​ എടുക്കു​േമ്പാൾ കൂടുതലായി തരുന്ന ഈ ലെങ്ത് എന്ന്​ പറയുന്നത്​ നമുക്ക് കൂടുതൽ ​പെർഫോമൻസ് ചെയ്യാൻ ലഭിക്കുന്ന അവസരം കൂടിയാണ്​.


സംവിധാനത്തിലേക്കില്ല

2018ൽ ടൈം ട്രാവൽ സിനിമയായ 'ഹൂ' എന്ന ചിത്രത്തിന്‍റെ സഹ നിർമ്മാതാവായിരുന്നു ഞാൻ. ഇനിയിപ്പോൾ എന്ന് നിർമ്മാണത്തിലേക്ക് പോകുമെന്ന് ചോദിച്ചാൽ അതൊക്കെ കൈയിലെ ഇൻവെസ്റ്റ്മെന്‍റ്​ വെച്ചുള്ള ഒന്നാണ്. അത്തരം പ്ലാനുകൾ ഒന്നും തത്കാലം ഇപ്പോൾ ഇല്ല. അതുപോലെ സഹസംവിധായകനായി ഞാൻ വന്നുവെങ്കിലും സംവിധായകൻ ആവുക എന്നത് എന്‍റെ ആഗ്രഹമല്ല. നേരത്തേ പറഞ്ഞല്ലോ, അഭിനയം ലക്ഷ്യമാക്കിയാണ് ഞാൻ സഹസംവിധായകനായത്. അല്ലാതെ സംവിധായകൻ എന്ന ഒരു ആഗ്രഹം എന്നെ സംബന്ധിച്ചിടത്തോളം ഒട്ടുമില്ല.

Tags:    
News Summary - Shine Tom Chacko says 'no' to direction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT