തിരുവനന്തപുരം: എട്ട് ദിവസം നീണ്ടുനിന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഔദ്യോഗികമായി സമാപനമായി. ബ്രസീലിയൻ ചിത്രം ‘മലു’ മികച്ച സിനിമക്കുള്ള സുവര്‍ണചകോരം സ്വന്തമാക്കി. പെഡ്രോ ഫ്രെയര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഫർശദ് ഹാഷ്മിക്കും(മികച്ച സംവിധായകൻ) ക്രിസ്ടോബൽ ലിയോണിനും(മികച്ച നവാഗത സംവിധായകൻ) രജതചകോരവും ലഭിച്ചു.
68 രാജ്യങ്ങളിൽനിന്നുള്ള 177 ചിത്രങ്ങളാണ് ഇത്തവണ മേളയിൽ പ്രദർശിപ്പിച്ചത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സംവിധായിക പായല്‍ കപാഡിയക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് സമ്മാനം. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്കാരങ്ങള്‍ സ്വന്തമാക്കി.
മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമായ സിനിമക്ക് 20 ലക്ഷം രൂപയാണ് സമ്മാനം. രജത ചകോരത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹത നേടുന്ന നവാഗത സംവിധാന പ്രതിഭക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് നേടിയ ഇന്ത്യയിലെ മികച്ച നവാഗത സംവിധാന പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും പ്രേക്ഷക പുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും ലഭിക്കും. സമാപന ചടങ്ങിനു ശേഷം സുവര്‍ണ ചകോരം നേടിയ ചിത്രം നിശാഗാന്ധിയില്‍ പ്രദര്‍ശിപ്പിക്കും.
വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാര്‍ദ് ആണ് അന്താരാഷ്ട്ര മല്‍സര വിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്‌സണ്‍. ജോര്‍ജിയന്‍ സംവിധായിക നാനാ ജോജാദ്‌സി, ബൊളീവിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ മാര്‍ക്കോസ് ലോയ്‌സ, അര്‍മീനിയന്‍ സംവിധായകനും നടനുമായ മിഖായേല്‍ ഡോവ്‌ലാത്യന്‍, ആസാമീസ് സംവിധായകന്‍ മോഞ്ചുള്‍ ബറുവ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.