‘ഇന്ത്യയും പാകിസ്താനും ഒന്ന്, അതിർത്തികളുണ്ടാക്കിയത് രാഷ്ട്രീയക്കാർ’; പാക് ആരാധികക്ക് സമ്മാനം കൈമാറി ഗായകൻ ദിൽജിത്ത്

ലണ്ടൻ: ഇന്ത്യയും പാകിസ്താനും ഒന്നാണെന്നും അതിർത്തികളുണ്ടാക്കിയത് രാഷ്ട്രീയക്കാരാണെന്നും പഞ്ചാബികൾ എല്ലാവരെയും സ്നേഹിക്കുന്നെന്നും പഞ്ചാബി ഗായകനും നടനുമായ ദിൽജിത്ത് ദോസഞ്ജ്. യു.കെയിൽ ‘ദിൽ-ലുമിനാറ്റി ടൂർ’ സംഗീത പരിപാടിക്കിടെ മാഞ്ചസ്റ്ററിൽ പാകിസ്താനി ആരാധികകക്ക് സമ്മാനം കൈമാറിയ ശേഷമായിരുന്നു ഗായകന്റെ ​പ്രതികരണം. അതിർത്തികൾക്കപ്പുറത്ത് എല്ലാവരെയും സ്ന്നേഹിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്ന ഗായകന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

പരിപാടിക്കിടെ സമ്മാനം കൈമാറുമ്പോൾ ആരാധിക പാകിസ്താനിൽനിന്നാണെന്ന് വെളിപ്പെടുത്തിയതോടെയാണ് ദിൽജിത്തിന്റെ പ്രതികരണം. ‘എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയും പാകിസ്താനും ഒന്നാണ്. അതിർത്തികൾ സൃഷ്ടിക്കുന്നത് രാഷ്ട്രീയക്കാരാണ്. എന്നാൽ, പഞ്ചാബികൾ എല്ലാവരെയും സ്നേഹിക്കുന്നു. ലോകത്തിന്റെ ഏത് കോണിലായാലും പഞ്ചാബി അറിയാവുന്ന ആളുകൾ എല്ലാവരും ഒരുപോലെയാണ്. ഇന്ത്യയിൽനിന്ന് വന്നവർക്കും പാകിസ്താനിൽനിന്ന് വന്നവർക്കും സ്വാഗതം. താൻ ആളുകളുമായി ബന്ധം സ്ഥാപിക്കുന്നത് സംഗീതത്തിലൂടെയാണ്, ദേശീയതയിലൂടെയല്ല’ -ദിൽജിത്ത് പറഞ്ഞു. ദിൽജിത്തിന്റെ വാക്കുകൾ നിറഞ്ഞ കൈയടികളോടെയാണ് കാണികൾ സ്വീകരിച്ചത്.


വിദേശ പര്യടനം കഴിഞ്ഞശേഷം ഒക്ടോബറിൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ദിൽജിത്തിന്റെ സംഗീത ടൂർ ഒരുക്കിയിട്ടുണ്ട്. ഡൽഹി, ഹൈദരാബാദ്, അഹ്മദാബാദ്, പുണെ, ലഖ്നോ, കൊൽക്കത്ത, ബംഗളൂരു, ഇൻഡോർ, ചണ്ഡിഗഢ്, ഗുവാഹത്തി എന്നിവിടങ്ങളിലാണ് പരിപാടികൾ. സണ്ണി ഡിയോളും വരുൺ ധവാനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ബോർഡർ 2’ എന്ന സിനിമയിൽ ദിൽജിത്തും വേഷമിടുന്നുണ്ട്. 

Tags:    
News Summary - 'India and Pakistan are one, borders are made by politicians'; Singer Diljit presents a gift to a Pakistani fan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.