പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രമാണ് കൽക്കി 2898 എ.ഡി. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം വൻ വിജയമായിരുന്നു. സിനിമയുടെ റിലീസിന് പിന്നാലെ കൽക്കിയിലെ പ്രഭാസിന്റെ കഥാപാത്രത്തെ വിമർശിച്ച് ബോളിവുഡ് താരം അർഷാദ് വാർസി എത്തിയിരുന്നു. ചിത്രത്തിൽ അമിതാഭ് ബച്ചൻ ഉഗ്രൻ പ്രകടനമാണ് കാഴ്ചവെച്ചതെന്നും എന്നാൽ പ്രഭാസിന്റെത് കോമാളിയുടേത് പോലെയുണ്ടായിരുന്നുവെന്നാണ് നടൻ പറഞ്ഞത്. ഇത് വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. അർഷാദ് വാർസിക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.
ഇപ്പോഴിതാ ജോക്കർ പരാമർശത്തിന് വിശദീകരണവുമായി നടൻ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ വാക്കുകൾ തെറ്റിദ്ധരിച്ചെന്നും താൻ പ്രഭാസിനെക്കുറിച്ച് ആയിരുന്നില്ല പറഞ്ഞതെന്നും അർഷാദ് പറഞ്ഞു. അദ്ദേഹം മികച്ച നടനാണെന്നും കൂട്ടിച്ചേർത്തു.
'എല്ലാവർക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. അത് തുറന്നു പറയനും ഇഷ്ടമായിരിക്കും. ഞാൻ പ്രഭാസിന്റെ കഥാപാത്രത്തെക്കുറിച്ചാണ് പറഞ്ഞത്. അല്ലാതെ അദ്ദേഹത്തെക്കുറിച്ചല്ല. പ്രഭാസ് മികച്ച നടനാണ്. പലപ്പോഴും അദ്ദേഹം അത് തെളിയിച്ചിട്ടുള്ളതുമാണ്. നമുക്ക് അത് അറിയാം. പക്ഷേ നല്ല നടന് മോശം കഥാപാത്രം നല്‍കുന്നത് പ്രേക്ഷകരുടെ നെഞ്ച് തകർക്കും.
ഇന്ത്യൻ സിനിമയിൽ ഭാഷാ വ്യത്യാസമില്ല. ആരെങ്കിലും ബോളിവുഡ് അല്ലെങ്കിൽ ടോളിവുഡ് തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുമ്പോൾ എനിക്ക് ശരിക്കും ദേഷ്യം തോന്നും.ഞാൻ പലരെയും പലതവണ തിരുത്തിയിട്ടുണ്ട്. ഞങ്ങൾ എല്ലാവരും ഒന്നിച്ചാണ്. ഞാനൊരു സിനിമ സംവിധാനം ചെയ്യുമ്പോൾ, എല്ലാ ഭാഷകളിലുള്ള താരങ്ങളെയും ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു. സിനിമയിൽ ഭാഷ അപ്രധാനമാണ്'- അർഷാദ് വാർസി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.