ഡൽഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഡൽഹിയിൽ പ്രഖ്യാപിച്ചു. കോവിഡ് കാരണം അനിശ്ചിതമായി കാലതാമസം നേരിട്ട പുരസ്കാരങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. 2019 മുതലുള്ള സിനിമകൾക്കാണ് പുരസ്കാരങ്ങൾ നൽകിയത്.11 പുരസ്കാരങ്ങളാണ് ഇത്തവണ മലയാള സിനിമക്ക് ലഭിച്ചത്. മികച്ച സിനിമയായി മലയാളത്തിൽ നിന്നുള്ള 'മരക്കാർ അറബിക്കടലിന്‍റെ സിംഹം' തിരെഞ്ഞടുക്കപ്പെട്ടു. പ്രിയദർശനാണ് സംവിധാനം. മറ്റ് രണ്ട് പുരസ്കാരങ്ങളും മരക്കാറിന് ലഭിച്ചു. മികച്ച വസ്ത്രാലങ്കാരം (സുജിത്, സായി) വിഎഫ്എക്സ് (സിദ്ധാർഥ് പ്രിയദർശൻ) എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.
സജിൻബാബു സംവിധാനംചെയ്ത മലയാള സിനിമയായ ബിരിയാണിക്ക് പ്രത്യേക പരാമർശം ലഭിച്ചു. മികച്ച മലയാള സിനിമ രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ളനോട്ടം ആണ്. മികച്ച സിനിമാട്ടോഗ്രാഫി പുരസ്കാരവും മലയാളത്തിനാണ്. ജല്ലിക്കെട്ടിനായി കാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് പുരസ്കാരം. മികച്ച ഗാനരചയിതാവ് പ്രഭാവർമയാണ്, സിനിമ കോളാമ്പി. മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത്, സിനിമ ഹെലൻ (മലയാളം). ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മാത്തുകുട്ടി സേവിയറും നേടി. 'ഒരു പാതിരാ സ്വപ്നം പോലെ' എന്ന മലയാള ചിത്രം മികച്ച കുടുംബമൂല്യങ്ങളുള്ള സിനിമക്കുള്ള പുരസ്കാരം നേടി.
മികച്ച സംവിധായകൻ സഞ്ചയ് പുരം സിങ് ചൗഹാനാണ്. സിനിമ 72 ഹൂറയ്ൻ (ഹിന്ദി).സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകം സഞ്ജയ് സൂരി എഴുതിയ 'എ ഗാന്ധിയൻ അഫയർ: ഇന്ത്യാസ് ക്യൂരിയസ് പോർട്രയൽ ഓഫ് ലവ് ഇൻ സിനിമ'ക്കാണ്. മികച്ച ചലച്ചിത്ര നിരൂപകൻ സോഹിനി ഛത്തോപാധ്യായാണ്. മികച്ച തമിഴ് സിനിമ വെട്രിമാരൻ സംവിധാനം ചെയ്ത അസുരനാണ്.
മികച്ച നടൻമാരായി ധനുഷിനേയും മനോജ് ബാജ്പേയിയേയും തെരഞ്ഞെടുത്തു. അസുരനിലെ അഭിനയമാണ് ധനുഷിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഭോസ്ലെ എന്ന സിനിമയിലെ അഭിനയത്തിനാണ് മനോജ്ബാജ്പേയ് പുരസ്കാരം നേടിയത്. മികച്ച നടി കങ്കണ റണാവത്താണ്, സിനിമ മണികർണിക, പങ്ക. തമിഴ് നടൻ വിജയ് സേതുപതിക്ക് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു, സിനിമ സൂപ്പർ ഡീലക്‌സ്. സിനിമ സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തെരഞ്ഞെടുത്തു. മികച്ച സംഗീത സംവിധാനം ഡി ഇമാനാണ്, സിനിമ വിശ്വാസം (തമിഴ്). മലയാളിയായ റസൂൽപൂക്കുട്ടിക്കാണ് മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരം.
ഫീച്ചർ വിഭാഗം പുരസ്കാരങ്ങൾ
മികച്ച പണിയ ഫിലിം: കെഞ്ചിറ
മികച്ച തമിഴ് ചിത്രം: അസുരൻ
മികച്ച ഹിന്ദി സിനിമ: ചിചോർ
മികച്ച ആക്ഷൻ സംവിധാനം: അവാനെ ശ്രീമണ്ണാരായണ (കന്നഡ)
മികച്ച നൃത്തസംവിധാനം: മഹർഷി (തെലുങ്ക്)
പ്രത്യേക ജൂറി അവാർഡ്: ഒത്ത സെരുപ്പ് വലുപ്പം 7 (തമിഴ്)
മികച്ച നിർമ്മാണ ഡിസൈൻ: ആനന്ദി ഗോപാൽ (മറാത്തി)
മികച്ച എഡിറ്റിംഗ്: ജേഴ്സി (തെലുങ്ക്)മികച്ച ഓഡിയോഗ്രഫി: ഐവ്ഡു (ഖാസി)
മികച്ച തിരക്കഥ (യഥാർഥം): ജ്യേഷ്‌തോപുത്രോ (ബംഗാളി)
മികച്ച തിരക്കഥ (അഡാപ്റ്റഡ്): ഗുംനാമി (ബംഗാളി)
മികച്ച തിരക്കഥ (ഡയലോഗുകൾ): താഷ്‌കന്‍റ ഫയൽസ് (ഹിന്ദി)
മികച്ച വനിതാ ഗായിക: ബാർഡോയ്ക്ക് (മറാത്തി) സവാനി രവീന്ദ്ര
മികച്ച പുരുഷ ഗായകൻ: ബി.പ്രാക് (ഹിന്ദി) കേസാരി
മികച്ച ബാലതാരം: കെഡിക്ക് (തമിഴ്) നാഗാ വിശാൽ
മികച്ച സഹനടി: താഷ്‌കന്‍റ് ഫയൽസ് (ഹിന്ദി) പല്ലവി ജോഷി
മികച്ച സഹനടൻ: സൂപ്പർ ഡീലക്‌സ് (തമിഴ്) വിജയ് സേതുപതി
മികച്ച കുട്ടികളുടെ സിനിമ: കസ്തൂരി (ഹിന്ദി)
പരിസ്ഥിതിയെക്കുറിച്ചുള്ള മികച്ച ചിത്രം: വാട്ടർ ബരിയൽ (മോൺപ)
സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള മികച്ച ചിത്രം: ആനന്ദി ഗോപാൽ (മറാത്തി)
മികച്ച മികച്ച ജനപ്രിയ സിനിമ: മഹർഷി (തെലുങ്ക്)
നോൺ-ഫീച്ചർ ഫിലിം വിഭാഗം പുരസ്കാരങ്ങൾ
മികച്ച വിവരണം: വൈൽഡ് കർണാടക- ഡേവിഡ് ആറ്റൻബറോ.
മികച്ച സംഗീത സംവിധാനം: ക്രാന്തി ദർശി ഗുരുജിക്ക് ബിഷാജ്യോതി - സമയത്തിന് മുന്നിൽ (ഹിന്ദി)
മികച്ച എഡിറ്റിംഗ്: ഷട്ട് അപ്പ് സോന -അർജുൻ ഗൗരിസാരിയ (ഹിന്ദി / ഇംഗ്ലീഷ്)
മികച്ച ഓഡിയോഗ്രഫി: രാധ (മ്യൂസിക്കൽ)
മികച്ച ഛായാഗ്രഹണം: സോൻസി- സവിത സിംഗ് (ഹിന്ദി)
മികച്ച സംവിധാനം: നോക്ക് നോക്ക് നോക്ക്- സുധാൻഷു സരിയ (ഇംഗ്ലീഷ് / ബംഗാളി)
കുടുംബ മൂല്യങ്ങളെക്കുറിച്ചുള്ള മികച്ച ചിത്രം: ഒരു പാതിര സ്വപ്‌നം പോലെ (മലയാളം)
മികച്ച ഹ്രസ്വ ചിത്രം: കസ്റ്റഡി (ഹിന്ദി / ഇംഗ്ലീഷ്)
മികച്ച ആനിമേഷൻ ഫിലിം: രാധ (മ്യൂസിക്കൽ)
മികച്ച അന്വേഷണാത്മക ചിത്രം: ജക്കൽ (മറാത്തി)
മികച്ച വിദ്യാഭ്യാസ സിനിമ: ആപ്പിൾ ആൻഡ് ഓറഞ്ച് (ഇംഗ്ലീഷ്)
സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള മികച്ച ചിത്രം: ഹോളി റൈറ്റ്സ് (ഹിന്ദി), ലഡ്‌ലി (ഹിന്ദി)
മികച്ച പരിസ്ഥിതി സിനിമ: സ്റ്റോർക്ക് സേവ്യേഴ്സ് (ഹിന്ദി)
മികച്ച പ്രമോഷണൽ ഫിലിം: ദി ഷവർ (ഹിന്ദി)
മികച്ച കലാസാംസ്കാരിക സിനിമ: ശ്രീക്ഷേത്ര-റു-സാഹിജാത (ഒഡിയ)
മികച്ച സംവിധായക അരങ്ങേറ്റം: ഖിസ (മറാത്തി) നായി -രാജ് പ്രീതം
കൊച്ചി: മരക്കാർ അറബിക്കടലിെൻറ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തിന് മികച്ച സിനിമക്കുള്ള ദേശീയ അവാർഡ് കിട്ടിയതിെൻറ സന്തോഷം പങ്കുവെച്ച് സംവിധായകൻ പ്രിയദർശൻ. വർഷങ്ങളായി തെൻറയും മോഹൻലാലിെൻറയും സ്വപ്നമായിരുന്നു മരക്കാർ എന്ന ചിത്രമെന്ന് അദ്ദേഹം പറഞ്ഞു.
മലയാള സിനിമക്ക് താങ്ങാൻ പറ്റാത്ത ബജറ്റുമൂലം കാത്തിരുന്ന് കാത്തിരുന്ന് അവസാനം ഒരു നിർമാതാവ് (ആൻറണി പെരുമ്പാവൂർ) അതിെൻറ റിസ്ക് എടുക്കാൻ തയാറായതുകൊണ്ട് മാത്രം സിനിമയുണ്ടായി. അങ്ങനെ നമ്മുടെ ഒരു വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. പിന്നീട് അതിനും മുകളിൽ ഇങ്ങനെയൊരു അംഗീകാരംകൂടി കിട്ടിയപ്പോഴുള്ള സന്തോഷം ചെറുതല്ല. ഒരു വാണിജ്യ സിനിമക്കുകിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണിത്. സാധാരണ ആർട്ട് വിഭാഗത്തിൽപെട്ട സിനിമകൾക്കാണ് ഇത്തരം അംഗീകാരങ്ങൾ കിട്ടുന്നത്.
കമേഴ്സ്യൽ സിനിമക്ക് ഈ പുരസ്കാരം കിട്ടിയത് വലിയൊരു നേട്ടമാണ്. നേരത്തേ ഇതേ വിഭാഗത്തിൽ തമിഴ് ചിത്രമായ കാഞ്ചീവരത്തിന് പുരസ്കാരം കിട്ടിയിട്ടുണ്ടെങ്കിലും അതൊരു റിയലിസ്റ്റിക് സിനിമയായിരുന്നു. ഇപ്പോൾ അവാർഡ് ഒരു മലയാള ചിത്രത്തിന് തന്നെ കിട്ടിയെന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും അദ്ദേഹം മാധ്യമത്തോട് പറഞ്ഞു.
ലോക്ഡൗൺ മൂലം എല്ലാംകൊണ്ടും മന്ദഗതിയിലായ സിനിമ മേഖലക്ക് വലിയ ഉണർവുണ്ടാക്കാൻ ഈ അവാർഡിന് കഴിയും. മേയ് 13ന് തിയറ്ററിലെത്തുന്ന സിനിമ ഇനി പ്രേക്ഷകരുടെ കൈയിലാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
അംഗീകാരം അനിലിന് –സജിൻ ബാബു
സംവിധാനത്തിന് പ്രത്യേക ജൂറി പരാമർശമാണ് സജിൻ ബാബുവിന് ലഭിച്ചത്
തിരുവനന്തപുരം: ആദ്യമായി ലഭിച്ച ദേശീയ അംഗീകാരം അന്തരിച്ച നടൻ അനിൽ നെടുമങ്ങാടിന് സമർപ്പിക്കുെന്നന്ന് സംവിധായകൻ സജിൻ ബാബു. സംവിധാനത്തിന് പ്രത്യേക ജൂറി പരാമർശമാണ് സജിൻ ബാബുവിന് ലഭിച്ചത്. അവാർഡിനർഹമായ 'ബിരിയാണി' എന്ന സിനിമയിൽ അനിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നെടുമങ്ങാട് ആനാടിനടുത്തുള്ള കൂപ്പ് എന്ന അധികമാരും അറിയാത്ത ഗ്രാമത്തിൽനിന്ന് സിനിമാലോകത്ത് എത്തിയ തനിക്ക് ദേശീയ അവാർഡ് കിട്ടിയപ്പോൾ ലഭിക്കുന്ന ആത്മവിശ്വാസം വളരെ വലുതാണെന്ന് സജിൻ ബാബു പറഞ്ഞു. മതദുരാചാരങ്ങളെ തുറന്നുകാട്ടുന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കനി കുസൃതിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. അമ്പതിലേറെ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ബിരിയാണിക്ക് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.
മാർച്ച് 26ന് ചിത്രം റിലീസ് ചെയ്യും. എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണിതെന്നും സജിൻ ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.