പേരിനു പോലുമുണ്ട് കൃത്യമായ പൊളിറ്റിക്സ്; 'ബി 32 മുതൽ 44 വരെ ' -ശ്രുതി ശരണ്യം

സാംസ്കാരിക വകുപ്പും ചലച്ചിത്ര വികസന കോർപ്പറേഷനും സംയുക്തമായി നിർമിച്ചിരിക്കുന്ന ചിത്രമാണ് ബി 32 മുതൽ 44 വരെ. ആറു സ്ത്രീകളുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്രുതി ശരണ്യമാണ്. ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ച്  മാധ്യമവുമായി സംസാരിക്കുന്നു

• രാഷ്ട്രീയം പറയുന്ന ബി 32 മുതൽ 44 വരെ

സിനിമ കണ്ടിട്ട് ഒരുപാട് പേർ പോസിറ്റീവ് റിവ്യൂസ് എഴുതുന്നുണ്ട്. അതിൽ ഒത്തിരി സന്തോഷമുണ്ട്. പിന്നെ പല അഭിമുഖങ്ങളിലും പറഞ്ഞ കാര്യം തന്നെയാണ് സിനിമയുടെ പേരിനെക്കുറിച്ച് ഇവിടെ നിങ്ങൾക്ക് മുൻപിലും ഞാൻ പറയാനാഗ്രഹിക്കുന്നത്. ബോഡി പൊളിറ്റിക്സാണ് സിനിമ പറയുന്നത്. സ്ത്രീകളുടെ ശരീര രാഷ്ട്രീയം വളരെ രസകരമായ രീതിയിൽ പറയാൻ ശ്രമിച്ചിട്ടുണ്ട്. വാസ്തവത്തിൽ സ്ത്രീകളുടെ മാത്രമല്ല എല്ലാ ജൻഡറിന്റെയും ചെറിയൊരു രാഷ്ട്രീയമെങ്കിലും അടയാളപ്പെടുത്താൻ നമ്മളിവിടെ ശ്രമിച്ചിട്ടുണ്ട്. പിന്നെ ചോദ്യത്തിലേക്കുള്ള ഉത്തരം വരികയാണെങ്കിൽ തീർച്ചയായും സിനിമയുടെ പേരിലെ ബി സൂചിപ്പിക്കുന്നത് ബോഡി, ബ്രെസ്റ്റ്, ബ്യൂട്ടി, ബോൾഡ് അങ്ങനെ പലതുമാണ്. അതുകൊണ്ട് തന്നെ ആ പേരിനു പോലുമുണ്ട് കൃത്യമായ പൊളിറ്റിക്സ്

• സാംസ്കാരിക വകുപ്പും ചലച്ചിത്ര വികസന കോർപ്പറേഷനും സംയുക്തമായി നിർമ്മിച്ച ചിത്രം

വാസ്തവത്തിൽ ബി 32 മുതൽ 44 വരെ എന്നയീ സിനിമയുടെ പ്ലോട്ട് ഇത്തരമൊരു പദ്ധതിയുടെ ഭാഗമായി തയാറാക്കിയ ഒന്നല്ലായിരുന്നു. 2008 മുതൽ മനസ്സിലുണ്ടായിരുന്ന ഒരു പ്ലോട്ടായിരുന്നു ഇത്‌. പക്ഷെ സാംസ്കാരിക വകുപ്പും ചലച്ചിത്ര വികസന കോർപ്പറേഷനും സംയുക്തമായി ഇത്തരത്തിലൊരു സിനിമാ പദ്ധതി നടപ്പിലാക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ 2021ലത് ഡെവലപ്പ് ചെയ്തൊരു സ്ക്രിപ്റ്റാക്കാൻ തീരുമാനിച്ചു. മത്സരത്തിലേക്ക് കടന്നപ്പോൾ ഒരുപാട് നല്ല ജൂറി മെമ്പേഴ്സിലൂടെയൊക്കെ കടന്നുപോയിട്ടാണ് സ്ക്രിപ്റ്റിന്റെ തിരഞ്ഞെടുപ്പ് ഒക്കെ സംഭവിച്ചത്. തീർച്ചയായും എന്റെ പ്രൊഡക്ടിനെ നന്നാക്കാൻ അതൊരുപാട് ഉപകരിച്ചിട്ടുണ്ട്. ജോൺ പോൾ സാറിനെ പോലുള്ള ജൂറി മെമ്പേഴ്സ് എല്ലാം ഉണ്ടായിരുന്നു ആക്കൂട്ടത്തിൽ. അത്തരം ആളുകളുടെയൊക്കെ സൂക്ഷ്മാന്വേഷണം കിട്ടുക എന്നതുത്തന്നെ വലിയൊരു ഭാഗ്യമാണ്. 2022 മാർച്ചിൽ സിനിമ ഷൂട്ട് തുടങ്ങി. 21 ദിവസം കൊണ്ട് ഷൂട്ട് പൂർത്തിയായി. നല്ലൊരു പിന്തുണ ലഭിച്ചത് കൊണ്ട് തന്നെ വർക്കൊക്കെ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിച്ചു.

• പിന്നണിയിൽ ഒരുപാടു സ്ത്രീകളും കുറച്ചു പുരുഷന്മാരും

ഈയൊരു പദ്ധതിയുടെ ഭാഗമായിട്ടല്ലാ സിനിമ നടന്നിരുന്നെങ്കിൽ കൂടിയും ഇതിലെപോലെ പിന്നണിയിൽ പരമാവധി സ്ത്രീകളെ ഉൾപ്പെടുത്താൻ ഞാൻ ശ്രമിക്കുമായിരുന്നു. എന്നാൽ ഈ പദ്ധതിയുടെ ഭാഗമല്ലാതെ, ഒരു പ്രൈവറ്റ് പ്രൊഡ്യൂസറെയാണ് എനിക്ക് കിട്ടുന്നതെങ്കിൽ തീർച്ചയായും അണിയറ പ്രവർത്തകരുടെ കാര്യത്തിൽ നിർമ്മാതാവിന്റെ താല്പര്യങ്ങളെ ഞാൻ പരിഗണിക്കേണ്ടിവരും. അവർക്ക് പല അണിയറ പ്രവർത്തകരുടെ കാര്യത്തിലും പല ഓപ്ഷൻസും ഉണ്ടായിരിക്കും . എന്നാൽ ഇവിടെ ഗവണ്മെന്റിന്റെ പദ്ധതിയായത് കൊണ്ട് അത്തരം കാര്യങ്ങളിൽ വലിയ നിയന്ത്രണമില്ലായിരുന്നു എന്നതാണ് സന്തോഷമുള്ള കാര്യം. കൂടെ വർക്ക് ചെയ്യുന്നവരെ പരമാവധി നമ്മൾക്ക് ഇഷ്ടപ്പെട്ടത് പോലെ ഉൾപ്പെടുത്തുവാനുള്ള സാഹചര്യം ഇവിടെ ഉണ്ടായിരുന്നു.

• കൂടുതലായും പുതുമുഖങ്ങൾ

നിലവിലുള്ള താരങ്ങളെ അഭിനയിക്കാനായി വിളിച്ചു കഴിഞ്ഞാൽ അവർക്കെല്ലാവർക്കും കൊടുക്കാൻ നമ്മുടെ കൈയിൽ ഫണ്ട് ഉണ്ടാവണം എന്നില്ല എന്നതായിരുന്നു പുതിയ താരങ്ങളെ വെക്കാനുള്ള ഒരു കാരണം. മറ്റൊന്ന് നമ്മുടെ ഇൻഡസ്ട്രിയിൽ ഈ കഥാപാത്രങ്ങൾക്ക് ചേരുന്ന ആളുകൾ നിലവിലില്ല എന്നതും വേറൊരു കാരണമാണ്. ഇപ്പോൾ അഭിനയിച്ചവർ തന്നെയാണ് ആ കഥാപാത്രങ്ങൾ ചെയ്യാൻ കൃത്യമായി ചേരുന്നത്. അതവർ അങ്ങേയറ്റം ഭംഗിയായി ചെയ്യുകയും ചെയ്തു. മുൻപ് പറഞ്ഞതുപോലെ അത് പ്രേക്ഷകരിലേക്ക് എത്തുന്നില്ല എന്നതാണ് വിഷമം. അതുകൊണ്ടുതന്നെ സിനിമ തിയേറ്ററിൽ നിന്നും എടുത്തുമാറും മുൻപ് എല്ലാവരും സിനിമ കാണണം എന്ന് ആഗ്രഹിക്കുന്നു.

• വേണ്ടത്ര പ്രേക്ഷകരിലേക്ക് സിനിമ എത്തുന്നില്ല എന്നത് വിഷമകരം

ഇങ്ങനെയൊരു വെല്ലുവിളിയാണ് ഇപ്പോൾ നേരിടുന്നത്. ഈ പ്രശ്നം പരിഹരിക്കുവാനായി പരമാവധി സോഷ്യൽമീഡിയ കാമ്പയിനുകൾ ചെയ്യുന്നുണ്ട്. അതിനുമപ്പുറം ഓൺലൈൻ, പ്രിന്റ്, റേഡിയോ തുടങ്ങി എല്ലാ മാധ്യമങ്ങളിലൂടെയും സിനിമയെ മാർക്കറ്റ് ചെയ്യാനായി ശ്രമിക്കുന്നുണ്ട്. പിന്നെ തീർച്ചയായും ഒരു പ്രൈവറ്റ് പ്രൊഡക്ഷൻ ചെയുന്ന പോലെയുള്ള മാർക്കറ്റിങ് ആയിരിക്കില്ലല്ലോ ഇത്തരമൊരു സർക്കാർ പദ്ധതിയിൽ സംഭവിക്കുക.പ്രൈവറ്റ് പ്രൊഡക്ഷന് മാർക്കറ്റ് ചെയ്യാനുള്ള ഫണ്ട് ഒക്കെ ഉണ്ടായിരിക്കും. ഇവിടെ അങ്ങനെയല്ലല്ലോ.പിന്നെ ഈ സിനിമയിൽ വലിയ താരങ്ങളും ഇല്ല. ഇത്തരം ചില കാരണങ്ങൾ കൊണ്ടൊക്കെ സിനിമയെ കൂടുതൽ ആളുകളിലേക്കു എത്തിക്കാനും അല്പം പ്രയാസമാണ്.പിന്നെ ഗവണ്മെന്റിനെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ പദ്ധതിയാണ്. ഗവണ്മെന്റും അതിനെക്കുറിച്ചു കൃത്യമായി പഠിച്ചു വരുന്നതേ ഒള്ളൂ. പുതിയ പുതിയ പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ട് അവർ കൂടുതൽ ആളുകളിലേക്ക് സിനിമയെ എത്തിക്കാൻ ശ്രമിച്ചു വരുന്നുണ്ട്.

• സംവിധായക മാത്രമല്ല ഗാനരചയിതാവ് കൂടിയാണ്.

നമ്മളെല്ലാം പാട്ട് കേൾക്കുന്നവരാണ് സംഗീത ആസ്വാദകരാണ്. അതുപോലെ ഞാനും നല്ലൊരു ആസ്വാദകയാണ്. മ്യൂസിക്ക് വീഡിയോസ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. ഞാൻ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതും ഞാൻ എഴുതി സംവിധാനം ചെയ്ത ചില മ്യൂസിക് വീഡിയോസ് വഴിയാണ്. അത്തരത്തിൽ എന്റെ വർക്കുകൾക്ക് വേണ്ടിയാണ് ഗാനരചന തുടങ്ങുന്നത്.പിന്നെ അടക്കാനാവാത്ത ഒരഭിനിവേഷം സംഗീതത്തോടുള്ളത് കൊണ്ട് പണ്ടുമുതൽക്കെ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. ചാരുലതയുടെയും ഈ സിനിമയുടെയുമെല്ലാം മ്യൂസിക് ഡയറക്ടറായ സുദീപ്, നവീൻ മുല്ലമംഗലം തുടങ്ങിയ ചില ഫാമിലി മെമ്പേഴ്സും സുഹൃത്തുക്കളും ചേർന്ന് സംഗീതത്തെ പരിപോഷിപ്പിക്കുവാനായി ഒരു സംഘടന തുടങ്ങുന്നതൊക്കെ അങ്ങനെയാണ്. അതിന്റെ ഭാഗമായാണ് ബാലേ, ചാരുലത ഒക്കെ സംഭവിച്ചത്. ചാരുലത സംവിധാനം ചെയ്ത ശ്രുതിയാണ് ശ്രുതി ശരണ്യമെന്ന് പലർക്കുമറിയില്ല. വളരെ അവിചാരിതമായി ചാരുലതയിലേക്ക് വന്നെത്തിയവരാണ് അതിൽ വർക്ക് ചെയ്ത ബിജിപാൽ, ബി. കെ ഹരിനാരായണൻ തുടങ്ങിയവരെല്ലാം തന്നെ. കൽക്കട്ടയിലായിരുന്നു ഷൂട്ട് ഒക്കെ. ഏകദേശം 5M ആളുകൾ വർക്ക് കണ്ടു.അതൊക്കെ സന്തോഷം തരുന്നു.

• ഗാനരചന ബി 32 മുതൽ 44 വരെയിലും.

അഞ്ജലി മേനോൻ സംവിധാനം ചെയ്ത 'കൂടെ'(2018) എന്ന ചിത്രത്തിലെ 'തെമ്മാടി തെന്നലേ എന്ന ഗാനത്തിലൂടെയാണ് ആദ്യമായി സിനിമക്ക് വേണ്ടി ഗാനരചന നടത്തുന്നത്. ഞാൻ സംവിധാനം ചെയുന്ന വർക്കിൽ ഗാനരചന നടത്താൻ എനിക്ക് വലിയ ബുദ്ധിമുട്ടില്ല. കഥാപാത്രങ്ങൾ, അവർ ജീവിക്കുന്ന സാഹചര്യം, അനുഭവിക്കുന്ന മാനസികാവസ്ഥകൾ ഇവയെല്ലാം വ്യക്തമായി അറിയുന്നതുകൊണ്ടുതന്നെ എനിക്ക് ഗാനം എഴുതാൻ എളുപ്പമാണ്. അതിനെക്കുറിച്ച് മറ്റാരെയും ബോധ്യപ്പെടുത്തേണ്ട കാര്യവുമില്ല. എന്നാൽ മറ്റൊരു സംവിധായകൻ / സംവിധായിക ആയിരിക്കുമ്പോൾ അവർക്ക് വേണ്ടി എഴുതുക എന്നത് അല്പം ബുദ്ധിമുട്ടാണ്. സംവിധായകൻ വിഭാവനം ചെയ്യുന്നതെന്താണോ ആ സാഹചര്യത്തിലേക്ക് ഗാനത്തെ എത്തിക്കാൻ പ്രയാസം തന്നെയാണ്. പക്ഷേ അത് ചെയ്യാൻ നമ്മൾ തീർച്ചയായും ബാധ്യസ്ഥരുമാണ്. ഇവിടെ ബി 32 മുതൽ 44 വരെ സിനിമയിൽ ഞാൻ സംവിധായക ആയതുകൊണ്ട് ഗാനരചനയിലും വേറെയാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്ക് വന്നില്ല. അതുകൊണ്ടുതന്നെ അതും എളുപ്പമായിരുന്നു.

Tags:    
News Summary - Shruthi Sharanyam Opens Up About Her New Movie ‘B 32 Muthal 44 Vare’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT